മനംമയക്കും ലുക്കുമായി സിയറ എസ്‌യുവി

പുതിയ ടാറ്റ സിയറയില്‍ ബോഡി ക്ലാഡിംഗ്, ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, 5-ഡോര്‍ ഫോര്‍മാറ്റ് എന്നിവ കാണാം. ഇത് പഴയ 3-ഡോര്‍ ലേഔട്ടില്‍ നിന്ന് വ്യത്യസ്തമാണ്.

author-image
Biju
New Update
suv

ഈ മാസം 25-ാം തീയതിയാണ് ടാറ്റ മോട്ടോര്‍സ് സിയറ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. കാത്തിരിക്കു ആ തീയതി അടുത്തടുത്ത് വരുമ്പോള്‍ ടാറ്റ ആരാധകരെ കോരിത്തരിപ്പിക്കുന്ന അപ്ഡേറ്റുകളാണ് ടാറ്റ നല്‍കിക്കൊണ്ടിരിക്കുന്നത്. ടീസര്‍ വീഡിയോകള്‍ക്ക് പിന്നാലെ പുത്തന്‍ ടാറ്റ സിയറ എസ്യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി പുറത്തുവന്ന ചിത്രങ്ങളില്‍ ഒറിജിനല്‍ സിയറയില്‍ നിന്ന് കടംകൊണ്ട ഐതിഹാസികമായ ആല്‍പൈന്‍-വിന്‍ഡോ സിലൗറ്റ് വളരെ ആകര്‍ഷകമായി കാണപ്പെടുന്നു. മാത്രമല്ല ലോഞ്ച് കളറുകളായി യെല്ലോയും റെഡും ഉണ്ടാകുമെന്ന കാര്യവും ചിത്രങ്ങള്‍ ഉറപ്പിക്കുന്നു.

പുതിയ ടാറ്റ സിയറയില്‍ ബോഡി ക്ലാഡിംഗ്, ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, 5-ഡോര്‍ ഫോര്‍മാറ്റ് എന്നിവ കാണാം. ഇത് പഴയ 3-ഡോര്‍ ലേഔട്ടില്‍ നിന്ന് വ്യത്യസ്തമാണ്. വശങ്ങളില്‍, പഴയ സിയറയിലെ വീതിയേറിയ ഗ്ലാസ് റാപ്-എറൗണ്ട് റിയര്‍ ഫിനുകള്‍ നിലനിര്‍ത്തിയതിനൊപ്പം മോഡേണ്‍ ഭാവവും എസ്യുവി സ്റ്റാന്‍സും ചേര്‍ത്തിട്ടുണ്ട്.

കണക്റ്റഡ് എല്‍ഇഡി ഡേലൈറ്റ് സ്ട്രിപ്പ്, ലോവര്‍ മൗണ്ടഡ് ക്വാഡ്-എലമെന്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബമ്പറിന്റെ അരികുകളിലായി സ്ഥാപിച്ചിട്ടുള്ള വെര്‍ട്ടിക്കല്‍ ഫോഗ് ലാമ്പുകള്‍, ടെക്സ്ചര്‍ ചെയ്ത ഗ്രില്‍ എന്നിവയടങ്ങുന്ന ടാറ്റാ സിയറയുടെ ഫ്രണ്ട് ഫാസിയ പുതിയ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. ബോള്‍ഡ് ജ്യോമെട്രി ഉപയോഗിച്ച് ഓള്‍ഡ് സ്‌കൂള്‍ എസ്യുവി ഘടകങ്ങള്‍ ഈ ഡിസൈനില്‍ സമര്‍ത്ഥമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സണ്‍റൈസ് യെല്ലോ, പാഷന്‍ റെഡ് എന്നീ രണ്ട് നിറങ്ങള്‍ ടാറ്റാ സിയറയുടെ ഔദ്യോഗിക ചിത്രങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ രണ്ടും കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫും മിറര്‍ ക്യാപ്പുകളുമായാണ് വരുന്നത്. 19 ഇഞ്ച് അലോയ് വീലുകളും 245-സെക്ഷന്‍ ടയറുകളും മുമ്പത്തെ ടീസറുകളില്‍ കണ്ടിരുന്നു. പ്രീമിയം എസ്യുവി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള വീതിയും ഉയരവും എസ്യുവിക്കുണ്ട്.

വാഹനത്തിന്റെ അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ട്രിപ്പിള്‍-സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്. ഡ്രൈവര്‍ക്കായി 10.25 ഇഞ്ച് യൂണിറ്റും ഇന്‍ഫോടെയ്ന്‍മെന്റിനും ഫ്രണ്ട് സീറ്റിലെ പാസഞ്ചര്‍ക്കുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളുമുണ്ട്. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, അഡ്വാന്‍സ്ഡ് കണക്റ്റിവിറ്റി ഫീച്ചറുകള്‍, ADAS എന്നിവയോടൊപ്പം മറ്റ് നിരവധി പ്രീമിയം ഫീച്ചറുകളും സിയറയില്‍ ലഭ്യമാകും.

പുതിയ സിയറയുടെ പവര്‍ട്രെയിനിനെ കുറിച്ച് യാതൊരു വിവരവും ടാറ്റ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഏകദേശം 170 PS പവറും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ TGDi പെട്രോള്‍ എഞ്ചിനും, കര്‍വിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സിയറയുടെ ഇലക്ട്രിക് പതിപ്പില്‍ ടാറ്റയുടെ നെക്സ് ജെന്‍ ആര്‍ക്കിടെക്ചര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും അവതരണ ചടങ്ങില്‍ വെച്ച് കമ്പനി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.