ഏഥര്‍റിന്റെ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു

450 സീരീസ് സ്‌കൂട്ടറുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം, റിസ്റ്റയിലൂടെ ഫാമിലി സ്‌കൂട്ടര്‍ സെഗ്മെന്റിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. ലോഞ്ച് ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിലൊന്നായി റിസ്റ്റ മാറി.

author-image
Biju
New Update
ather

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് ഏഥര്‍ എനര്‍ജി. EL01 എന്ന ആശയത്തെ അടിസ്ഥാനമാക്കി ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറിനായി ഡിസൈന്‍ പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ പുതിയ മോഡല്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ വിപണിയിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വികസിപ്പിക്കുന്നത്.

450 സീരീസ് സ്‌കൂട്ടറുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം, റിസ്റ്റയിലൂടെ ഫാമിലി സ്‌കൂട്ടര്‍ സെഗ്മെന്റിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. ലോഞ്ച് ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിലൊന്നായി റിസ്റ്റ മാറി. റിസ്റ്റയുടെ വന്‍ വിജയത്തിന് പിന്നാലെ, 2026-ല്‍ ഈ സ്‌കൂട്ടര്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ വിജയം ആവര്‍ത്തിക്കാനാണ് EL01 അധിഷ്ഠിത പുതിയ സ്‌കൂട്ടറിലൂടെ ഏഥര്‍ ശ്രമിക്കുന്നത്.

ഈ വര്‍ഷം ആദ്യം നടന്ന ഏഥര്‍ കമ്മ്യൂണിറ്റി ഡേ 2025-ല്‍ EL01 കണ്‍സെപ്റ്റും, പുതിയ EL പ്ലാറ്റ്ഫോമും കമ്പനി അവതരിപ്പിച്ചിരുന്നു. EL01 ഡിസൈന്‍ പേറ്റന്റ് ഫയല്‍ ചെയ്തതോടെ, പുതിയ പ്ലാറ്റ്ഫോമില്‍ അധിഷ്ഠിതമായ ആദ്യ ഇലക്ട്രിക് വാഹനം ഇതായിരിക്കുമെന്നാണ് സൂചന. ഡിസൈന്‍ കാര്യത്തില്‍, EL01 കണ്‍സെപ്റ്റ് ഏഥര്‍ റിസ്റ്റയോട് സാമ്യമുള്ള രൂപകല്‍പ്പനയാണ്, എന്നാല്‍ ചില പ്രധാന മാറ്റങ്ങളോടുകൂടി. എല്‍ഇഡി ഹെഡ്ലാമ്പ്, ഫ്രണ്ട് ആപ്രണിലൂടെ കടന്നുപോകുന്ന നേര്‍ത്ത എല്‍ഇഡി ഡിആര്‍എല്‍, സ്ലീക്ക് ബോഡി പാനലുകള്‍, സിംഗിള്‍-പീസ് സീറ്റ്, പില്യണ്‍ ബാക്ക്റെസ്റ്റ്, ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. കണ്‍സെപ്റ്റ് മോഡലില്‍ 7.0 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

EL01 കണ്‍സെപ്റ്റില്‍ ഫ്‌ലോര്‍ബോര്‍ഡില്‍ ഘടിപ്പിച്ച ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 2 kWh മുതല്‍ 5 kWh വരെ ശേഷിയുള്ള വിവിധ ബാറ്ററി ഓപ്ഷനുകള്‍ പിന്തുണയ്ക്കുന്ന തരത്തിലാണ് EL പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ പതിപ്പില്‍ ഒന്നിലധികം ബാറ്ററി ഓപ്ഷനുകള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ ചാര്‍ജില്‍ ഏകദേശം 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഏഥര്‍ റിസ്റ്റയുടെ വിലകുറഞ്ഞ പതിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.