/kalakaumudi/media/media_files/2025/04/14/4iualiuDy6ASklNZPYlm.jpg)
ഫോക്‌സ്വാഗണിന്റെ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഒരു മോഡലായിരുന്നു ടിഗുവാന്‍ R-ലൈന്‍ എന്ന മോഡല്‍. ആഡംബരത്തിലും പെര്‍ഫോമന്‍സിലും ആഡംബര ബ്രാന്‍ഡുകളോട് പോലും മുട്ടിനില്‍ക്കാന്‍ പ്രാപ്തമാണ് പുതിയ ടിഗുവാന്‍ R-ലൈന്‍. ആദ്യം തന്നെ വില അങ്ങ് പറഞ്ഞേക്കാ. 49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയായി വരുന്നത്.ഏപ്രില്‍ 23ന് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അത് പോലെ തന്നെ ഇതൊരു സിബിയു യുണിറ്റായിട്ടാണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. MQB-Evo പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാള്‍ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ട്.
അതേസമയം വീല്‍ബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാല്‍ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൂടുതല്‍ കര്‍വിയായാണ് മോഡലിന്റെ പണിപൂര്‍ത്തിയാക്കിയിരിക്കുന്നത്. R-ലൈന്‍ വേരിയന്റുകള്‍ക്ക് കൂടുതല്‍ സ്പോര്‍ട്ടിയര്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, റിയര്‍ സ്പോയിലര്‍, R-ലൈന്‍ സ്പെക്കില്‍ സൈഡ് പാനലുകള്‍ എന്നിവയെല്ലാം ലഭിക്കും.
കൂടാതെ, മുന്നിലും പിന്നിലും പൂര്‍ണ വീതിയുള്ള ഹൊറിസോണ്ടല്‍ എല്‍ഇഡി ലൈറ്റ് സ്ട്രിപ്പുകള്‍, വലിയ 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ഫോക്സ്വാഗണ്‍ ഒരുക്കിയിട്ടുണ്ട്. ഓള്‍-സീസണ്‍ ടയറുകള്‍, ബ്ലാക്ക് റൂഫ് റെയിലുകള്‍, പവര്‍-അഡ്ജസ്റ്റബിള്‍ ORVM-കള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റിമോട്ട് പവര്‍ ലിഫ്റ്റ്‌ഗേറ്റ് എന്നിവയും മോഡലിലുണ്ടാവും.
പുതിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഏറ്റവും പുതിയ MIB4 UI പ്രവര്‍ത്തിപ്പിക്കുന്ന 15.1 ഇഞ്ച് ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായിരിക്കും ഇന്റീരിയില്‍ ആദ്യം കണ്ണുടക്കുക. ഇതോടൊപ്പം സ്പോര്‍ട്സ് സീറ്റുകളും ത്രീ ലൈറ്റ് സോണുകളും 30 കളര്‍ ഓപ്ഷനുകളുമുള്ള ആംബിയന്റ് ലൈറ്റിംഗ് പാക്കേജും കൂടിയാവുമ്പോള്‍ സംഗതി കളറാവും. 7 സീറ്റര്‍ എസ്യുവിയായതിനാല്‍ തന്നെ ആവശ്യത്തിന് സ്‌പേസും കാര്യങ്ങളുമുണ്ടാവും.
നിരവധി യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയര്‍ എസി വെന്റുകളുള്ള ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ സ്ലൈഡിംഗ്, ടില്‍റ്റിംഗ് സണ്‍റൂഫ് എന്നിീ ഫീച്ചറുകളും പുതിയ ഫോക്സ്വാഗണ്‍ ടിഗുവാന്‍ R-ലൈന്‍ വേരിയന്റില്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.0 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും എസ്യുവിയുടെ ഹൃദയം.
ആഗോള വിപണിയില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുണ്ടെങ്കിലും ഇന്ത്യയില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 261 bhp കരുത്തില്‍ പരമാവധി 400 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. വിദേശ വിപണികളില്‍ ടിഗുവാന്‍ R-ലൈനിനൊപ്പം 6-സ്പീഡ് മാനുവലും ജര്‍മന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് ഈയൊരു ട്രാന്‍സ്മിഷന്‍ കോമ്പിനേഷന്‍ കൊണ്ടുവന്നിട്ടില്ല.
വെഹിക്കിള്‍ ഡൈനാമിക്‌സ് മാനേജര്‍ (VDM) സിസ്റ്റത്തോടുകൂടിയ ട്വിന്‍-വാല്‍വ് വേരിയബിള്‍ ഡാംപറുകളും ഇതിലുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍, നിസാന്‍ X-ട്രെയില്‍, എംജി ഗ്ലോസ്റ്റര്‍, സ്‌കോഡ കൊഡിയാക് തുടങ്ങിയ ഫുള്‍-സൈസ് എസ്യുവികളുമായിട്ടാവും പ്രാഥമിക മത്സരമെങ്കിലും മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ, ബിഎംഡബ്ല്യു X1, ഔഡി Q3 തുടങ്ങിയ എന്‍ട്രി ലെവല്‍ ആഡംബര എസ്യുവികളില്‍ നിന്നും മത്സരം നേരിടേണ്ടി വരും.
ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്സൈറ്റ് വാഹന സംബന്ധിയായ വാര്‍ത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാര്‍ത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാര്‍, ബൈക്ക് വാര്‍ത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാര്‍ത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ.