ഇഷ്ടമാണ് നിന്നെ!, പക്ഷെ ഇനി വാങ്ങാന്‍ പോക്കറ്റ് കീറും

മാരുതി സുസുക്കിയുമായുള്ള ബന്ധത്തില്‍ പിറന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറാണ് ഇപ്പോള്‍ ടൊയോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്നത്.

author-image
Biju
New Update
hyder

ക്വാളിസ് മുതല്‍ ഇങ്ങോട്ട് ടൊയോട്ട പുറത്തിറക്കിയ ഓരോ മോഡലുകളേയും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. ഇടയ്ക്ക് ചെറുകാര്‍ വിപണിയോട് ഗുഡ്‌ബൈ പറഞ്ഞിറങ്ങിയെങ്കിലും മാരുതിയുമായുള്ള സഹകരണത്തോടെ ചെറിയ വിലയ്ക്ക് റീബാഡ്ജ് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ കമ്പനി തയാറിയിരുന്നു. തുടക്കത്തില്‍ ആരാധകര്‍ക്കിടയില്‍ ചെറിയ കല്ലുകടിയുണ്ടായിരുന്നുവെങ്കിലും പിന്നീട് ടൊയോട്ടയുടെ ഐഡിയ കണ്ട് പലരും വണ്ടറടിക്കുകയുണ്ടായി. ആ ബാഡ്ജിന് ഇവിടെ എത്രത്തോളം വിലയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വില്‍പ്പന കണക്കുകളിലെ നേട്ടങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളും ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളും തമ്മില്‍ കൈകോര്‍ത്തപ്പോള്‍ പിറവിയെടുത്ത മിഡ്-സൈസ് എസ്യുവിയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍.

മാരുതി സുസുക്കിയുമായുള്ള ബന്ധത്തില്‍ പിറന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറാണ് ഇപ്പോള്‍ ടൊയോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്നത്. ആളുകളെല്ലാം ഇവന്റെ മിടുക്ക് തിരിച്ചറിഞ്ഞ് ഒപ്പം കൂടിയിട്ടുള്ളത് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണ്. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ കമ്പനിയില്‍ നിന്നും പുറത്തുവരുന്നത്.

എന്താണന്നല്ലേ, ഫെബ്രുവരി മുതല്‍ തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പിലാക്കിയതിന്റെ ഭാഗമായി ഹൈറൈഡര്‍ എസ്യുവിയുടെ വിലയിലും മാറ്റമുണ്ടായതായി അറിയിച്ചിരിക്കുകയാണ് ടൊയോട്ട. അതും നിസാരമായിട്ടല്ല ബ്രാന്‍ഡ് വിലക്കയറ്റം പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത് എന്നത് ബുക്ക് ചെയ്തവര്‍ക്കും ബുക്ക് ചെയ്യാനിരുന്നവര്‍ക്കും നിരാശ സമ്മാനിക്കും. വേരിയന്റിനെയും പവര്‍ട്രെയിന്‍ ഓപ്ഷനെയും ആശ്രയിച്ച് എസ്യുവിക്ക് ഇപ്പോള്‍ 42,700 രൂപ വരെ വില വര്‍ധനവാണുണ്ടായിര്കകുന്നത്.

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുള്ള E, S, G മാനുവല്‍ വേരിയന്റുകളിലാണ് ഏറ്റവും ചെറിയ പരിഷ്‌ക്കരണം വരുത്തിയിരിക്കുന്നത്. അതായത് ഇവയ്ക്ക് 4,700 രൂപയുടെ ചെറിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ചുരുക്കം. ഹൈറൈഡര്‍ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലുകളാണിവ. സാധാരണ ബേസ് വേരിയന്റുകളെ ഒഴിവാക്കിയാണ് പല കമ്പനികളും വില വര്‍ധിപ്പിക്കുന്നത് എങ്കിലും ടൊയോട്ട കരുണയില്ലാതെ എല്ലാത്തിനും വില വര്‍ധിപ്പിക്കുകയായിരുന്നു.

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ ലഭ്യമായ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ G (O), V വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 31,100 രൂപ വരെയുടെ വിലക്കയറ്റവും പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ഓള്‍-വീല്‍-ഡ്രൈവ് വേരിയന്റിന് 39,100 രൂപ വരെ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തുന്നു. മിഡ്-സൈസ് എസ്യുവിയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് V വകഭേദത്തിനാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധനവുണ്ടായിരിക്കുന്നത്.

ഈ മോഡലുകള്‍ക്ക് 42,700 രൂപ വരെ വില വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിഷ്‌ക്കരണത്തെത്തുടര്‍ന്ന് ടൊയോട്ട ഹൈറൈഡറിന്റെ ഏറ്റവും പുതിയ എക്‌സ്‌ഷോറൂം വില ഇപ്പോള്‍ 10.99 ലക്ഷം രൂപയില്‍ ആരംഭിച്ച് 20.19 ലക്ഷം രൂപ വരെ എത്തി നില്‍ക്കുകയാണ്. പെട്രോള്‍ മാനുവല്‍, പെട്രോള്‍ ഓട്ടോമാറ്റിക്, സിഎന്‍ജി, എഡബ്ല്യുഡി, സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം എന്നിവയുള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായിട്ടാണ് എസ്യുവി വിപണനത്തിന് എത്തുന്നത്.