അമ്പരക്കാന്‍ റെഡിയായിക്കോ!; 6 ലക്ഷത്തിന്റെ 7-സീറ്റര്‍ എംപിവി വരുന്നു

തമിഴ്നാട്ടിലൂടെ പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് പുതിയ നിസാന്‍ മോഡല്‍ ക്യാമറക്കണ്ണില്‍ പതിഞ്ഞത്. പൂര്‍ണമായി മറച്ച നിലയിലായിരുന്നു ടെസ്റ്റിംഗ്. ഇതാദ്യമായാണ് പുതിയ നിസാന്‍ എംപിവി ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

author-image
Biju
New Update
nissan

ലോകോത്തര വാഹന ബ്രാന്‍ഡ് ആണെങ്കിലും നിസാന്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു സബ് കോംപാക്ട് എസ്യുവിയുടെ കടാക്ഷം കൊണ്ടാണ് നിലനിന്ന് പോകുന്നത്. മാഗനൈറ്റ്, X-ട്രെയില്‍ എന്നീ രണ്ട് എസ്യുവി മോഡലുകളാണ് ജാപ്പനീസ് ബ്രാന്‍ഡ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ഇവയില്‍ മാഗ്‌നൈറ്റിന് മാത്രമാണ് തരക്കേടില്ലാത്ത വില്‍പ്പനയുള്ളത്. ഏകദേശം 1500 മുതല്‍ 2000 യൂണിറ്റ് വരെ പ്രതിമാസം വില്‍പ്പന നേടുന്ന മാഗ്നൈറ്റാണ് നിസാനിന്റെ ഏക അത്താണി. ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കമുള്ള ഫുള്‍സൈസ് എസ്യുവികളെ നേരിടാനായി കൊണ്ടുവന്ന X-ട്രെയില്‍ ഫ്‌ലോപ്പായിരുന്നു.

കംപ്ലീറ്റ്ലി ബില്‍റ്റപ്പ് യൂണിറ്റായി (സിബിയു) ഇറക്കുമതി ചെയ്ത ഭീമന്‍ എസ്യുവിയുടെ വില നിര്‍ണയത്തിലാണ് കമ്പനിക്ക് പാളിയത്. കഴിഞ്ഞ നാല് മാസത്തിനിടെ അതായത് 2025 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ X-ട്രെയില്‍ ചോദിച്ച് ഒരു പൂച്ചക്കുഞ്ഞ് പോലും നിസാന്‍ ഷോറൂമില്‍ കയറിയിട്ടില്ല. അതായത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒറ്റ X-ട്രെയില്‍ പോലും വിറ്റുപോയിട്ടില്ല. വൈകിയാണെങ്കിലും ഒരു മോഡലിനെ വെച്ച് കമ്പനി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് നിസാനിന് വന്നുവെന്നാണ് തോന്നുന്നത്.

വില്‍പ്പനയും വിപണി വിഹിതവും മെച്ചെപ്പെടുത്താനായി കൂടുതല്‍ മാസ് മാര്‍ക്കറ്റ് കാറുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് നിസാന്‍. ഇതിന്റെ ഭാഗമായി കുറഞ്ഞ വിലയിലുള്ള ഒരു എംപിവിയും എസ്യുവിയും പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇവയുടെ ടീസര്‍ ചിത്രങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനി പുറത്തുവിട്ടിരുന്നു. ഇതില്‍ പറഞ്ഞ എംപിവി റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന നിസാന്‍ റീബാഡ്ജ് പതിപ്പായിരിക്കും.

അടുത്തിടെ നിസാനിന്റെ ഈ 7 സീറ്റര്‍ എംപിവി ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'kodaivik' എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിലൂടെ പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് പുതിയ നിസാന്‍ മോഡല്‍ ക്യാമറക്കണ്ണില്‍ പതിഞ്ഞത്. പൂര്‍ണമായി മറച്ച നിലയിലായിരുന്നു ടെസ്റ്റിംഗ്. ഇതാദ്യമായാണ് പുതിയ നിസാന്‍ എംപിവി ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് റെനോ 7-സീറ്റര്‍ എംപിവി മുഖംമിനുക്കി വിപണിയില്‍ എത്തിയത്. കുറഞ്ഞ വിലയില്‍ വമ്പന്‍ പരിഷ്‌കാരങ്ങളുമായി എത്തിയ ട്രൈബറിന് മികച്ച സ്വീകാര്യതയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. വരാന്‍ പോകുന്ന നിസാന്‍ എംപിവിയുടെ ടെസ്റ്റ് മ്യൂള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ഡിസൈനില്‍ റെനോ മോഡലുമായി സാമ്യതകള്‍ കാണാം.

ഇരുമോഡലുകളെയും വേര്‍തിരിച്ചറിയാനുള്ള ചില പരിഷ്‌കാരങ്ങള്‍ ഒഴികെ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ട. ട്രൈബറില്‍ നിന്ന് വ്യത്യസ്തമായ ഗ്രില്ലും ബമ്പറുമുള്ള ഫ്രഷ് ഫ്രണ്ട് ഫാസിയയാകും നിസാന്‍ മോഡലിന് ലഭിക്കുക. നിസാനിന്റെ ന്യൂ ഏജ് ഡിസൈന്‍ ഫിലോസഫിയില്‍ വരുന്ന മോഡലിന്റെ നാമം ബോണറ്റിന് മുകളിലായിരിക്കും ആലേഖനം ചെയ്യുക. ടെക്ടോണില്‍ ഇതേ രീതിയിലാണ് ബാഡ്ജിംഗ് നല്‍കിയിരിക്കുന്നത്.
എംപിവിക്ക് റെനോ ട്രൈബറിലെ 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും തുടിപ്പേകുക. ഈ എഞ്ചിന്‍ 71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നു. NA പെട്രോള്‍ എഞ്ചിനിന്റെ കൂടെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും 7 സീറ്റര്‍ എംപിവിയില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ അതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല. നിസാനിന്റെ പുതിയ എംപിവിയില്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ തുടങ്ങിയ ഫീച്ചറുകളും നല്‍കിയേക്കും. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാനായി എംപിവിയുടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ സജ്ജീകരിക്കും. പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ മറ്റ് സേഫ്റ്റി ഫീച്ചറുകളും ഇതില്‍ ലഭ്യമായേക്കും. ചെന്നൈയിലെ പ്ലാന്റിലായിരിക്കും ഈ കാര്‍ നിര്‍മ്മിക്കുക.

ജൂലൈയില്‍ 6.29 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ് പുറത്തിറങ്ങിയത്. ജിഎസ്ടി ഇളവുകളെ തുടര്‍ന്ന് നിലവില്‍ 5.76 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. നിസാന്‍ എംപിവിക്ക് ഏകദേശം 6 ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. ഈ വിലയില്‍ വന്നാല്‍ എംപിവി സെഗ്മെന്റ് ലീഡറായ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് വലിയ ക്ഷീണം സൃഷ്ടിച്ചേക്കും. ഏതായാലും ലോഞ്ച് അടുക്കുന്ന മുറയ്ക്ക് നിസാന്‍ പുതിയ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടും.