/kalakaumudi/media/media_files/2025/09/26/maruti-2025-09-26-16-21-57.jpg)
ന്യൂഡല്‍ഹി: നവരാത്രി ആരംഭിച്ചത് മുതല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്ക് വമ്പന്‍ വില്‍പ്പനയാണ് നേടാനാകുന്നത്. ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ നവരാത്രിയുടെ ഒന്നാം ദിവസമായിരുന്ന സെപ്റ്റംബര്‍ 22-നാണ് രാജ്യത്ത് പുതിയ ജിഎസ്ടി 2.0 സമ്പ്രദായം പ്രാബല്യത്തില്‍ വന്നത്. അതിന് ശേഷം ഇതുവരെ മാരുതി 80000 യൂണിറ്റിലധികം വാഹനങ്ങള്‍ വിറ്റഴിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് പകുതിയോടെ പ്രധാനമന്ത്രി ജിഎസ്ടി കുറയുമെന്ന് പ്രഖ്യാപിച്ചതോടെ കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്തവര്‍ ഇത് പ്രാബല്യത്തില്‍ വരാന്‍ കാത്തിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ആദ്യ വാരം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നികുതി വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കി. ഇതോടെ കാര്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ സെപ്റ്റംബര്‍ 22-ന് ശേഷം ഷോറൂമിലേക്ക് ഒഴുകിയതാണ് വില്‍പ്പന കുത്തനെ കൂടാന്‍ കാരണമായത്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഈ ഉത്സവകാലം ഒരു സുവര്‍ണാവസരമായി മാറിയിരിക്കുന്നു. നേരത്തെ 28-31 ശതമാനവും 43-50 ശതമാനവും ആയിരുന്ന നികുതി നിരക്കുകള്‍ 18 ശതമാനമായും 40 ശതമാനമായുമാണ് കുറച്ചത്. ഈ ഇളവ് പലരും കാത്തിരുന്ന ഒന്നായിരുന്നു. ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള 'സുവര്‍ണ്ണാവസരമാണ്' ഇതെന്നാണ് വാഹന നിര്‍മാതാക്കള്‍ പറയുന്നത്.
ഓരോ ദിവസവും കാറുകളെ കുറിച്ച് അന്വേഷിക്കാനായി മാരുതിയെ ബന്ധപ്പെടുന്നവരുടെ എണ്ണം ഏകദേശം ഇരട്ടിയോളം വരുന്ന 80,000 ആയി ഉയര്‍ന്നു. സാധാരണ ഇത് 40,000-45,000 ആയിരുന്നു. ബുക്കിംഗുകള്‍ പ്രതിദിനം 18,000 കടന്നു. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയുടെ നെടുംതൂണായ ചെറിയ കാറുകളാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം എന്നതും കൗതുകകരമാണ്. ചെറിയ കാര്‍ വിഭാഗത്തില്‍ വലിയ മുന്നേറ്റമാണ് കാണുന്നതെന്ന് മാരുതി സുസുക്കി അറിയിച്ചു.
എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ രാജ്യത്തുടനീളം ബുക്കിംഗില്‍ 50 ശതമാനം വര്‍ധനവുണ്ടായി. ചെറു പട്ടണങ്ങളിലും ഗ്രാമീണ വിപണികളിലും ബുക്കിംഗുകള്‍ സാധാരണത്തെ അപേക്ഷിച്ച് ഇരട്ടിയായി. വളരെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം മാരുതി സുസുക്കിക്ക് ചില മോഡലുകള്‍ക്ക് വിതരണം ചെയ്യാന്‍ പ്രയാസം നേരിട്ടേക്കാം. ബ്രെസ, ഡിസയര്‍, ബലേനോ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്. ചില വേരിയന്റുകള്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് മാരുതി സുസുക്കി ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും, നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. ഉത്പാദനം ഒറ്റരാത്രികൊണ്ട് വര്‍ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍, ഉത്സവ സീസണില്‍ തന്നെ ഡെലിവറി ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഫിനാന്‍സിംഗ് ഉറപ്പാക്കാന്‍ കമ്പനി നിര്‍ദേശിച്ചു. നവരാത്രിയുടെ ആദ്യ ദിവസം 30,000 വാഹനങ്ങള്‍ വിറ്റഴിച്ച ശേഷവും വില്‍പ്പനയില്‍ വലിയ മുന്നേറ്റമാണ് കാണുന്നത്.
ജിഎസ്ടി 2.0 നടപ്പാക്കിയതോടെ മാരുതി സുസുക്കി കാറുകള്‍ക്ക് 1.30 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്. ജിഎസ്ടി ആനുകൂല്യം മുഴുവനായി ഉപഭോക്താക്കള്‍ക്ക് കൈമാറാനുള്ള തീരുമാനം ആദ്യമായി വാഹനം വാങ്ങുന്നവരെ മുതല്‍ ഫാമിലി കാര്‍ അപ്ഗ്രേഡര്‍മാര്‍ വരെയുള്ളവര്‍ക്ക് വന്‍ ലാഭമാണ് നേടിക്കൊടുക്കുന്നത്. ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേകിച്ച് ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്ക് ഈ വിലക്കുറവ് നിര്‍ണായകമാകും.