മാരുതിയുടെ ഒന്നാം സ്ഥാനം അപകടത്തിലേക്ക്

2025-ലെ കണക്കുകള്‍ പ്രകാരം മാരുതിയുടെ വിപണി വിഹിതം 39.91 ശതമാനമായി കുറഞ്ഞു. 2021-ല്‍ വിപണിയുടെ 44.91 ശതമാനം കൈവശം വച്ചിരുന്ന സ്ഥാനത്ത് നിന്നാണ് 5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയത്.

author-image
Biju
New Update
maruti cars

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വിപണിയില്‍ കടുത്ത മത്സരം നേരിടുന്നതായി റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി വിപണിയുടെ 40 ശതമാനത്തിലധികം കൈയ്യടക്കി വെച്ച് ഏകാധിപതിയെ പോലെ വാണിരുന്ന കമ്പനിയുടെ ആധിപത്യത്തിന് ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ സ്വദേശി കമ്പനികള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 2025-ലെ കണക്കുകള്‍ പ്രകാരം മാരുതിയുടെ വിപണി വിഹിതം 39.91 ശതമാനമായി കുറഞ്ഞു. 2021-ല്‍ വിപണിയുടെ 44.91 ശതമാനം കൈവശം വച്ചിരുന്ന സ്ഥാനത്ത് നിന്നാണ് 5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയത്. വിപണി വിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും മാരുതിയുടെ മൊത്തം വല്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടായി എന്നതാണ് ശ്രദ്ധേയമായ വസ്തുത.

2025-ല്‍ 2021-നെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം യൂണിറ്റുകള്‍ (37% വര്‍ധന) അധികമായി വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. 18 ലക്ഷത്തിലധികം കാറുകളാണ് കഴിഞ്ഞ വര്‍ഷം മാരുതി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മൊത്തം 22.55 ലക്ഷം കാറുകളാണ് മാരുതി സുസുക്കി ഉത്പാദിപ്പിച്ചത്. ഇതും റെക്കോഡ് ആണ്. കണക്കുകള്‍ ഇങ്ങനെ ആയിട്ടും മാരുതി സുസുക്കിക്ക് എങ്ങിനെ വിപണി വിഹിതം നഷ്ടമാകുന്നുവെന്നായിരിക്കും പലരുടെയും ചിന്ത.

മാരുതി സുസുക്കി വളരുകയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍, മാരുതിയുടെ വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ മറ്റ് കമ്പനികള്‍ വിപണി പിടിക്കുന്നതാണ് വിപണി വിഹിതം കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 193 ശതമാനവും ടാറ്റ മോട്ടോര്‍സ് 71 ശതമാനവുമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വളര്‍ച്ച രേഖപ്പെടുത്തിയത്. മഹീന്ദ്ര ഏകദേശം 4 ലക്ഷം യൂണിറ്റുകള്‍ അധികം വിറ്റപ്പോള്‍ ടാറ്റ 2.3 ലക്ഷം യൂണിറ്റുകളുടെ അധിക നേട്ടമുണ്ടാക്കി.

മറ്റ് ഫോറിന്‍ ബ്രാന്‍ഡുകളായ ടൊയോട്ട, സ്‌കോഡ, ഫോക്‌സ്വാഗണ്‍, എംജി തുടങ്ങിയവയും 2021-ല്‍ നിന്ന് 2025-ല്‍ എത്തിയപ്പോള്‍ വില്‍പ്പനയും അതിനൊപ്പം വിപണി വിഹിതവും ഗണ്യമായി വര്‍ദ്ധിപ്പിച്ചു. പ്രമുഖ കൊറിയന്‍ കമ്പനികളായ ഹ്യുണ്ടായിയും കിയയും വില്‍പ്പനയില്‍ തരക്കേടില്ലാത്ത വളര്‍ച്ച നേടിയെങ്കിലും വിപണി വിഹിതം നഷ്ടപ്പെടുത്തി. അതേസമയം നിസാന്‍, റെനോ, ജീപ്പ് എന്നീ കമ്പനികള്‍ക്ക് വില്‍പ്പനയിലും വിപണി വിഹിതത്തിലും നഷ്ടമാണ് ഉണ്ടായത്.