1.30 കോടി രൂപ വില; മനംമയക്കും ഡിഫന്‍ഡര്‍ ട്രോഫി എഡിഷന്‍

'ദി ഒളിമ്പിക്സ് ഓഫ് 4X4' എന്ന് അറിയപ്പെട്ടിരുന്ന ഇവന്റിന് പ്രധാന സ്പോണ്‍സറായിരുന്ന ക്യാമല്‍ സിഗരറ്റ് ബ്രാന്‍ഡില്‍ നിന്നാണ് ആ പേര് ലഭിച്ചത്. 1980-ല്‍ ആമസോണ്‍ ബേസിനില്‍ ജീപ്പ് എസ്യുവികളുമായി മൂന്ന് ജര്‍മ്മന്‍ ടീമുകള്‍ പങ്കെടുത്താണ് മത്സരം അരങ്ങേറിയത്. പിന്നീട്, സംഘാടകരുടെ ഇഷ്ട ബ്രാന്‍ഡ് ആയി മാറിയ ലാന്‍ഡ് റോവറാണ് മത്സരങ്ങള്‍ക്ക് സപ്പോര്‍ട്ട് കാറുകള്‍ നല്‍കിയത്.

author-image
Biju
New Update
defender

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ലക്ഷ്വറി ഓഫ്റോഡര്‍ എസ്യുവിയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. സെലിബ്രിറ്റികളും സമ്പന്നരും യംഗ് പ്രഫഷനലുകളുമെല്ലാം ഈ ലോകോത്തര വാഹനം വാങ്ങാനായി വരിനില്‍ക്കുകയാണ്. ആകര്‍ഷകമായ മാറ്റങ്ങളും പ്രത്യേക ഓഫ്-റോഡ് അനുബന്ധ ഉപകരണങ്ങളുമായി ലാന്‍ഡ് റോവര്‍ ഇന്ത്യ ഡിഫന്‍ഡര്‍ 110 ട്രോഫി എഡിഷന്‍ എസ്യുവി അവതരിപ്പിച്ചു. 1.30 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് ഡിഫെന്‍ഡര്‍ 110 ട്രോഫി എഡിഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്. മുന്‍കാലങ്ങളിലെ ക്ലാസിക് ട്രോഫി എഡിഷന്‍ കാറുകള്‍ക്ക് ആദരമര്‍പ്പിച്ചാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ ജെഎല്‍ആര്‍ കൊണ്ടുവന്നിരിക്കുന്നത്.

ഡിഫെന്‍ഡര്‍ 110 ബോഡി ട്രിമ്മില്‍ ഡീസല്‍ ഓട്ടോമാറ്റിക് പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് ട്രോഫി എഡിഷന്‍ ഓഫര്‍ ചെയ്യുന്നത്. കാറിനെ കുറിച്ച് പറയുന്നതിന് മുമ്പ് നമുക്ക് എന്താണ് ട്രോഫി എഡിഷന്‍ എന്ന് നോക്കാം. ട്രോഫി എഡിഷന്‍, അഥവാ 'ക്യാമല്‍ ട്രോഫി' എന്നത് 1980 മുതല്‍ 2000 വര്‍ഷാവര്‍ഷം നടത്തിപ്പോന്നിരുന്ന ഒരു ഓഫ്-റോഡ് വാഹന മത്സരമായിരുന്നു.

'ദി ഒളിമ്പിക്സ് ഓഫ് 4X4' എന്ന് അറിയപ്പെട്ടിരുന്ന ഇവന്റിന് പ്രധാന സ്പോണ്‍സറായിരുന്ന ക്യാമല്‍ സിഗരറ്റ് ബ്രാന്‍ഡില്‍ നിന്നാണ് ആ പേര് ലഭിച്ചത്. 1980-ല്‍ ആമസോണ്‍ ബേസിനില്‍ ജീപ്പ് എസ്യുവികളുമായി മൂന്ന് ജര്‍മ്മന്‍ ടീമുകള്‍ പങ്കെടുത്താണ് മത്സരം അരങ്ങേറിയത്. പിന്നീട്, സംഘാടകരുടെ ഇഷ്ട ബ്രാന്‍ഡ് ആയി മാറിയ ലാന്‍ഡ് റോവറാണ് മത്സരങ്ങള്‍ക്ക് സപ്പോര്‍ട്ട് കാറുകള്‍ നല്‍കിയത്.

റേഞ്ച് റോവര്‍, ലാന്‍ഡ് റോവര്‍ സീരീസ് III, ലാന്‍ഡ് റോവര്‍ 90, ലാന്‍ഡ് റോവര്‍ 110, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ഫ്രീലാന്‍ഡര്‍ എന്നിവയുള്‍പ്പെടെയുള്ള ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ ഈ മത്സരത്തില്‍ അണിനിരന്നു. ഇവയുടെ 'സാന്‍ഡ്ഗ്ലോ' നിറമാണ് ഡിഫെന്‍ഡര്‍ ട്രോഫി എഡിഷന്റെ പ്രചോദനം. ഡിഫെന്‍ഡര്‍ 110 ട്രോഫി എഡിഷനിലേക്ക് മടങ്ങിവന്നാല്‍ ഇവ ഡീപ് സാന്‍ഡ്‌ഗ്ലോ യെല്ലോ, കെസ്വിക് ഗ്രീന്‍ എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് വാങ്ങാനാകുക.

റൂഫ്, ബോണറ്റ്, മുന്നിലെയും പിന്നിലെയും സ്‌കഫ് പ്ലേറ്റുകള്‍, സൈഡ് ബോഡി ക്ലാഡിംഗ്, വീല്‍-ആര്‍ച്ചുകള്‍ എന്നിവയ്ക്ക് കറുത്ത നിറം നല്‍കിയിട്ടുണ്ട്. ഈ പതിപ്പില്‍ ബോണറ്റിലും സി-പില്ലറിലും ട്രോഫി എഡിഷന്‍ ഡെക്കലുകളും കാണാം. 20 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് റിമ്മുകളോടെ മാത്രമാണ് ഡിഫെന്‍ഡര്‍ 110 ട്രോഫി എഡിഷന്‍ എത്തുന്നത്. ഓള്‍-സീസണ്‍ അല്ലെങ്കില്‍ ഓള്‍-ടെറൈന്‍ ടയറുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഹെവി-ഡ്യൂട്ടി റൂഫ് റാക്ക്, കറുത്ത നിറത്തിലുള്ള ഡെപ്ലോയബിള്‍ സൈഡ് ലാഡര്‍, അധിക സ്റ്റോറേജിനായുള്ള സൈഡ് പാനിയറുകള്‍, കറുത്ത സ്നോര്‍ക്കല്‍ തുടങ്ങിയവ ഓപ്ഷണല്‍ ഓഫ്-റോഡ് ആക്സസറികളും വാങ്ങാനാകും. രണ്ട് പെയിന്റ് സ്‌കീമുകള്‍ക്കും അനുയോജ്യമായ മാറ്റ് പ്രൊട്ടക്റ്റീവ് ഫിലിമും ഓഫറിലുണ്ട്. അകത്തളത്തിലേക്ക് കടന്നാല്‍ എബോണി വിന്‍ഡ്സര്‍ ലെതര്‍ സീറ്റ് അപ്ഹോള്‍സ്റ്ററിയും ട്രോഫി ബ്രാന്‍ഡിംഗുള്ള എല്‍ഇഡി സില്‍ പ്ലേറ്റുകളും കാണാം. ഡാഷ്ബോര്‍ഡിലെ ക്രോസ്ബീം, എക്സ്റ്റീരിയര്‍ കളറിന് അനുസരിച്ച് ലേസര്‍-എച്ച്ഡ് എന്‍ഡ്ക്യാപ്പുകളോടെയാണ് ഒരുക്കിയിരിക്കുന്നത്.

3.0 ലിറ്റര്‍, ഇന്‍ലൈന്‍-സിക്സ്, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഡിഫെന്‍ഡര്‍ 110 ട്രോഫി എഡിഷനിന്റെ ഹൃദയം. 350 hp പവറും 700 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഫോര്‍-വീല്‍ ഡ്രൈവോടെയാണ് ഈ കാര്‍ വരുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 6.4 സെക്കന്‍ഡില്‍ ഇത് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ലാന്‍ഡ് റോവര്‍ അവകാശപ്പെടുന്നു.

പരമാവധി വേഗത മണിക്കൂറില്‍ 191 കിലോമീറ്ററാണ്. ഓഫ്-റോഡ് ശേഷിയും ക്ലാസിക് ഡിഫെന്‍ഡര്‍ സ്റ്റൈലിംഗും വിലമതിക്കുന്നവരെ പുതിയ ട്രോഫി എഡിഷന്‍ ആകര്‍ഷിക്കും. ഭൂട്ടാനില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്ത ക്ലാസിക് വാഹനങ്ങള്‍ വാങ്ങി പുലിവാല്‍ പിടിച്ച സിനിമാ താരങ്ങള്‍ക്ക് ഒരു പുത്തന്‍ മോഡല്‍ വാങ്ങാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

Defender