എണ്ണ കുറച്ച് ഓടിച്ചാല്‍ എന്‍ജിന്‍ പൊളിയുമോ?

പക്ഷേ ഇത്തരത്തില്‍ ലോ ഫ്യുവലില്‍ വാഹനമോടിച്ചാല്‍ വഴിയില്‍ കിടക്കുന്നത് മാത്രമല്ല, വണ്ടിയുടെ എന്‍ജിനില്‍ സമ്മര്‍ദ്ദം ചെലുത്താനും കാരണമാവും. ഇത്തരത്തില്‍ വാഹനമോടിച്ചാല്‍ ഫ്യുവല്‍ പമ്പ് തകരാറിലാവുന്നതാണ് നിങ്ങളുടെ വാഹനത്തിന് സംഭവിച്ചേക്കാവുന്ന ആദ്യത്തെ കംപ്ലയിന്റ്.

author-image
Biju
New Update
low

പലപ്പോഴും കാശിന്റെ കുറവ് മൂലം ഇന്ധനം കുറച്ച് അടിക്കുകയോ, അല്ലെങ്കില്‍ അടിക്കാന്‍ മറന്നുപോകുന്നവരോ ആണ് കൂടുതലും. ലോ ഫ്യൂവല്‍ ബാറില്‍ വാഹനം ഓടിക്കുമ്പോള്‍ വാഹനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നത് എല്ലാവരുടെയും സംശയമാണ്. 

എന്നാല്‍ റിസര്‍വില്‍ മാത്രം ഇന്ധനമടിച്ചാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്. അത് നിങ്ങളുടെ വാഹനത്തിനും അത് പോലെ തന്നെ നിങ്ങളുടെ പോക്കറ്റിനും നഷ്ടം വരുത്തും. കുറഞ്ഞ ഇന്ധനച്ചില്‍ വാഹനമോടിച്ചാല്‍ ഇപ്പോള്‍ എന്താണ് പ്രശ്‌നമെന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്. ഡിസ്റ്റന്‍സ് ടു എംടി എന്നത് കൃത്യമായ കണക്ക് അല്ലെങ്കിലും ഏറെക്കുറെ ഇതിനെ വിശ്വസിക്കാം.

പക്ഷേ ഇത്തരത്തില്‍ ലോ ഫ്യുവലില്‍ വാഹനമോടിച്ചാല്‍ വഴിയില്‍ കിടക്കുന്നത് മാത്രമല്ല, വണ്ടിയുടെ എന്‍ജിനില്‍ സമ്മര്‍ദ്ദം ചെലുത്താനും കാരണമാവും. ഇത്തരത്തില്‍ വാഹനമോടിച്ചാല്‍ ഫ്യുവല്‍ പമ്പ് തകരാറിലാവുന്നതാണ് നിങ്ങളുടെ വാഹനത്തിന് സംഭവിച്ചേക്കാവുന്ന ആദ്യത്തെ കംപ്ലയിന്റ്. ഫ്യുവല്‍ ടാങ്കിലെ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ ഫ്യുവല്‍ പമ്പിന് ചുറ്റും ഇന്‍സുലേഷന്‍ അല്ലെങ്കില്‍ ലൂബ്രിക്കന്റ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ടാങ്കില്‍ ആവശ്യത്തിന് ഇന്ധനം ഇല്ലെങ്കില്‍ ഫ്യുവല്‍ പമ്പിന് ആവശ്യമായ അളവില്‍ ലൂബ്രിക്കേഷന്‍ ലഭിക്കാതെ വരും.

ഇതോടെ ഇന്ധനം കുറഞ്ഞ അവസ്ഥയില്‍ ദീര്‍ഘനേരം വണ്ടിയോടിക്കുമ്പോള്‍ അമിതമായി ചൂടാകുന്നതിലൂടെ ഫ്യുവല്‍ പമ്പിന് വേഗത്തില്‍ കേടുപാടുകളും സംഭവിച്ചേക്കാം. കൂടാതെ ദീര്‍ഘനേരം വായുവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും ഫ്യുവല്‍ പമ്പിനെ തകരാറിലാക്കിയേക്കാം. ലോ ഫ്യുവലില്‍ ഓടുന്ന കാറിന്റെ ഇന്ധനം തീര്‍ന്നതിനാല്‍ പെട്ടെന്ന് പവര്‍ നഷ്ടപ്പെടുകയും വണ്ടി മുന്നോട്ട് നീങ്ങാതിരിക്കുകയും ചെയ്യും.

തിരക്കേറിയ റോഡിലോ ഹൈവേയിലോ ഇത് ഗുരുതരമായ പ്രശ്നമുണ്ടാക്കിയേക്കാം. മാത്രമല്ല, എഞ്ചിന്‍ കട്ട് ഔട്ട് ആകുന്നതിനാല്‍ വാഹനത്തിന്റെ പവര്‍ സ്റ്റിയറിംഗും പവര്‍ ബ്രേക്കിന്റെ നിയന്ത്രണവും നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു പ്രശ്‌നം എന്താണെന്ന് വച്ചാല്‍ ലോ ഫ്യുവലില്‍ വണ്ടിയോടിക്കുന്നത് ടാങ്കിലെ ചെളി എഞ്ചിനിലേക്ക് കയറാനും കാരണമായേക്കാം. പമ്പില്‍ നിന്നും നിറയ്ക്കുന്ന ഇന്ധനത്തില്‍ സാധാരണയായി ധാരാളം മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഇവ ടാങ്കിന്റെ അടിയില്‍ അടിഞ്ഞുകൂടുകയും കാലക്രമേണ ചെളിയായി മാറുകയും ചെയ്യുന്നു. വാഹനത്തില്‍ ഇന്ധനം കുറവാണെങ്കില്‍, ഫ്യുവല്‍ പമ്പില്‍ നിന്ന് ചെളി വലിച്ചെടുത്ത് എഞ്ചിനിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഫ്യുവല്‍ ഫില്‍ട്ടറുകളും അടഞ്ഞുപോവാനും എഞ്ചിന് ഗുരുതരമായ കേടുപാടുകള്‍ വരാനും കാരണമായേക്കാം. കൂടാതെ ലോ ഫ്യുവലില്‍ കാറോ ബൈക്കോ ഓടിക്കുന്നത് മൈലേജിനെയും ബാധിച്ചേക്കാം.

അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇറക്കത്തില്‍ ന്യുട്രല്‍ ഗിയറില്‍ പോകുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത് കുറവാണെങ്കിലും പലരും ചെയ്യുന്നുണ്ട്. ന്യൂട്രലില്‍ കയറ്റം ഇറക്കുമ്പോള്‍ നിരന്തരം ബ്രേക്ക് അപ്ലൈ ചെയ്യേണ്ടതായി വരും. അത് ബ്രേക്ക് ഡിസ്‌കുകളുടെയും ബ്രേക്ക് പാഡുകളുടെയും വേഗത്തിലുള്ള തേയ്മാനത്തിന് കാരണമാകും.

ഗിയര്‍ മാറ്റുമ്പോഴോ ബ്രേക്ക് ചെയ്യുമ്പോഴോ മാത്രമേ വാഹനത്തിന്റെ ക്ലച്ച് ഉപയോഗിക്കാവൂ. ഡ്രൈവ് ചെയ്യുമ്പോള്‍ കാലുകള്‍ ക്ലച്ചില്‍ വെച്ചാല്‍ അത് അധിക ഫ്രിക്ഷന് കാരണമാകും. കൂടാതെ ക്ലച്ച് വേഗം തേഞ്ഞ് തീരുകയും ചെയ്യും. ക്ലച്ചുമായി ബന്ധപ്പെട്ട മറ്റൊരു തെറ്റായ ശീലമാണ് അടുത്തത്. ഗിയര്‍ മാറ്റുമ്പോള്‍ ക്ലച്ച് അമര്‍ത്താന്‍ മടി കാണിക്കുന്ന ചിലരെങ്കിലും ഉണ്ട്. വാഹനമോടിക്കുമ്പോള്‍ ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം.