4 പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ സുസുക്കി

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന ജാപ്പനീസ് മൊബിലിറ്റി ഷോയിലാണ് സുസുക്കി നാല് ഇന്ത്യന്‍ നിര്‍മിത മോഡലുകള്‍ പ്രദര്‍ശിപ്പിക്കുക. ജിംനി നൊമാഡ്, ഇ വിറ്റാര, ഫ്രോങ്സ് ഫ്ളക്സ് ഫ്യുവല്‍, വിക്ടോറിസ് സിബിജി എന്നിവയാണ് സുസുക്കി അവതരിപ്പിക്കുക

author-image
Biju
New Update
jeep

ഇന്ത്യയില്‍ നിര്‍മിക്കുന്ന നാലു മോഡലുകള്‍ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനൊരുക്കി സുസുക്കി. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന ജാപ്പനീസ് മൊബിലിറ്റി ഷോയിലാണ് സുസുക്കി നാല് ഇന്ത്യന്‍ നിര്‍മിത മോഡലുകള്‍ പ്രദര്‍ശിപ്പിക്കുക. ജിംനി നൊമാഡ്, ഇ വിറ്റാര, ഫ്രോങ്സ് ഫ്ളക്സ് ഫ്യുവല്‍, വിക്ടോറിസ് സിബിജി എന്നിവയാണ് സുസുക്കി അവതരിപ്പിക്കുക. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള സുസുക്കിയുടെ മാറ്റത്തിന്റെ സൂചനകള്‍ കൂടിയാണ് ഈ വാഹനങ്ങളെന്നതും ശ്രദ്ധേയമാണ്. 

ജിംനി നൊമാഡ്

ഓഫ് റോഡ് വാഹനമായ ജിംനിയുടെ ഇന്ത്യന്‍ നിര്‍മിത 5 ഡോര്‍ മോഡലാണ് ജിംനി നൊമാഡ്. വലിപ്പത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ കാര്യമായ മാറ്റങ്ങളില്ല ജിംനി നൊമാഡില്‍. ജപ്പാനു വേണ്ടിയുള്ള ജിംനി നൊമാഡില്‍ അഡാസ് സുരക്ഷാ ഫീച്ചറുകള്‍ കൂടിയുണ്ട്. എങ്കിലു പവര്‍ട്രെയിന്‍ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്. ഫോര്‍ വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേഡായി എത്തുന്നു. മാരുതി സുസുക്കിയുടെ ഫാക്ടറികള്‍ നിര്‍മ്മിക്കുന്ന ജിംനി നൊമാഡ് നൂറോളം രാജ്യങ്ങളിലേക്ക് കയമറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വിപണിയേക്കാള്‍ വിദേശ വിപണികളില്‍ പ്രത്യേകിച്ച് ജപ്പാനില്‍ സൂപ്പര്‍ഹിറ്റാണെന്ന അപൂര്‍വതയും ജിംനിക്കുണ്ട്. 

ഇ വിറ്റാര 

സുസുക്കിയുടെ ആദ്യ ഇലക്ട്രിക്ക് എസ്യുവിയെന്ന പേരില്‍ പ്രസിദ്ധമാണ് ഇ വിറ്റാര. മാരുതിയുടെ ഗുജറാത്ത് പ്ലാന്റിലാണ് നിര്‍മാണം. ഇ വിറ്റാരയും ഇന്ത്യയില്‍ നിന്നും നൂറോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 49കിലോവാട്ട്, 61 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍. വലിയ ബാറ്ററിയില്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സുരക്ഷ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല വിദേശ വിപണികള്‍ കൂടി ലക്ഷ്യമിട്ടാണ് സുസുക്കി ഇ വിറ്റാരയെ അവതരിപ്പിച്ചത്. 

ഫ്രോങ്സ് ഫ്ളക്സ് ഫ്യുവല്‍

ഫ്ളക്സ് ഫ്യുവല്‍ ഫ്രോങ്സിന്റെ കണ്‍സെപ്റ്റ് മോഡലും സുസുക്കി ജാപ്പനീസ് മൊബിലിറ്റി ഷോയിലെത്തിക്കും. ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ന്ന പെട്രോളിലും സഞ്ചരിക്കാന്‍ സാധിക്കുന്ന മോഡലാണിത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഫ്രോങ്സില്‍ പെട്രോളിനൊപ്പം എഥനോള്‍ 20 ശതമാനം വരെ കലര്‍ത്താന്‍ സാധിക്കും. 1.2 ലീറ്റര്‍ പെട്രോള്‍, സിഎന്‍ജി, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 

എഥനോള്‍ 85 ശതമാനം വരെ ചേര്‍ത്ത പെട്രോളിലും ഫ്രോങ്സ് ഫ്ളക്സ് ഫ്യുവല്‍ വാഹനം ഓടും. ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ലോകത്തെ കരിമ്പ് കൃഷിയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീലിന് ഉപ ഉത്പന്നമായ എഥനോള്‍ സുലഭമാണെന്നതാണ് കാരണം. പ്രാദേശികമായ ലഭ്യമായ എഥനോളിനെ പെട്രോളിയത്തേക്കാള്‍ ആശ്രയിക്കുകയെന്ന ആശയമാണ് ഫ്ളക്സ് ഫ്യുവല്‍ വാഹനങ്ങളുടെ പ്രധാന സാധ്യത. 

വിക്ടോറിസ് സിബിജി

ഇന്ത്യയില്‍ സെപ്തംബര്‍ മുതല്‍ വിപണിയിലുള്ള വിക്ടോറിസിന്റെ കംപ്രസ്ഡ് ബയോ ഗ്യാസ്(സിബിജി) മോഡലായിരിക്കും സുസുക്കി ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിക്കുക. പെട്രോള്‍, സിഎന്‍ജി, ഹൈബ്രിഡ്, ഇലക്ട്രിക്ക് തുടങ്ങിയ പവര്‍ട്രെയിനുകള്‍ക്കൊപ്പം കംപ്രസ്ഡ് ബയോ ഗ്യാസിനെ കൂടി കൊണ്ടുവരാനാണ് സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ശ്രമം. 

സിഎന്‍ജി വാഹനങ്ങളുടേതിന് സമാനമായ യന്ത്രഭാഗങ്ങളോടെയാണ് സിബിജി മോഡലും എത്തുക. സിഎന്‍ജി വകഭേദത്തില്‍ ഉപയോഗിക്കുന്ന 87എച്ച്പി, 121.5എന്‍എം, 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് സിബിജി മോഡലിലും ഉപയോഗിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 2024ല്‍ മാരുതിയുടെ ഇന്ത്യയിലെ മനേസര്‍ പ്ലാന്റില്‍ മാരുതി സുസുക്കി പൈലറ്റ് ബയോഗ്യാസ് പ്ലാന്റ് ആരംഭിച്ചിരുന്നു.