ഡസ്റ്ററിന്റെ തിരിച്ചുവരവിന് തീയതി കുറിച്ച് റെനോ

റെനോയുടെ നിരവധി യൂറോപ്യന്‍ മോഡലുകള്‍ക്ക് അടിസ്ഥാനമായ അതേ ആര്‍ക്കിടെക്ചര്‍ തന്നെയാണിത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള ബ്രാന്‍ഡിന്റെ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഒറഗഡം പ്ലാന്റിലായിരിക്കും എസ്യുവിയുടെ പണിയും നടക്കുക.

author-image
Biju
New Update
duster 2

ഹ്യുണ്ടായി ക്രെറ്റയ്ക്കും മുമ്പേ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിനെ ഇന്ത്യക്കാര്‍ക്കിടയില്‍ ഫേമസാക്കിയ മോഡലായിരുന്നു റെനോ ഡസ്റ്റര്‍. വില കൊണ്ടും ഡിസൈന്‍ കൊണ്ടും അന്നേവരെ നാം കാണാത്ത കിടിലന്‍ വാഹനമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഒരുകാലത്ത് നിരത്തുകള്‍ നിറയെ കാണാനുണ്ടായിരുന്നത് ഡസ്റ്ററായിരുന്നു. എന്നാല്‍ പതിയെ എതിരാളികളുടെ എണ്ണം കൂടുകയും കാലത്തിനൊത്ത മാറ്റം കൊണ്ടുവരാന്‍ റെനോ മടികാണിക്കുകയും ചെയ്തതോടെ എസ്യുവിയുടെ വില്‍പ്പന നന്നായി കുറഞ്ഞു. ഇപ്പോഴിതാ ഇന്ത്യയിലേക്ക് ഡസ്റ്റര്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി. എന്നാല്‍ കാത്തിരിപ്പുകള്‍ ഇനി അധികം നീളില്ലെന്ന് റെനോ പറയുകയാണ്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ രെനോ ഡസ്റ്റര്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതും 2026 ജനുവരി 26-ന് ഇതിഹാസം പുനര്‍ജനിക്കുമെന്നാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റക്കും മാരുതി ഗ്രാന്‍ഡ് വിറ്റാരക്കും മുന്നില്‍ വാഴാന്‍ എന്ത് മാജിക്കാവും റെനോ കാത്തുവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് എസ്യുവി പ്രേമികള്‍. പുതിയ മോഡല്‍ വാങ്ങാനിരിക്കുന്നവരെല്ലാം തത്ക്കാലം ഡസ്റ്റര്‍ വരുന്നത് വരെ കാത്തിരിക്കുന്നതാവും നല്ലത്.

 നിലവില്‍ അധിക കഠിനമായ മത്സരം നടക്കുന്ന മിഡ്-സൈസ് എസ്യുവി വിഭാഗത്തിലെ കിങ് ഹ്യുണ്ടായി ക്രെറ്റയാണ്. ഇവര്‍ക്ക് പുറമെ മാരുതി സുസുക്കി, മഹീന്ദ്ര, ടൊയോട്ട, കിയ, ടാറ്റ, എംജി, ഹോണ്ട, ഫോക്സ്വാഗണ്‍, സ്‌കോഡ, സിട്രണ്‍ എന്നിവയുള്‍പ്പെടെ നിരവധി നിര്‍മാതാക്കളും മത്സരിക്കുന്നുണ്ട്. ഇവിടെ ഏതുതരത്തിലുള്ള ഫലം നേടാനാവുമെന്നത് ഊഹിച്ചെടുക്കാനാവില്ല. ഇന്ത്യയ്ക്കായുള്ള പുതിയ റെനോ ഡസ്റ്റര്‍ CMF-B മോഡുലാര്‍ പ്ലാറ്റ്ഫോമിന്റെ ഉയര്‍ന്ന പ്രാദേശികവല്‍ക്കരിച്ച പതിപ്പിലാവും നിര്‍മിക്കുക

റെനോയുടെ നിരവധി യൂറോപ്യന്‍ മോഡലുകള്‍ക്ക് അടിസ്ഥാനമായ അതേ ആര്‍ക്കിടെക്ചര്‍ തന്നെയാണിത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള ബ്രാന്‍ഡിന്റെ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഒറഗഡം പ്ലാന്റിലായിരിക്കും എസ്യുവിയുടെ പണിയും നടക്കുക. 5-സീറ്റര്‍, 7-സീറ്റര്‍ മോഡലുകളിലാവും ഇത്തവണ ജനപ്രിയനായ ഡസ്റ്റര്‍ പുനരവതരിക്കുകയെന്നാണ് വിവരം. ഡിസൈന്‍ ആരേയും ആകര്‍ഷിക്കുന്ന വിധത്തിലാവും ഉണ്ടാവുക.

Y ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് യൂണിറ്റ്, പുതിയ രൂപത്തിലുള്ള ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ ബമ്പര്‍, പുതിയ എയര്‍ ഇന്‍ടേക്കുകള്‍ എന്നിവയാണ് മുന്‍വശത്തെ കിടിലമാക്കാനായി എത്തിയിരിക്കുന്നത്. അതേസമയം വശക്കാഴ്ച്ചയില്‍ പരുക്കന്‍ സ്‌റ്റൈല്‍ പിടിക്കാനായി റൂഫ് റെയിലുകളും പ്ലാസ്റ്റിക് വീല്‍ ആര്‍ച്ചുകളും റെനോ സമ്മാനിച്ചിട്ടുണ്ട്. പുതിയ ബ്ലാക്ക്-ഔട്ട് അലോയ് വീലാണ് ശ്രദ്ധേയമായ മറ്റൊരു വശം.

പിന്‍ഭാഗത്ത് Y-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളും ടെയില്‍ഗേറ്റില്‍ റെനോ, ഡസ്റ്റര്‍ ബാഡ്ജുകളുമാണ് ലഭിക്കുക. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ ന്യൂജെന്‍ റെനോ ഡസ്റ്ററിന് മൊത്തത്തില്‍ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീല്‍ബേസുമാണുള്ളത്. ഇന്റീരിയറിലേക്ക് കയറിയാലും ആരേയും മോഹിപ്പിക്കുന്ന രീതിയിലാണ് ഡിസൈനിംഗ് വന്നിരിക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കായി ഇ-ഷിഫ്റ്ററുള്ള ഉയര്‍ന്ന സെന്റര്‍ കണ്‍സോള്‍ പ്രത്യേക ശ്രദ്ധപിടിച്ചുപറ്റും.

ഇതോടൊപ്പം വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ഓപ്പണ്‍ആര്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എയര്‍ വെന്റുകളിലും ഡോര്‍ പാനലുകളിലും വ്യത്യസ്തമായ Y-ആകൃതിയിലുള്ള പാറ്റേണുകള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ടൈപ്പ്-സി പോര്‍ട്ടുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മോഡേണ്‍ ഫീച്ചറുകളും എസ്യുവിയുടെ ഭാഗമാവും.

സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയുണ്ടാവില്ലെന്നാണ് വിവരം. പുതിയ ഡസ്റ്ററില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എഞ്ചിന്‍ വിശദാംശങ്ങള്‍ റെനോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള ഒരു ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനാവും ഡസ്റ്ററിനുണ്ടാവുക.

തുടക്കത്തില്‍ ഉണ്ടാവില്ലെങ്കിലും സമീപ ഭാവിയില്‍ അവതരിപ്പിക്കുന്നതിനായി റെനോ ഡസ്റ്ററിന്റെ ഒരു ഹൈബ്രിഡ് പതിപ്പും വിലയിരുത്തപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയിലെത്താന്‍ മൂന്ന് മാസത്തില്‍ താഴെ മാത്രം ശേഷിക്കെ പുറത്തുവിട്ട ടീസര്‍ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. മാരുതി വിക്ടോറിസും ഹ്യുണ്ടായി ക്രെറ്റയുമെല്ലാം ഒരുങ്ങിയിരിക്കുന്നത് നന്നായിരിക്കും.