ആരും വാങ്ങാനില്ല; വില്‍പന കൂട്ടാന്‍ ലക്ഷങ്ങളുടെ ഡിസ്‌കൗണ്ടുമായി ടെസ്‌ല

മോഡല്‍ വൈ എസ് യു വിയുടെ വിതരണത്തിനെത്തിച്ച ആദ്യ ബാച്ച് വിറ്റുപോകാത്തതു കൊണ്ടുതന്നെ അവസാന അടവുമായി കളത്തിലിറങ്ങിയിരിക്കുകയാണ് ടെസ്ല. രണ്ടു ലക്ഷം രൂപ വരെ ഇളവാണ് വാഹനത്തിനു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

author-image
Biju
New Update
tesla

ന്യൂഡല്‍ഹി: നീണ്ട കാത്തിരിപ്പിന്റെയും വലിയ ആഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ടെസ്ല ഇന്ത്യയിലെത്തിയത്. എന്നാല്‍ നനഞ്ഞ പടക്ക സമാനമാണ് കാര്യങ്ങള്‍. അമേരിക്കന്‍ കമ്പനി ഇന്ത്യയില്‍ വില്‍പനയ്ക്കെത്തിച്ച മോഡല്‍ വൈ യ്ക്ക് വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ തുറന്നെങ്കിലും നിരാശയായിരുന്നു ഫലം. മോഡല്‍ വൈ എസ് യു വിയുടെ വിതരണത്തിനെത്തിച്ച ആദ്യ ബാച്ച് വിറ്റുപോകാത്തതു കൊണ്ടുതന്നെ അവസാന അടവുമായി കളത്തിലിറങ്ങിയിരിക്കുകയാണ് ടെസ്ല. രണ്ടു ലക്ഷം രൂപ വരെ ഇളവാണ് വാഹനത്തിനു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.  

ജൂലൈയില്‍ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് കാലെടുത്തു വച്ച ടെസ്ല, രാജ്യത്തെ വാഹന ഉപഭോക്താക്കളുടെ അഭിരുചി മനസിലാക്കി മോഡല്‍ വൈ എന്ന എസ് യു വിയാണ് ആദ്യം വില്‍പനയ്ക്ക് എത്തിച്ചത്. 300 യൂണിറ്റുകളാണ് ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏകദേശം 200 എണ്ണം മാത്രമേ കമ്പനിയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും ബാക്കിയുള്ളവ കെട്ടികിടക്കുകയാണെന്നുമാണ് റിപോര്‍ട്ടുകള്‍. ഈ വാഹനങ്ങള്‍ എത്രയും പെട്ടെന്ന് വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോള്‍ മോഡല്‍ വൈ യ്ക്ക് വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റു ഇലക്ട്രിക് വാഹന നിര്‍മാതാക്കളെ അപേക്ഷിച്ച് വില്‍പനയില്‍ ഏറെ പിന്നിലാണെന്നതും ഈ ഇളവിന് പിന്നിലെ പ്രധാന കാരണമായി കരുതാം. 

ടെസ്ലയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവികളിലൊന്നായ മോഡല്‍ വൈ റിയല്‍ വീല്‍ ഡ്രൈവ്, ലോങ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ്, ലോങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ വിവിധ പതിപ്പുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ റിയര്‍വീല്‍ ഡ്രൈവ്, റിയര്‍വീല്‍ ഡ്രൈവ് ലോങ് റേഞ്ച് എന്നീ മോഡലുകള്‍ മാത്രം. റിയല്‍വീല്‍ ഡ്രൈവിന് 500 കിലോമീറ്ററാണ് ഡബ്ല്യുഎല്‍ടിപി റേഞ്ച്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. സൂപ്പര്‍ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 15 മിനിറ്റില്‍ 238 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ലഭിക്കും. ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവ് മോഡലിന്റെ ഡബ്ല്യുഎല്‍ടിപി റേഞ്ച് 622 കിലോമീറ്ററാണ്. 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 5.6 സെക്കന്‍ഡ് മാത്രം മതി ഈ മോഡലിന്. 15 മിനിറ്റില്‍ 267 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ലഭിക്കും. 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇവയ്ക്കു എക്സ്ഷോറൂം വില വരുന്നത്. ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് മോഡല്‍ വൈ യുടെ  വില ഇത്രയധികം വര്‍ധിപ്പിക്കുന്നത്. എതിരാളികളായ മറ്റു വാഹന നിര്‍മാതാക്കള്‍ കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ വില്‍ക്കുന്നതും ടെസ്ലയുടെ വില്‍പനയെ സാരമായി ബാധിച്ചിട്ടുണ്ട്.