/kalakaumudi/media/media_files/2026/01/10/250-2026-01-10-11-40-27.jpg)
സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യ ഘടിപ്പിച്ച ലോകത്തിലെ തന്നെ ആദ്യത്തെ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ വെര്‍ജ് മോട്ടോര്‍സൈക്കിള്‍സ്. ദീര്‍ഘകാലമായി ബാറ്ററി വികസനത്തില്‍ പ്രതീക്ഷിക്കുന്ന മാറ്റമാണ് ബ്രാന്‍ഡ് സാധ്യമാക്കിയെടുക്കുന്നത്. ഫിന്‍ലാന്‍ഡ് ആസ്ഥാനമായുള്ള കമ്പനി ഡോണട്ട് ലാബ് എന്ന ടെക്നോളജി സ്ഥാപനവുമായി സഹകരിച്ച് പുതിയ ബാറ്ററി സിസ്റ്റം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരമ്പരാഗത ലിഥിയം അയണ്‍ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സോളിഡ് സ്റ്റേറ്റ് ബാറ്ററി വേഗത്തിലുള്ള ചാര്‍ജിംഗാണ് സാധ്യമാക്കുന്നത്. ഒപ്പം റൈഡിംഗ് റേഞ്ച് ഇരട്ടിയാക്കലും പ്രാപ്തമാക്കുമെന്ന് വെര്‍ജ് അവകാശപ്പെടുന്നു
വരും മാസങ്ങളില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലിക്വിഡ് അല്ലെങ്കില്‍ ജെല്‍ ഇലക്ട്രോലൈറ്റുകളെ സോളിഡ് മെറ്റീരിയല്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്ന സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ സുരക്ഷ, കാര്യക്ഷമത, ഈട് എന്നിവയില്‍ മിടുക്കരാണ്. നിരവധി ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ ഇപ്പോഴും പ്രോട്ടോടൈപ്പുകളില്‍ സാങ്കേതികവിദ്യ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഈ അവസരത്തിലാണ് ഒരു ഇരുചക്ര വാഹനത്തിലേക്ക് സാങ്കേതികവിദ്യ കടന്നുവരുന്നത്. പുതിയ ബാറ്ററിയുടെ ഒരു പ്രധാന നേട്ടം ചാര്‍ജിംഗ് സമയം കൂടുതല്‍ ലാഭിക്കാമെന്നത് തന്നെയാണ്. സോളിഡ് സ്റ്റേറ്റ് പായ്ക്കിന് ഏകദേശം 10 മിനിറ്റിനുള്ളില്‍ 299 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ ചാര്‍ജിംഗ് കൈവരിക്കാനാവുമെന്നാണ് വെര്‍ജ് പറയുന്നത്. ആവര്‍ത്തിച്ചുള്ള ചാര്‍ജിംഗിലൂടെ പരമ്പരാഗത ലിഥിയം അയണ്‍ ബാറ്ററികള്‍ പതിയ നശിക്കുന്ന പോലുള്ള പ്രശ്നങ്ങളും ഇതിലില്ല.
മോട്ടോര്‍സൈക്കിളിന്റെ ലൈഫ് സൈക്കിള്‍ മുഴുവന്‍ നിലനില്‍ക്കുന്നതിനാണ് ബാറ്ററി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ലിക്വിഡ് അധിഷ്ഠിത ലിഥിയം അയണ്‍ പായ്ക്കുകളേക്കാള്‍ സോളിഡ് സ്റ്റേറ്റ് ബാറ്ററി പായ്ക്കുകള്‍ കൂടുതല്‍ സ്ഥിരതയുള്ളവയായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ തീപിടുത്ത സാധ്യതയും വളരെ കുറവാണ്. അതേസമയം വ്യത്യസ്ത താപനിലകളില്‍ വിശ്വസനീയമായി പ്രവര്‍ത്തിക്കാനും ഇവയ്ക്കാവും.
ബാറ്ററി ഏറ്റവും കുറഞ്ഞ ഡീഗ്രേഡേഷന്‍ കാണിക്കുന്നുവെന്നും 100,000 സൈക്കിളുകള്‍ വരെ പിന്തുണയ്ക്കുന്നുവെന്നും ഡ്രോണുകള്‍, സൈനിക വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ മോട്ടോര്‍സൈക്കിളുകള്‍ക്കപ്പുറത്തുള്ള വിവിധ ആപ്ലിക്കേഷനുകള്‍ക്ക് അനുയോജ്യമാണെന്നും ഡോണട്ട് ലാബ് പറയുന്നു.ആഗോളതലത്തില്‍ വ്യാപകമായി ലഭ്യമായ വസ്തുക്കളാണ് ബാറ്ററികള്‍ ഉപയോഗിക്കുന്നതെന്നും ഇത് വിതരണ തടസങ്ങളുടെ സാധ്യത കുറയ്ക്കുന്നുവെന്നും കമ്പനി പറഞ്ഞു.
നിലവില്‍ വില്‍പ്പനയിലുള്ള വെര്‍ജിന്റെ ടിഎസ് പ്രോ എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിലാവും സോളിഡ് സ്റ്റേറ്റ് ബാറ്ററി പായ്ക്കുകള്‍ ആദ്യം ഉപയോഗിക്കുക. പുതിയ ബാറ്ററി അവതരിപ്പിക്കുന്നതോടെ ഇവിയുടെ റേഞ്ച് കണക്കുകളില്‍ വലിയ വര്‍ധനവ് കാണാനാകും. നവംബറില്‍ മിലാനില്‍ നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെര്‍ജിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് ബൈക്കായ ടിഎസ് പ്രോ പ്രദര്‍ശിപ്പിച്ചിരുന്നു.
വെര്‍ജിന്റെ പുതിയ ഡോണട്ട് 2.0 ഇന്‍-വീല്‍ മോട്ടോറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മോഡലിലെ അതേ പവറും ടോര്‍ക്കും ഔട്ട്പുട്ടും നിലനിര്‍ത്തിക്കൊണ്ട് മുന്‍ഗാമിയേക്കാള്‍ 50 ശതമാനം ഭാരം കുറവാണെന്നും അവകാശപ്പെടുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
