കൂടുതല്‍ ലക്ഷ്വറിയായി ടാറ്റയുടെ സ്‌റ്റൈലന്‍ കൂപ്പെ എസ്യുവി

പുതിയ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍, പുതിയ ഇന്റീരിയര്‍ തീം, അപ്‌ഹോള്‍സ്റ്ററി മെറ്റീരിയല്‍ എന്നിവ ഉള്‍പ്പെടുന്ന മാറ്റങ്ങളാണ് കര്‍വ്, കര്‍വ് ഇവി മോഡലുകളിലേക്ക് എത്തിയിരിക്കുന്നത്. എസ്യുവിയുടെ ICE പതിപ്പിലെ അക്കംപ്ലീഷ്ഡ് ട്രിമ്മിലാണ് നവീകരങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.

author-image
Biju
New Update
tata curv

ഇന്ത്യയില്‍ കൂപ്പെ എസ്യുവി ബോഡി സ്‌റ്റൈലുമായി എത്തിയ ടാറ്റ മോട്ടോര്‍സിന്റെ മിടുക്കനായിരുന്നു കര്‍വ്. എന്നാല്‍ കമ്പനി പ്രതീക്ഷിച്ചത്ര വരവേല്‍പ്പ് ലംബോര്‍ഗിനി ഉറൂസിന്റെ സ്‌റ്റൈല്‍ സ്വീകരിച്ച കര്‍വിന് നേടിയെടുക്കാനായില്ല. ഇലക്ട്രിക്കിലും പെട്രോളിലും ഡീസലിലും വണ്ടി വാങ്ങാനാവുമെന്നത് പലരേയും മോഹിപ്പിച്ചുവെങ്കിലും പരമ്പരാഗത സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ വാങ്ങാന്‍ തന്നെയായിരുന്നു ആളുകള്‍ക്ക് ഇഷ്ടം. എന്തായാലും ടാറ്റയുടെ ഈ മിടുക്കനെ ആളുകള്‍ വേഗം തിരിച്ചറിയുമെന്ന വിശ്വാസത്തിലാണ് കമ്പനി. ഇപ്പോഴിതാ വാഹനത്തിലേക്ക് ചെറിയൊരു നവീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്.

പുറത്തുനിന്നും നോക്കിയാല്‍ മനസിലാവാത്തൊരു മാറ്റമാണ് കൂപ്പെ എസ്യുവിയിലേക്ക് എത്തിയിരിക്കുന്നത്. സംഭവം എന്താണെന്ന് പറഞ്ഞുതരാം. പുതിയ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍, പുതിയ ഇന്റീരിയര്‍ തീം, അപ്‌ഹോള്‍സ്റ്ററി മെറ്റീരിയല്‍ എന്നിവ ഉള്‍പ്പെടുന്ന മാറ്റങ്ങളാണ് കര്‍വ്, കര്‍വ് ഇവി മോഡലുകളിലേക്ക് എത്തിയിരിക്കുന്നത്. എസ്യുവിയുടെ ICE പതിപ്പിലെ അക്കംപ്ലീഷ്ഡ് ട്രിമ്മിലാണ് നവീകരങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.

അതേസമയം കര്‍വ് ഇവിയുടെ എംപവേര്‍ഡ്, അക്കംപ്ലീഷ്ഡ് ട്രിമ്മുകളിലും പുതിയ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ലഭ്യമാണ്. ICE, ഇവി എന്നിവയില്‍ ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ സീറ്റുകള്‍ക്കുള്ള സീറ്റ് വെന്റിലേഷന്‍, റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡുകള്‍, ഇന്റഗ്രേറ്റഡ് കപ്പ് ഹോള്‍ഡറുകളുള്ള ഒരു ആംറെസ്റ്റ്, ഡാഷ്ബോര്‍ഡിലുടനീളം ഒരു പുതിയ വൈറ്റ് കാര്‍ബണ്‍ ഫൈബര്‍ ട്രിം തുടങ്ങിയ പുതിയ സവിശേഷതകളും കൂപ്പെ എസ്യുവിക്ക് ലഭിക്കുന്നു.

കൂടാതെ, ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി ലഭിക്കുന്ന ഒരു പുതിയ ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീമും വാഹനത്തിന് സമ്മാനിച്ചിട്ടുണ്ട് ടാറ്റ മോട്ടോര്‍സ്. എസ്യുവിയുടെ ഇലക്ട്രിക് പതിപ്പില്‍ ഒരു വിങഡ് ഹെഡ്റെസ്റ്റും ഫൂട്ട്റെസ്റ്റായി പ്രവര്‍ത്തിക്കാന്‍ എലിവേറ്റഡ് ഫ്‌ലോര്‍ബോര്‍ഡും ഒരുക്കിയിട്ടുണ്ട് കമ്പനി. കര്‍വ് ശ്രേണിയിലെ ഇന്റീരിയര്‍ സ്‌പേസും മെച്ചപ്പെടുത്തിയതായി ടാറ്റ അവകാശപ്പെടുന്നു.

മുമ്പ് സിംഗിള്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളായിരുന്നു എസ്യുവിയിലുണ്ടായിരുന്നത്. ഇതൊഴികെ വാഹനത്തിലേക്ക് മറ്റ് പരിഷ്‌ക്കാരങ്ങളൊന്നും ബ്രാന്‍ഡ് കൊണ്ടുവന്നിട്ടില്ല. ഇലക്ട്രിക്, ICE എഞ്ചിനുകളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ വികസിപ്പിച്ചെടുത്ത അഡാപ്റ്റീവ് ടെക്-ഫോര്‍വേഡ് ലൈഫ് സ്‌റ്റൈല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കര്‍വ് പണികഴിപ്പിച്ചിരിക്കുന്നത്.