മുംബൈ: റോൾസ് റോയ്സ് മോട്ടോർ കാർസിന്റെ ഏറ്റവും പുതിയ ആഡംബര എസ്.യു.വി കള്ളിനൻ സീരീസ് II ഇന്ത്യയിൽ വിപണിയിലേക്കെത്തുന്നു. കള്ളിനൻ സീരീസ് II-ൻ്റെ ഇന്ത്യയിലെ അരങ്ങേറ്റം ഏഷ്യ പസഫിക് മേഖലയിൽ റോൾസ് റോയ്‌സിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2018ൽ ആദ്യം അവതരിപ്പിച്ചതു മുതൽ ഈ കാറിന് യുവാക്കളും വൈവിദ്ധ്യമാർന്നതുമായ ഏറെ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റോൾസ് റോയ്സ് മോഡൽ കൂടിയാണ് കള്ളിനൻ.
ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഈ മോഡൽ കസ്റ്റമൈസ് ചെയ്യാനുള്ള അവസരങ്ങളുണ്ടെന്ന് റോൾസ് റോയ്സ് മോട്ടോർ കാർസ് ഏഷ്യ-പസഫിക് റീജിയണൽ ഡയറക്ടർ ഐറിൻ നിക്കെയ്ൻ പറഞ്ഞു. റോൾസ് റോയ്സ് മോട്ടോർ കാർസ് ചെന്നൈയിലും ന്യൂഡൽഹിയിലുമാണ് കള്ളിനന്റെ പുതിയ മോഡലുകൾ ലഭ്യമാകുക. കള്ളിനൻ സീരീസ് II, ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും.വാഹനത്തിന്റെ വില 10.50 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്.