ഒക്ടോബറില്‍ 16,082 യൂണിറ്റ് വില്‍പ്പനയുമായി 5.99 ലക്ഷത്തിന്റെ മാരുതി കാര്‍

സെപ്റ്റംബറില്‍ 13,173 ആളുകളാണ് ബലേനോ വാങ്ങിപ്പോയത്. അങ്ങനെ നോക്കുമ്പോള്‍ പ്രതിമാസ വില്‍പ്പനയിലും നേട്ടമുണ്ടാക്കാന്‍ വാഹനത്തിനായിട്ടുണ്ടെന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് ആശ്വസിക്കാനാവുന്ന കാര്യമാണ്.

author-image
Biju
New Update
baleno

എസ്യുവി സെഗ്മെന്റില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുവാനായി രണ്ട് വര്‍ഷം മുമ്പ് മാരുതി സുസുക്കി ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലുകളായിരുന്നു ജിംനിയും ഫ്രോങ്ക്സും. 2023 ഓട്ടോ എക്‌സ്‌പോയിലൂടെ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഏവരുടേയും കണ്ണ് ഐക്കണിക് ഓഫ്-റോഡറായ ജിംനിയിലായിരുന്നുവെന്ന് വേണം പറയാന്‍. 

കൂപ്പെ സ്‌റ്റൈലില്‍ എത്തിയ ഫ്രോങ്ക്സ് ആ ഹൈപ്പില്‍ മുങ്ങിപ്പോയിരുന്നുവെങ്കിലും വിപണിയിലെത്തിയപ്പോള്‍ സര്‍പ്രൈസ് ഹിറ്റടിച്ചത് ഈ കോംപാക്ട് എസ്യുവിയായിരുന്നു. ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ സെഗ്മെന്റില്‍ പണികഴിപ്പിച്ച മോഡല്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ബലേനോയുടെ ഏതാണ്ട് അതേ വില നിലവാരത്തില്‍ എത്തിയതോടെ പലരും ഹാച്ച്ബാക്കിന്റെ വിധിയെഴുതുകയും ചെയ്തിരുന്നു.

ഫ്രോങ്ക്സ് പോലൊരു എസ്യുവി മോഡല്‍ ഉള്ളപ്പോള്‍ ആരെങ്കിലും ബലേനോ വാങ്ങുമോ എന്നതായിരുന്നു അത്. എന്നാല്‍ ഇത്തരം വാദങ്ങളെല്ലാം പൊളിച്ചുകൊണ്ട് ബലേനോ ഒരു കള്‍ട്ട് ഫാമിലി കാറാണെന്നത് തെളിയിച്ചു. പല മാസങ്ങളിലും ഫ്രോങ്ക്സിനേക്കാള്‍ വില്‍പ്പന നേടി ടോപ്പ് 10 കാറുകളുടെ പട്ടികയിലെ സ്ഥിര സാന്നിധ്യമായി ബലേനോ ഇപ്പോഴും വിലസുകയാണ്. 2025 ഒക്ടോബര്‍ മാസത്തിലും വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയാണ് മോഡല്‍ കുതിക്കുന്നത്.

കഴിഞ്ഞ മാസം പ്രീമിയം ഹാച്ച്ബാച്ചിന്റെ 16,873 യൂണിറ്റുകളാണ് മാരുതി സുസുക്കി നിരത്തിലെത്തിച്ചത്. 2024 ഒക്ടോബര്‍ മാസത്തെ 16,082 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 5 ശതമാനത്തിന്റെ വര്‍ധനവാണ് ബലേനോയുടെ വില്‍പ്പനയിലുണ്ടായിരിക്കുന്നത്. ഉത്സവ സീസണും ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചതും കാരണമാണ് ഇത്രയും ഉയര്‍ന്ന രീതിയില്‍ വില്‍പ്പന നേടാന്‍ കമ്പനിക്ക് സാധിച്ചിരിക്കുന്നത്. ഒപ്പം ഫ്രോങ്ക്‌സ് ശ്രമിച്ചാല്‍ പോലും ബലേനോയോടുള്ള സ്‌നേഹം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് തെളിയിക്കാനും ഈ കണക്കുകള്‍ക്ക് സാധിച്ചു.

സെപ്റ്റംബറില്‍ 13,173 ആളുകളാണ് ബലേനോ വാങ്ങിപ്പോയത്. അങ്ങനെ നോക്കുമ്പോള്‍ പ്രതിമാസ വില്‍പ്പനയിലും നേട്ടമുണ്ടാക്കാന്‍ വാഹനത്തിനായിട്ടുണ്ടെന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് ആശ്വസിക്കാനാവുന്ന കാര്യമാണ്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ ടോപ്പ് സെല്ലിംഗ് മോഡലായ ബലേനോയ്ക്ക് 5.99 ലക്ഷം രൂപ മുതല്‍ 9.10 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്.