/kalakaumudi/media/media_files/2025/04/23/Luf3z9ymxDf0zy4kWjl2.png)
ഭവിഷ് അഗർവാളിന്റെ ഓല ഇലക്ട്രിക് വീണ്ടും പ്രശ്‌നത്തിൽ അകപ്പെട്ടു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവേശം വർദ്ധിച്ചുവരുന്ന കാലം മുതൽ, ഓല ഇലക്ട്രിക് പോലുള്ള കമ്പനികൾ അതിവേഗം പുരോഗമിക്കുകയായിരുന്നു . എന്നാൽ തുടക്കം മുതൽ ഒല പല പ്രശ്‍നങ്ങളിലും അകപ്പെട്ടു. ഇപ്പോൾ മഹാരാഷ്ട്ര സർക്കാരിന്റെ കർശന നടപടികളും ഓല ഇലക്ട്രിക്കിന് വലിയ തിരിച്ചടിയായി.
ഒല ഇലക്ട്രിക്കിന്റെ നിരവധി ഷോറൂമുകൾ മഹാരാഷ്ട്ര ഗതാഗത വകുപ്പ് അടച്ചുപൂട്ടിയതായാണ് റിപ്പോട്ടുകൾ. സാധുവായ ട്രേഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓല ഇലക്ട്രിക്കിന്റെ സ്റ്റോറുകളും സർവീസ് സെന്ററുകളും അടച്ചുപൂട്ടാൻ മഹാരാഷ്ട്ര ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർടിഒകൾക്ക് നിർദ്ദേശം നൽകി.
മഹാരാഷ്‍ട്രയിലെ 146 ഓല ഇലക്ട്രിക് ഔട്ട്‌ലെറ്റുകളിൽ 121 എണ്ണം സാധുവായ സർട്ടിഫിക്കറ്റുകളില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും 75 എണ്ണം അടച്ചുപൂട്ടാൻ നിർബന്ധിതരായെന്നും ആർടിഒ അധികൃതർ കണ്ടെത്തിയതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിനുപുറമെ നിരവധി ഇലക്ട്രിക് സ്‍കൂട്ടറുകളും പിടിച്ചെടുത്തതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ ടെസ്റ്റ് ഡ്രൈവിനായി ഏതെങ്കിലും വാഹനം വിൽക്കുന്നതിനോ പ്രദർശിപ്പിക്കുന്നതിനോ നിർബന്ധമായ ട്രേഡ് സർട്ടിഫിക്കറ്റ് ഈ ഡീലർഷിപ്പുകൾക്ക് ഇല്ലാത്തതിനാലാണ് ഈ നടപടി സ്വീകരിച്ചത്. ഏതൊരു ഷോറൂമിനും വാഹനങ്ങൾ വിൽക്കാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനും അനുവദിക്കുന്ന ഒരു സർക്കാർ അനുമതിയാണ് ട്രേഡ് സർട്ടിഫിക്കറ്റുകൾ. അതില്ലാതെ വാഹനം വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് നിയമപരമായ കുറ്റമാണ്.
മഹാരാഷ്ട്രയിലെ ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എല്ലാ ആർടിഒ ഉദ്യോഗസ്ഥർക്കും 24 മണിക്കൂറിനുള്ളിൽ അത്തരം എല്ലാ ഡീലർഷിപ്പുകളുടെയും ലോഗിൻ ഐഡികൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് അയയ്ക്കണം.
ലംഘനം നടത്തുന്ന ഷോറൂമുകളുടെ നില അപ്ഡേറ്റ് ചെയ്യും. 2025 മാർച്ചിൽ മഹാരാഷ്ട്ര ഗതാഗതവകുപ്പ് സാധുവായ ട്രേഡ് സർട്ടിഫിക്കേഷനുകൾ ഇല്ലാത്ത ഡീലർമാർക്കും ഷോറൂമുകൾക്കുമെതിരെ നടപടി ആരംഭിച്ചു. തുടക്കത്തിൽ ഓല ഇലക്ട്രിക്കിന്റെ 450-ലധികം സ്റ്റോറുകൾ ഈ നിയമം ലംഘിച്ചതായി കണ്ടെത്തി.
മുംബൈയിലെയും പൂനെയിലെയും ചില സ്റ്റോറുകൾക്ക് സർട്ടിഫിക്കേഷൻ ഇല്ലായിരുന്നു എന്നാണ് റിപ്പോട്ടുകൾ. സെൻട്രൽ മോട്ടോർ വാഹന നിയമപ്രകാരം, വാഹനങ്ങളുടെ വിൽപ്പനയ്ക്കും വിതരണത്തിനും എല്ലാ ഡീലർഷിപ്പുകൾക്കും ഒരു ബിസിനസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ ട്രേഡ് സർട്ടിഫിക്കറ്റ് ഷോറൂമുകളിൽ പ്രദർശിപ്പിക്കേണ്ടതുണ്ട്. രാജ്യത്തുടനീളം ഇലക്ട്രിക് വൈദ്യുത വാഹന ശൃംഖല വികസിപ്പിക്കാൻ ഓല ഇലക്ട്രിക് ശ്രമിക്കുന്ന സമയത്താണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം.
ഇലക്ട്രിക് വാഹനങ്ങളുടെ ഒരു പ്രധാന വിപണിയാണ് മഹാരാഷ്ട്ര. അത്തരം തടസങ്ങൾ കമ്പനിയുടെ വിൽപ്പനയെയും ബ്രാൻഡ് ഇമേജിനെയും ബാധിക്കും.