2026ല്‍ ഫോക്സ്വാഗണിന്റെ വലിയ എന്‍ട്രി; 450 KM റേഞ്ചോടെ ഇലക്ട്രിക് പോളോ

ഐഡി.പോളോ എന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് മികച്ച റേഞ്ച്, ആധുനിക ടെക്നോളജി, കൂടാതെ ദിവസേന ഉപയോഗിക്കാന്‍ അനുയോജ്യമായ പ്രായോഗികത എന്നിവ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍

author-image
Biju
New Update
electric polo

 ലോകത്തിലെ വാഹന നിര്‍മ്മാണ ബ്രാന്‍ഡുകളില്‍ പേരുകേട്ടവരാണ് ജര്‍മ്മനിയില്‍ നിന്നെത്തിയ ഫോക്സ്വാഗണ്‍. ഇവരുടെ പോളോ വര്‍ഷങ്ങളായി വിശ്വാസവും ഡ്രൈവിംഗ് ആസ്വാദനവും സൂചിപ്പിക്കുന്ന ഒന്നാണ്. ഇപ്പോള്‍ അതേ ജനപ്രിയ പോളോയുടെ പൂര്‍ണമായും ഇലക്ട്രിക് പതിപ്പായ കാര്‍ 2026 ഓടെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഐഡി.പോളോ എന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് മികച്ച റേഞ്ച്, ആധുനിക ടെക്നോളജി, കൂടാതെ ദിവസേന ഉപയോഗിക്കാന്‍ അനുയോജ്യമായ പ്രായോഗികത എന്നിവ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ആഗോള മാറ്റത്തിന്റെ ഭാഗമായി സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു അഫോര്‍ഡബിള്‍ ഇവിയെ അവതരിപ്പിക്കുക എന്നതുകൂടിയാണ് ബ്രാന്‍ഡിന്റെ ലക്ഷ്യം.

ഐഡി.പോളോ ഫോക്സ്വാഗണിന്റെ പുതിയ തലമുറ MEB+ ഇലക്ട്രിക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു അഞ്ച് സീറ്റര്‍ ഹാച്ച്ബാക്ക് ആയിരിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഈ പ്ലാറ്റ്ഫോം ശക്തമായ ബില്‍ഡ് ക്വാളിറ്റി, കൂടുതല്‍ സ്ഥിരതയുള്ള ഡ്രൈവിംഗ്, മെച്ചപ്പെട്ട കൈകാര്യം ചെയ്യല്‍, കൂടാതെ ഉയര്‍ന്ന കാര്യക്ഷമത എന്നിവ ലക്ഷ്യമിട്ടുള്ളതാണ്. ബാറ്ററി ഫ്‌ലോറിന് അടിയിലായി സ്ഥാപിക്കുന്നതിനാല്‍ കാറിന്റെ ഭാരം ബാലന്‍സ് ചെയ്യപ്പെടുകയും അതുവഴി ഡ്രൈവിംഗ് കംഫര്‍ട്ടും സേഫ്റ്റിയും വര്‍ധിക്കുകയും ചെയ്യും.

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മോഡലില്‍ ഇപ്പോഴത്തെ പോളോയെക്കാള്‍ ഏകദേശം 4.05 മീറ്റര്‍ നീളവും 2.60 മീറ്റര്‍ വീല്‍ബേസും ഉണ്ടായിരിക്കും. ഇത് വഴി പിന്നിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ആശ്വാസകരമായ യാത്രാ അനുഭവം നല്‍കാന്‍ കഴിയും. ഇലക്ട്രിക് പ്ലാറ്റ്ഫോമിന്റെ കാര്യക്ഷമമായ പാക്കേജിംഗിന്റെ ഫലമായി കാറിന്റെ ബൂട്ട് സ്പേസ് 435 ലിറ്റര്‍ വരെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സാധാരണ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ പോളോയേക്കാള്‍ വ്യക്തമായി വലുതാണ്.

മാത്രവുമല്ല ദൈനംദിന ഉപയോഗത്തിനും യാത്രകള്‍ക്കുമായി കൂടുതല്‍ ലഗേജ് എളുപ്പത്തില്‍ കൊണ്ടുപോകാനാകുന്ന രീതിയിലാണ് ഈ ഇലക്ട്രിക് പോളോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുറംവലിപ്പത്തില്‍ ചെറുതായി തോന്നിച്ചാലും അകത്ത് നിന്ന് നോക്കുമ്പോള്‍ കൂടുതല്‍ വിശാലവും പ്രായോഗികവുമായ ഒരു ഹാച്ച്ബാക്ക് അനുഭവമാണ് കാറില്‍ ലഭ്യമാകുന്നത്. ഐഡി.പോളോയെ വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വ്യത്യസ്ത പവര്‍ ഔട്ട്പുട്ടുകളോടെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

സൂചനകള്‍ പ്രകാരം ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന് 85 bhp മുതല്‍ 166 bhp വരെ പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നതായിരിക്കും. മാത്രവുമല്ല ഏകദേശം 290 Nm വരെ ടോര്‍ക്ക് ലഭിക്കുമെന്നതാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ സിറ്റി ഡ്രൈവിംഗിലും ഹൈവേ ഉപയോഗത്തിലും വേഗത്തിലുള്ള ആക്‌സിലറേഷനും മികച്ച അനുഭവവും ലഭിക്കുന്നതായിരിക്കും. ബാറ്ററി ഓപ്ഷനുകളുടെ കാര്യത്തില്‍ രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യപ്പെടുക.

ചെറിയ ബാറ്ററി പതിപ്പ് നഗര യാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഏകദേശം 300 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ കഴിയും. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന പതിപ്പിന് ഒരൊറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഈ സെഗ്മെന്റിലെ ഏറ്റവും പ്രായോഗികമായ ഇലക്ട്രിക് ഹാച്ച്ബാക്കുകളിലൊന്നായി പുതിയ മോഡലിനെ മാറ്റുന്നതാണ്. കൂടാതെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.