/kalakaumudi/media/media_files/2025/12/30/nisan-2025-12-30-09-53-19.jpg)
ഇന്ത്യന്‍ വിപണി ആകാംഷയോടെ കാത്തിരിക്കുന്ന 7 സീറ്റര്‍ എംപിവി മോഡലാണ് നിസാന്‍ ഗ്രാവൈറ്റ്. കുറഞ്ഞ വിലയില്‍ വരുന്ന വാഹനമെന്നതാണ് പ്രധാന ആകര്‍ഷണം. ജനുവരിയില്‍ ഔദ്യോഗിക ലോഞ്ചും മാര്‍ച്ചോടെ ഗ്രാവൈറ്റ് വില്‍പ്പനക്കെത്തും. ലോഞ്ചിന് മുന്നോടിയായി, തമിഴ്‌നാടിലെ റോഡുകളില്‍ പരീക്ഷണയോട്ടം ഊര്‍ജ്ജിതമാണെന്ന് റഷ്ലൈന്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗ്രാവൈറ്റ് നിര്‍മ്മിക്കുന്നത് ചെന്നൈയിലെ റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റിലാണ്. ഫ്രഞ്ച് റെനോയും ജാപ്പനീസ് നിസാനും ദീര്‍ഘകാല സഖ്യത്തിലാണ്. ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയമായ റെനോ ട്രൈബറിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുങ്ങുന്നത്.
നിസാന്‍ ഗ്രാവൈറ്റില്‍ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പ്രതീക്ഷിക്കുന്നത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമായേക്കും. സേഫ്റ്റിക്കായി എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമെന്നാണ് പുതിയ വിവരങ്ങള്‍. കൂടാതെ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, മുന്‍-പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫോളോ മി ഹോം ഹെഡ്ലൈറ്റുകള്‍ എന്നിവയും ഇതിലെ സുരക്ഷാ ഫീച്ചറുകളാണ്.
2026 ജനുവരിയില്‍ വിപണിയിലെത്തുമെന്നും തുടര്‍ന്ന് 2026 മാര്‍ച്ചില്‍ ഷോറൂമില്‍ എത്തുമെന്നുമാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്. CMF-A+ പ്ലാറ്റ്ഫോമില്‍ പണികഴിപ്പിക്കുന്നതിനാല്‍ ടോപ്പ് എന്‍ഡ് വേരിയന്റിന് പോലും 10 ലക്ഷത്തില്‍ താഴെയായിരിക്കും എക്‌സ്‌ഷോറൂം വില വരിക. താങ്ങാനാവുന്ന വിലയില്‍ കോംപാക്ട് 7 സീറ്റര്‍ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ട്രൈബറുമായി നേരിട്ട് മത്സരിക്കാനാണ് ഗ്രാവൈറ്റ് എത്തുന്നത്.
20.32 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സഹിതം), ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റെയിന്‍ വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഗ്രാവൈറ്റിലെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്. നിസാന്‍ ഗ്രാവൈറ്റിന്റെ പ്രാരംഭ വില 5.75 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷ. 8.80 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ആരംഭിക്കുന്ന മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി, ഗ്രാവൈറ്റ് മികച്ച ബദലായി മാറാന്‍ സാധ്യതയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
