/kalakaumudi/media/media_files/2026/01/19/foxi-2026-01-19-10-59-21.jpg)
ഒരുകാലത്ത് പോളോ എന്ന പ്രീമിയം ഹാച്ച്ബാക്കിലൂടെയായിരുന്നു ഫോക്സ്വാഗണ്‍ (Volkswagen) അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വെര്‍ട്ടിസും ടൈഗൂണുമാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ അഡ്രസ്. ഇന്ത്യ 2.0 പ്രൊജക്റ്റിന്റെ ഭാഗമായി എത്തിയ ഇരുമോഡലുകളും രാജ്യത്ത് വലിയ ഓളമുണ്ടാക്കിയിട്ടുണ്ട്. എത്തിയിട്ട് കുറച്ച് വര്‍ഷമായെങ്കിലും ഇതുവരെ ജനപ്രീതിയില്‍ ഇടിവൊന്നും സംഭവിക്കാതെ മുമ്പോട്ട് കൊണ്ടുപോവാന്‍ കമ്പനിക്കാവുന്നുണ്ട്. ഇപ്പോഴിതാ ഈ മോഡലുകള്‍ വാങ്ങിനിരിക്കുന്നവരെ കാത്ത് ഞെട്ടിക്കുന്നൊരു വാര്‍ത്തയാണ് ഫോക്സ്വാഗണില്‍ നിന്നും വരുന്നത്. ഇരുമോഡലുകളുടെയും 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുള്ള മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കിയിരിക്കുകയാണ്.
വെര്‍ട്ടിസ്, ടൈഗൂണ്‍ 1.5 TSI വകഭേദങ്ങള്‍ ഇപ്പോള്‍ 7-സ്പീഡ് DSG ട്രാന്‍സ്മിഷനില്‍ മാത്രമേ ലഭ്യമാകൂ. അപ്രതീക്ഷിതമായ ഈ നീക്കം മാനുവല്‍ ഗിയര്‍ബോക്സ് പ്രേമികളെ സങ്കടത്തിലാഴ്ത്തുമെന്നതില്‍ സംശയമൊന്നുമില്ല. റെസ്‌പോണ്‍സീവായ ഡ്രൈവിംഗ് അനുഭവത്തിനായി ഫോക്സ്വാഗണ്‍ തങ്ങളുടെ മെയ്ഡ് ഇന്‍ ഇന്ത്യ മോഡലുകളില്‍ 1.5 TSI 6-സ്പീഡ് മാനുവല്‍ വകഭേദങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്.
ഇവ കൂടുതല്‍ താങ്ങാനാവുന്ന വിലയിലും ലഭ്യമായിരുന്നുവെന്നതും ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സഹായിച്ചിരുന്നു. വെര്‍ട്ടിസ് 1.5 TSI മാനുവലിന് 17.09 ലക്ഷം രൂപയും ടൈഗൂണിന് 17.04 ലക്ഷം രൂപയുമായിരുന്നു പ്രാരംഭ വിലയായി നിശ്ചയിച്ചിരുന്നത്. 6-സ്പീഡ് മാനുവല്‍ മോഡലുകള്‍ ഇനി ലഭ്യമല്ലെങ്കിലും ഓട്ടോമാറ്റിക്കില്‍ വാങ്ങാനാവുമെന്നത് ആശ്വാസകരമാണ്. ക്ലച്ചിന്റെ പേടിയില്ലാതെ ചീറിപ്പായാല്ലോ.
വെര്‍ട്ടിസിന്റെയും ടൈഗൂണിന്റെയും 1.5 TSI GT പ്ലസ് ക്രോം DSG വേരിയന്റുകള്‍ക്ക് യഥാക്രമം 18.80 ലക്ഷം രൂപയിലും 18.95 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. അതേസമയം കാറുകളുടെ 1.5 TSI GT പ്ലസ് സ്പോര്‍ട് DSG പതിപ്പുകള്‍ക്ക് യഥാക്രമം 19 ലക്ഷം രൂപയും 19.19 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഇവയിലെ 1,500 സിസി ടര്‍ബോ പെട്രോള്‍ എഞ്ചിന് 150 bhp പവറില്‍ പരമാവധി 250 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ട്രാന്‍സ്മിഷനില്‍ വ്യത്യാസമുണ്ടെങ്കിലും മാനുവലിലും ഓട്ടോമാറ്റിക്കിലും പവര്‍ഔട്ട്പുട്ട് കണക്കുകള്‍ സമാനമാണ് കേട്ടോ. 2024 സെപ്റ്റംബറില്‍ സ്ലാവിയ, കുഷാഖ് മോഡലുകള്‍ക്ക് വേണ്ടി സ്‌കോഡ നടത്തിയ സമാനമായ നീക്കത്തിന് പിന്നാലെയാണ് 1.5 TSI എഞ്ചിനുള്ള മാനുവല്‍ ഓപ്ഷന്‍ നിര്‍ത്തലാക്കാനുള്ള ഫോക്സ്വാഗണിന്റെ തീരുമാനവും എത്തുന്നത്. നിലവില്‍ ഓട്ടോമാറ്റിക് കാറുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍ ലഭിക്കുന്നത് എന്നതിനാലാവാം മാനുവല്‍ ഒഴിവാക്കാന്‍ കമ്പനി തീരുമാനിച്ചത്.
വെര്‍ട്ടിസ് അല്ലെങ്കില്‍ ടൈഗൂണ്‍ എന്നിവയില്‍ മാനുവല്‍ ഗിയര്‍ബോക്സ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 1.0 ലിറ്റര്‍ TSI എഞ്ചിന്‍ ഓപ്ഷനിലേക്ക് പോവാം. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ഈ എഞ്ചിന്‍ തുടര്‍ന്നും ലഭ്യമാവും. ഇവയ്ക്ക് 115 bhp പവറില്‍ 178 Nm ടോര്‍ക്ക് വരെ നിര്‍മിക്കാനും യോഗ്യമാണ്. വെര്‍ട്ടിസ്, ടൈഗൂണ്‍ 1.0 ലിറ്റര്‍ TSI വേരിയന്റുകള്‍ യഥാക്രമം 10.49 ലക്ഷം രൂപയും 10.58 ലക്ഷം രൂപയുമാണ് വില ആരംഭിക്കുന്നത്.
ഇതോടൊപ്പം പുതുവര്‍ഷത്തോട് അനുബന്ധിച്ച് ഫോക്സ്വാഗണ്‍ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പിലാക്കുകയും ചെയ്തിരുന്നു. ബേസ് വേരിയന്റുകളുടെ വില വെട്ടിക്കുറച്ചുകൊണ്ടാണ് മറ്റ് മോഡലുകളില്‍ വില പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ നീക്കം ടൈഗൂണിന്റെയും വെര്‍ട്ടിസിന്റെയും പ്രാരംഭ ലെവല്‍ വിലകളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായിച്ചുവെന്ന് വേണം പറയാന്‍. ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എസ്യുവിയുടെ ബേസ് കംഫര്‍ട്ട്ലൈന്‍ മാനുവല്‍ വേരിയന്റിന് 84,000 രൂപയാണ് വില കുറച്ചിരിക്കുന്നത്.
ഇതോടെ എന്‍ട്രി ലെവല്‍ പതിപ്പിന് വില 11.42 ലക്ഷത്തില്‍ നിന്ന് 10.58 ലക്ഷമായി കുറഞ്ഞു. ടൈഗൂണിലേത് പോലെ വെര്‍ട്ടിസിന്റെ കംഫര്‍ട്ട്ലൈന്‍ മാനുവല്‍ ബേസ് വേരിയന്റില്‍ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് മുമ്പത്തെ 11.16 ലക്ഷത്തില്‍ നിന്നും 66,000 രൂപ കുറഞ്ഞ് 10.50 ലക്ഷം രൂപയായി എക്‌സ്‌ഷോറൂം വില. പുതുക്കിയ വില പ്രകാരം ഫോക്സ്വാഗണ്‍ വെര്‍ട്ടിസ് സ്വന്തമാക്കാന്‍ എത്തുന്നവര്‍ 10.50 ലക്ഷം മുതല്‍ 19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
