/kalakaumudi/media/media_files/2026/01/27/yamaha-2026-01-27-08-50-36.jpg)
ഒരു എഞ്ചിന്‍ കാരണം മാത്രം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡിന്റെ ബൈക്കായി മാറാന്‍ അധികം സമയമൊന്നും വേണ്ടെന്ന് തെളിയിച്ച് തന്നിരിക്കുകയാണ് യമഹയുടെ ഏറ്റവും പുതിയ നിയോ റെട്രോ മോഡലായ XSR 155. ഏറെക്കാലമായി ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അല്‍പം വൈകിയാണ് വിപണനത്തിന് എത്തിയതെങ്കിലും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആളുകള്‍. അതിനുള്ള പ്രധാന കാരണം ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിന്‍ തന്നെയാണ്. ഒപ്പം നല്ല സ്‌റ്റൈലുള്ള രൂപവും കൂടിയായപ്പോള്‍ വാങ്ങാനായി ആളുകള്‍ വരി നില്‍ക്കുകയാണിപ്പോള്‍. യമഹയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലായി മാറാനും XSR-ന് സാധിച്ചിരിക്കുകയാണ്.
2025 ഡിസംബര്‍ മാസത്തിലാണ് ഈയൊരു നേട്ടം XSR 155 കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 14,951 യൂണിറ്റുകളുടെ വില്‍പ്പന നേടിയാണ് ആശാന്‍ ഈയൊരു സ്ഥാനം റേ ZR ഹൈബ്രിഡ് സ്‌കൂട്ടറില്‍ നിന്നും അടിച്ചെടുത്തിരിക്കുന്നത്. 2025 നവംബര്‍ 11-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച യമഹ XSR 155 ആദ്യമാസം തന്നെ വലിയ വില്‍പ്പന സംഖ്യയാണ് ബ്രാന്‍ഡിനായി കൊണ്ടുവന്നിരുന്നത്. പിന്നാലെ തൊട്ടടുത്ത മാസവും മികച്ച രീതിയില്‍ വിറ്റഴിക്കാനായത് കമ്പനിക്ക് മൈലേജായി.
വില്‍പ്പന ആരംഭിച്ച നവംബറിലെ ആദ്യ 19 ദിവസത്തില്‍ XSR വാങ്ങിപ്പോയത് 16,359 പേരാണ്. യമഹയുടെ 155 സിസി നിയോ റെട്രോ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ 1,49,990 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെത്തുമ്പോള്‍ എക്‌സ്‌ഷോറൂം വില 1.52 ലക്ഷമായി ഉയരുന്നുണ്ട്. ജനുവരി മാസത്തോട് അനുബന്ധിച്ച് ബൈക്കിന്റെ വിലയില്‍ 1,000 രൂപയുടെ വര്‍ധനവും സംഭവിച്ചിട്ടുണ്ട്.
ടാക്സും ഇന്‍ഷുറന്‍സും 10 വര്‍ഷത്തെ വാറണ്ടിയും എല്ലാം കൂടി വരുമ്പോള്‍ യമഹ XSR 155 ഓണ്‍-റോഡിലിറക്കാന്‍ കേരളത്തില്‍ 1.94 ലക്ഷം രൂപയോളമാണ് മുടക്കേണ്ടി വരുന്നത്. R15, MT-15 എന്നിവയില്‍ നിന്ന് വ്യത്യസ്തമായി XSR155 ഒരൊറ്റ വേരിയന്റിലാണ് വാഗ്ദാനം ചെയ്യുന്നത്. കൂട്ടിന് 4 കിടിലന്‍ കളര്‍ ഓപ്ഷനും കമ്പനി ബൈക്കില്‍ അവതരിപ്പിക്കുന്നു. മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീന്‍ മെറ്റാലിക്, മെറ്റാലിക് ബ്ലൂ എന്നീ നിറങ്ങളാണ് ബൈക്കിലുള്ളത്.
അതേസമയം ഏവരും കൊതിച്ചിരുന്ന ബ്ലാക്ക് കളര്‍ ഓപ്ഷന്‍ യമഹ അവതരിപ്പിക്കാതിരുന്നത് പലര്‍ക്കും നിരാശ സമ്മാനിച്ചിട്ടുമുണ്ട്. വൃത്താകൃതിയിലുള്ള എല്‍ഡി ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ്പ് ഫ്യുവല്‍ ടാങ്ക്, സിംഗിള്‍-പീസ് സ്‌ക്രാംബ്ലര്‍-സ്‌റ്റൈല്‍ സീറ്റ് എന്നിവയാണ് ഡിസൈനിലെ ഹൈലൈറ്റുകള്‍. വ്യത്യസ്ത തരത്തിലുള്ള ആളുകളെ ആകര്‍ഷിക്കുന്നതിന് രണ്ട് ആക്സസറി പാക്കേജുകളിലൂടെ യമഹ നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും XSR155-ല്‍ ലഭ്യമാക്കിയിട്ടുണ്ട്.
വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) ഉള്ള പരിചിതമായ 155 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് XSR155 നിയോ റെട്രോ മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 18.1 bhp കരുത്തില്‍ പരമാവധി 14.2 Nm ടോര്‍ക്ക് വരെ നിര്‍മിക്കാനാവും. 137 കിലോഗ്രാം ഭാരമുള്ള ഇതിന് 50 കിലോമീറ്ററോളം മൈലേജ് വരെ നല്‍കാനാവും.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാല്‍ SMS, കോള്‍ നോട്ടിഫിക്കേഷനുകള്‍, നാവിഗേഷന്‍ എന്നിവയ്ക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ ഡിജിറ്റല്‍ കണ്‍സോളാണ് യമഹ XSR 155 അവതരിപ്പിക്കുന്നത്. എല്‍ഇഡി ലൈറ്റിംഗ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ബൈക്കില്‍ ലഭിക്കുന്നുണ്ട്. മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരു ശരാശരി ഇന്ത്യക്കാരന് കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്ന മോഡസായി ഇത് മാറുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
