/kalakaumudi/media/media_files/2025/10/31/n-line-2025-10-31-15-51-33.jpg)
എസ്യുവി വിപണിയിലെ മത്സരം ഓരോ ദിവസം കഴിയുന്തോറും ഏറിവരികയാണ്. പുത്തനൊരു മോഡല്‍ വാങ്ങണമെന്ന് കരുതിയാല്‍ ഏത് വാങ്ങുമെന്ന കണ്‍ഫ്യൂഷനും പലര്‍ക്കും ഉണ്ടാവും. ഇതില്‍ മിഡില്‍ ക്ലാസുകാര്‍ക്ക് ഏറ്റവും പ്രിയം സബ്-4 മീറ്റര്‍ കോംപാക്ട് എസ്യുവികളോടാണ്. ഫാമിലിക്ക് പറ്റിയ വലിപ്പവും ബജറ്റും മൈലേജുമെല്ലാമാണ് ഇവയുടെ പ്രത്യേകതകള്‍. ഇപ്പോഴിതാ എല്ലാവരേയും കൈയിലെടുക്കാനായി പുതുതലമുറ ഹ്യുണ്ടായി വെന്യു (Hyundai Venue) ഒരുങ്ങിക്കഴിഞ്ഞു. നവംബര്‍ നാലിന് അരങ്ങേറ്റം കുറിക്കാന്‍ പോവുന്ന വമ്പന്റെ ഫോട്ടോകളും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ട് ഹൈപ്പുയര്‍ത്തുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍.
ഇപ്പോഴിതാ വെന്യു N ലൈന്‍ പെര്‍ഫോമന്‍സ് എസ്യുവിക്കായുള്ള ബുക്കിംഗും കമ്പനി ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. മുമ്പ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളുടെ ബുക്കിംഗും മറ്റ് വിശദാംശങ്ങളുമാണ് ബ്രാന്‍ഡ് വെളിപ്പെടുത്തിയിരുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ ഗ്ലാമറും സ്‌പോര്‍ട്ടിയറുമായിട്ടാണ് N ലൈന്‍ പതിപ്പിനെ ഹ്യുണ്ടായി ഒരുക്കിയിറക്കിയിരിക്കുന്നത്. ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ പോക്കറ്റിലാക്കാന്‍ ന്യൂജെന്‍ അവതാരത്തിന് എല്ലാത്തരത്തിലും സാധിക്കുമെന്ന് ഉറപ്പിച്ച് പറയാം.
ന്യൂജെന്‍ ഹ്യുണ്ടായി വെന്യു N ലൈന്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് 25,000 രൂപ ടോക്കണ്‍ നല്‍കി എസ്യുവി ഓണ്‍ലൈനായോ ഡീലര്‍ഷിപ്പിലോ ബുക്ക് ചെയ്യാനാവും. പുതുക്കിയ സ്‌പോര്‍ട്ടിയര്‍ വേരിയന്റ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലായി N6, N10 എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. അഞ്ച് മോണോടോണ്‍, മൂന്ന് ഡ്യുവല്‍ ടോണ്‍ സ്‌കീമുകള്‍ ഉള്‍പ്പെടെ 8 കളര്‍ ഓപ്ഷനുകളും ചന്തമേകാനായി എത്തും. മോണോടോണ്‍ ഷേഡുകളില്‍ അറ്റ്‌ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ, ഡ്രാഗണ്‍ റെഡ്, അബിസ് ബ്ലാക്ക്, ഹേസല്‍ ബ്ലൂ എന്നിവയും ഡ്യുവല്‍ ടോണ്‍ പാലറ്റില്‍ അബിസ് ബ്ലാക്ക് റൂഫുള്ള അറ്റ്‌ലസ് വൈറ്റ്, ഹേസല്‍ ബ്ലൂ, ഡ്രാഗണ്‍ റെഡ് എന്നിവയുമാണ് ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളെ അപേക്ഷിച്ച് മോഡിയാക്കാനുള്ള അല്ലറ ചില്ലറ നവീകരങ്ങള്‍ കാണാനാവും.
റെഡ് ഹൈലൈറ്റുകളുള്ള പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, N ലൈന്‍ ലോഗോയുള്ള ഡാര്‍ക്ക് ക്രോം ഗ്രില്‍, ഡാര്‍ക്ക് മെറ്റാലിക് സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, എല്‍ഇഡി സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ബോഡി കളര്‍ വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, N ലൈന്‍ എംബ്ലമുള്ള 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, സൈഡ് സില്‍ ഗാര്‍ണിഷ്, റെഡ് ഹൈലൈറ്റുകളുള്ള റൂഫ് റെയിലുകള്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, പുതിയ സ്പോയിലര്‍, ട്വിന്‍ ടിപ്പ് എക്സ്ഹോസ്റ്റ് എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന ഹൈലൈറ്റുകള്‍. ഇന്റീരിയറിലേക്ക് നോക്കിയാല്‍ വെന്യു N ലൈനിന്റെ അകത്തളം പൂര്‍ണമായും കറുപ്പിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോണ്‍ട്രാസ്റ്റിംഗ് റെഡ് ഹൈലൈറ്റുകള്‍, N ബ്രാന്‍ഡിംഗുള്ള ലെതറെറ്റ് സീറ്റുകള്‍, സെന്റര്‍ കണ്‍സോളിലും ഡാഷ്ബോര്‍ഡിലും റെഡ് ആംബിയന്റ് ലൈറ്റിംഗ്, മെറ്റല്‍ പെഡലുകള്‍, N ലൈന്‍ ഗിയര്‍ നോബ്, സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, ലെവല്‍ 2 ADAS, എന്നിവയാണ് എസ്യുവിയിലെ ഫീച്ചറുകള്‍. കഴിഞ്ഞില്ല, ഇതുകൂടാതെ അരോമ ഡിഫ്യൂസര്‍, OTA അപ്ഡേറ്റുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, 360-ഡിഗ്രി ക്യാമറ, 8-സ്പീക്കര്‍ ബോസ് മ്യൂസിക് സിസ്റ്റം, EPB, TPMS തുടങ്ങിയ മോഡേണ്‍ ഫീച്ചറുകളുടെ സപ്പോര്‍ട്ടും ഹ്യുണ്ടായി വെന്യുവിന്റെ പുത്തന്‍ N ലൈന്‍ വേരിയന്റിലുണ്ടാവും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് എസ്യുവിയുടെ ഹൃദയം.
പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 118 bhp കരുത്തില്‍ പരമാവധി 172 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുന്ന ഹ്യുണ്ടായി വെന്യു N ലൈന്‍ മോഡലിനാവും. പാഡില്‍ ഷിഫ്റ്ററുകള്‍, ഒന്നിലധികം ഡ്രൈവ്, ട്രാക്ഷന്‍ മോഡുകള്‍ എന്നിവയും വാഹനത്തിന്റെ പ്രധാന ഫീച്ചറുകളാണ്. നവംബര്‍ നാലിന് ന്യൂജെന്‍ വെന്യുവിന്റെ ഔദ്യോഗിക അവതരണവും വില പ്രഖ്യാപനവും നടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
