/kalakaumudi/media/media_files/2025/11/21/ivco-2025-11-21-15-42-04.jpg)
മുംബൈ: ഇറ്റാലിയന്‍ ട്രക്ക്-ബസ് നിര്‍മാണക്കമ്പനിയായ ഇവേക്കോ ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള ടാറ്റ മോട്ടോഴ്‌സ് വാണിജ്യവിഭാഗത്തിന്റെ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്റെ അനുമതിയായി. അതേസമയം, ഇവേക്കോയുടെ പ്രതിരോധവാഹന വിഭാഗത്തിന്റെ വില്‍പ്പനയുടെ അടിസ്ഥാനത്തിലാകും ഇടപാട് പൂര്‍ത്തിയാക്കാനാകുക.
പ്രതിരോധവാഹനവിഭാഗം ഏറ്റെടുക്കാന്‍ ഇറ്റാലിയന്‍ ഗ്രൂപ്പായ ലിയനാര്‍ഡോ രംഗത്തുവന്നിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സുമായുള്ള ഇടപാടില്‍ പ്രതിരോധവാഹന വിഭാഗം ഉള്‍പ്പെടുന്നില്ല. ഇറ്റലിയിലെ ആഗ്‌നെല്ലി കുടുംബത്തില്‍നിന്ന് 450 കോടി ഡോളറിനാണ് (ഏകദേശം 39,000 കോടി രൂപ) ഇന്‍വെകോയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
സിഎന്‍എച്ച് ഇന്‍ഡസ്ട്രിയലില്‍ നിന്ന് വേര്‍പിരിഞ്ഞ് 2022 ജനുവരി ഒന്നിനാണ് ഇവേക്കോ ഔദ്യോഗികമായി നിലവില്‍ വന്നത്. ആംസ്റ്റര്‍ഡാമില്‍ ആസ്ഥാനമുള്ള ഒരു ഡച്ച് കമ്പനിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ഇറ്റലിയിലെ ടൂറിന്‍ ആസ്ഥാനമാക്കിയാണ് നടക്കുന്നത്.
വിശാലമായ അന്താരാഷ്ട്ര സാന്നിധ്യം കാരണമാണ് ഇവേക്കോ ടാറ്റ മോട്ടോഴ്സിന് പ്രധാനപ്പെട്ടതാകുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് 30-ല്‍ അധികം രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്.
ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ പടിഞ്ഞാറന്‍ യൂറോപ്പിലെ വികസിത വിപണികള്‍ മുതല്‍ ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഐവറി കോസ്റ്റ് തുടങ്ങിയ ആഫ്രിക്കയിലെ വളര്‍ന്നുവരുന്ന സാമ്പത്തിക വിപണികളിലും തെക്കേ അമേരിക്കയിലും വരെ ഇവേക്കോയ്ക്ക് സാന്നിധ്യമുണ്ട്. ഇത്, സ്വന്തമായി പ്രവേശിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്ന വിപണികളിലേക്ക് ടാറ്റ മോട്ടോഴ്സിന് പെട്ടെന്ന് പ്രവേശനം സാധ്യമാക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
