അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 വണ്ടികള്‍ എത്തിക്കാന്‍ ടൊയോട്ട

ജാപ്പനീസ് വാഹന നിര്‍മാതാവായ ടൊയോട്ടയുടെ ഇന്ത്യയിലെ നിയന്ത്രണം ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ എന്ന കമ്പനിക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇവരുണ്ടാക്കിയ ലാഭം 640 മില്യന്‍ ഡോളറാണ്.

author-image
Biju
New Update
toyota

ടോക്യോ: ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇറക്കുന്നില്ലെന്ന പരാതി തീര്‍ക്കാന്‍ ടൊയോട്ട. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനാണ് കമ്പനിയുടെ പ്ലാന്‍. പുതിയ മോഡലുകളും നിലവിലുള്ളവയുടെ പരിഷ്‌ക്കരിച്ച പതിപ്പുകളും ഉള്‍പ്പെടെയാണിത്. ഇതിലൂടെ ഇന്ത്യയിലെ വിപണി സാന്നിധ്യം 10 ശതമാനമായി വര്‍ധിപ്പിക്കാനും ടൊയോട്ട പദ്ധതിയിടുന്നു. നിലവില്‍ ഇന്ത്യന്‍ വാഹന വിപണിയുടെ 8 ശതമാനമാണ് ടൊയോട്ടയുടെ പക്കലുള്ളത്. യു.എസും ചൈനയും കഴിഞ്ഞാല്‍ ടൊയോട്ടയുടെ മൂന്നാമത്തെ വലിയ വിപണി കൂടിയാണ് ഇന്ത്യയെന്നും കണക്കുകള്‍ പറയുന്നു.
മോഡലുകള്‍ ഇങ്ങനെ

രണ്ട് പുതിയ എസ്.യു.വികള്‍, ബജറ്റ് വിലയിലുള്ള ഒരു പിക്കപ്പ് എന്നിവയടക്കമാണ് ഇന്ത്യയിലേക്ക് വരുന്നത്. അടുത്തിടെ ജപ്പാന്‍ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ബേബി ലാന്‍ഡ്ക്രൂസര്‍ എന്ന് വിളിക്കുന്ന ലാന്‍ഡ് ക്രൂസര്‍ എഫ്.ജെയാണ് ഒരു എസ്.യു.വിയെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഇന്തോനേഷ്യ,തായ്ലാന്‍ഡ് തുടങ്ങിയ വിപണികളില്‍ വില്‍ക്കുന്ന ടൊയോട്ട ഹൈലക്സ് ചാംപ് പിക്കപ്പിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാകും മറ്റൊരു മോഡല്‍. ഹൈലക്സിന് താഴെ അഫോഡബിള്‍ വിലയില്‍ മറ്റൊരു പിക്കപ്പ് രംഗത്തെത്തിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. റൂറല്‍, സെമി അര്‍ബന്‍ വിപണിയാണ് ലക്ഷ്യം.

ജാപ്പനീസ് വാഹന നിര്‍മാതാവായ ടൊയോട്ടയുടെ ഇന്ത്യയിലെ നിയന്ത്രണം ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ എന്ന കമ്പനിക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇവരുണ്ടാക്കിയ ലാഭം 640 മില്യന്‍ ഡോളറാണ്. ഏകദേശം 5,600 കോടി രൂപ. സുസുക്കിയുമായുണ്ടാക്കിയ സഹകരണമാണ് റെക്കോഡ് ലാഭത്തിലെത്താന്‍ സഹായിച്ചത്. ടൊയോട്ടയേക്കാള്‍ ചെറിയ കമ്പനിയാണെങ്കിലും മാരുതി-സുസുക്കിയാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്ധനക്ഷമതയുള്ള ചെറുകാറുകളാണ് മാരുതി സുസുക്കിക്ക് മേല്‍ക്കൈ നല്‍കുന്നത്. ഈ മാതൃകയില്‍ കൂടുതല്‍ മോഡലുകള്‍ ടൊയോട്ട ഇന്ത്യന്‍ വിപണിയിലെത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ടൊയോട്ടയുടെ മൂന്നാമത്തെ വലിയ വിപണി

ജപ്പാന് പുറത്തുള്ള ടൊയോട്ടയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് നിലവില്‍ ഇന്ത്യ. ഏതാണ്ട് മൂന്ന് ലക്ഷം വാഹനങ്ങളാണ് ടൊയോട്ട കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത്. ഇതില്‍ 60 ശതമാനവും സുസുക്കിയുടെ സഹകരണത്തിലുള്ള മോഡലുകളാണെന്നത് വേറൊരു സത്യം. ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങള്‍ ആഫ്രിക്കയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും കൂടുതലായി കയറ്റുമതി ചെയ്യാനും ടൊയോട്ടക്ക് കഴിഞ്ഞു.