/kalakaumudi/media/media_files/2025/08/29/tvs-2025-08-29-09-51-16.jpg)
മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഐക്യൂബിനൊപ്പം പടവെട്ടാനായി ടിവിഎസ് ഇന്ന് പുത്തന്‍ ഒരു പോരാളിയെ കളത്തില്‍ ഇറക്കിയിരിക്കുകയാണ്. ടിവിഎസ് ഓര്‍ബിറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ ഇവി ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൂടുതല്‍ പ്രായോഗികവും സ്പേഷ്യസുമായ ഒരു ബദലായി സ്ഥാനം പിടിച്ചിരിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായ ഏഥര്‍ റിസ്തയുമായാണ് ഇത് ഏറ്റുമുട്ടുന്നത്. ഈ ഉത്സവ സീസണില്‍ നിങ്ങള്‍ ഒരു പുതിയ അത്യാവശ്യം നല്ല സ്പെയ്സുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ പുതുതായി പുറത്തിറക്കിയ ടിവിഎസ് ഓര്‍ബിറ്ററും ഏഥര്‍ റിസ്തയും നിങ്ങളുടെ മുന്നിലെത്തും.
ഇതില്‍ ഒന്ന് കഴിഞ്ഞ കുറേ മാസങ്ങളായി വിപണിയില്‍ ഉള്ളതും കഴിവ് തെളിയിച്ചതുമാണ്. ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറാണ് കമ്പനിയുടെ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍. എന്നാല്‍ ഓര്‍ബിറ്റര്‍ ഇലക്ട്രിക്് സ്‌കൂട്ടറിന്റെ കടലാസിലെ കരുത്തുകളാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. ഏതായാലും ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ ആലോചിക്കുന്നവര്‍ക്കായി ടിവിഎസ് ഓര്‍ബിറ്ററും ഏഥര്‍ റിസ്തയും തമ്മില്‍ ഡിസൈന്‍, ഫീച്ചറുകള്‍, സ്പെസിഫിക്കേഷനുകള്‍, റേഞ്ച്, വില എന്നിവ താരതമ്യം ചെയ്യാം.
ഡിസൈന്‍: ബോക്സി ഡിസൈനും രസകരമായ കളര്‍ കോമ്പിനേഷനുകളുമായി സവിശേഷമായ ലുക്കില്‍ വരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ടിവിഎസ് ഓര്‍ബിറ്റര്‍. മറുവശത്ത്, ഏഥര്‍ റിസ്ത കൂടുതല്‍ പരമ്പരാഗതമായ രൂപകല്‍പ്പനയിലാണ് വരുന്നത്. യൂത്ത്ഫുള്‍ ഡിസൈനിംഗിന് പേരുകേട്ടവരാണ് ഏഥര്‍. ഓര്‍ബിറ്ററിലെ ടിവിഎസ് ബാഡ്ജ് എടുത്ത് കളഞ്ഞാല്‍ ഇത് ഏഥറിന്റെ സ്‌കൂട്ടറാണോ എന്ന് സംശയിച്ച് പോയേക്കാം.
ഫീച്ചറുകള്‍: ടിവിഎസ് ഓര്‍ബിറ്ററും ഏഥര്‍ റിസ്തയും ഫീച്ചര്‍ പായ്ക്ക്ഡ് ആയ രണ്ട് സ്‌കൂട്ടറുകള്‍ ആണ്. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ചാര്‍ജിംഗിനുള്ള യുഎസ്ബി പോര്‍ട്ടുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ അസിസ്റ്റ്, കോള്‍ ആന്‍ഡ് എസ്എംഎസ് നോട്ടിഫിക്കേഷനുകള്‍, ഒടിഎ അപ്‌ഡേറ്റുകള്‍, ഓട്ടോ ഹോള്‍ഡ് തുടങ്ങി നിരവധി ശ്രദ്ധേയമായ സവിശേഷതകള്‍ ഇവയിലുണ്ട്.
എന്നിരുന്നാലും, ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ 7 ഇഞ്ച് ആന്‍ഡ്രോയിഡ് അധിഷ്ഠിത ഡിസ്‌പ്ലേയും ഗൂഗിള്‍ മാപ്‌സ്, അലക്‌സ, വാട്ട്‌സ്ആപ്പ് വഴി ലൊക്കേഷന്‍ ഷെയറിംഗ് തുടങ്ങിയ സവിശേഷതകളുമുണ്ട്. എന്ന് കരുതി ടിവിഎസ് ഓര്‍ബിറ്റര്‍ ഫീച്ചര്‍ ലിസ്റ്റിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല.
സ്പെസിഫിക്കേഷനുകളും റേഞ്ചും: ടിവിഎസ് ഓര്‍ബിറ്ററില്‍ ഒരു ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഇത് 3.1kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്നു. ടിവിഎസിന്റെ അഭിപ്രായത്തില്‍ ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 158 കിലോമീറ്റര്‍ (ഐഡിസി) ദൂരം ഓടും. ഈ വിഭാഗത്തിലെ സ്‌കൂട്ടറിന് ഈ റേഞ്ച് ധാരാളമാണ്.
മറുവശത്ത് ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം. ഇതില്‍ വലിയ 3.7 kWh ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 159 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ഏഥാര്‍ അവകാശപ്പെടുന്നത്. അതേസമയം ചെറിയ 2.9kWh ബാറ്ററി പായ്ക്കിന് 123 കിലോമീറ്റര്‍ ഐഡിസി റേഞ്ച് പറയുന്നു.
വില: പിഎം-ഇ ഡ്രൈവ് ഇന്‍സെന്റീവ് ഉള്‍പ്പെടെ ടിവിഎസ് ഓര്‍ബിറ്ററിന്റെ എക്സ്ഷോറൂം വില 99,900 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. അതേസമയം റിസ്ത S വേരിയന്റിന്റെ വില 99999 രൂപയാണ്. ഉയര്‍ന്ന റിസ്ത Z വേരിയന്റിന്റെ വില 1,14,999 രൂപയാണ്. ഏഥര്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്സ്-ഷോറൂം വിലകളാണ് ഇത്.
ടിവിഎസ് ഓര്‍ബിറ്റര്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഉത്സവ സീസണിന്റെ അവസാനം വരെ ടിവിഎസ് ഓര്‍ബിറ്ററിന്റെ വില വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഈ രണ്ട് സ്‌കൂട്ടറുകളുടെയും റേഞ്ചും ഫീച്ചര്‍ ലിസ്റ്റുമെല്ലാം ഏകദേശം സമാനമാണ്. എന്നാല്‍ നിലവില്‍ ഒന്നിലേറെ വേരിയന്റുകളില്‍ വാങ്ങാമെന്നത് റിസ്തയുടെ മെച്ചമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ നല്‍കി ഓര്‍ബിറ്റര്‍ ടിവിഎസ് അപ്ഡേറ്റ് ചെയ്തേക്കാം.