/kalakaumudi/media/media_files/2025/09/28/exercise-1-2025-09-28-21-51-25.jpg)
ഡോ. പ്രവീണ്‍ ജി.കെ.
കണ്‍സള്‍ട്ടന്റ്
കാര്‍ഡിയോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം. 'Don't miss a beat' എന്ന വിഷയമാണ് ഈ വര്‍ഷത്തെ ലോക ഹൃദയ ദിന പ്രമേയം. ഓരോ ഹൃദയമിടിപ്പിന്റെയും പ്രാധാന്യത്തെപ്പറ്റിയും അത് സംരക്ഷിക്കുന്നതിനായി സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, സമയ ബന്ധിതമായ ഇടപെടല്‍, ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഈ പ്രമേയത്തിലൂടെ ഉദ്ദേശിക്കുന്നത്.
അടുത്തിടെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ജിം പോലുള്ള സ്ഥലങ്ങളില്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നതിനിടെ ചെറുപ്പക്കാര്‍ കുഴഞ്ഞു വീണ് മരണം സംഭവിക്കുന്നത്. ഇത് സമൂഹത്തില്‍ വളരെയധികം ആശങ്കാജനകമായ ഒരു സാഹചര്യമാണ്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടനുബന്ധിച്ച വീഡിയോകള്‍ വരുമ്പോഴും വ്യക്തമാകുന്ന ഒരു കാര്യം എന്തെന്നാല്‍ ഇവരില്‍ ഒട്ടുമിക്ക ആള്‍ക്കാരും കാഴ്ചയില്‍ ആരോഗ്യവാന്മാരാണ് എന്നതാണ്. ഹൃദ്രോഗം പ്രായമായവരെ മാത്രമല്ല ബാധിക്കുന്നത് എന്ന ഞെട്ടിക്കുന്ന ഒരു വസ്തുതയും ഈ ദാരുണമായ സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കാം. ചെറുപ്പക്കാരെ ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാവുന്ന അപകട ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, മാനസിക സമ്മര്‍ദ്ദം, മുന്‍കൂട്ടി കണ്ടുപിടിക്കാത്ത ഹൃദ്രോഗം എന്നിവയാണ്.
കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പരിചയസമ്പത്തുള്ള പരിശീലകരുടെ മേല്‍നോട്ടത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം പാലിച്ചുകൊണ്ട് മാത്രം ചെയ്യുക. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ വ്യായാമം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍ അത് സ്വന്തം പരിധി മനസ്സിലാക്കാതെ പ്രവര്‍ത്തിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം?
* കഠിനമായ വ്യായാമങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഇസിജി, ലിപിഡ് പ്രൊഫൈല്‍, രക്തസമ്മര്‍ദ്ദം എന്നിവ ഉള്‍പ്പെടുന്ന ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്.
* ശ്വാസ തടസ്സം, തലകറക്കം അല്ലെങ്കില്‍ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് അവഗണിക്കാതെ ഒരു കാര്‍ഡിയോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യുക.
* അതികഠിനമായി വ്യായാമങ്ങള്‍ ചെയ്യുന്നതിന് പകരം നമുക്ക് ചെയ്യാന്‍ സാധിക്കുന്ന പരിധി മനസ്സിലാക്കി സ്ഥിരമായി വ്യായാമം ശീലമാക്കുക.
* നടത്തം, സൈക്ലിംഗ്, എയ്റോബിക് വ്യായാമം തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.
* ജിമ്മില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനായി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
ഹൃദയ സംരക്ഷണത്തിന് വ്യായാമം പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഭക്ഷണരീതി. പുതുതലമുറയില്‍ ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുന്നവര്‍ വളരെ കുറവാണ്. എണ്ണ പലഹാരങ്ങള്‍, ജങ്ക് ഫുഡ്, ചുവന്ന ഇറച്ചികള്‍, കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്സ്ഡ് ഫുഡ് എന്നിവ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനു പകരം സാലഡുകളും ആവിയില്‍ വേവിച്ച ഭക്ഷണങ്ങളും പരമാവധി വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ശീലമാക്കുക. ആഹാര രീതിയില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ സാധിക്കുന്നു.
ഇത്തരം കാര്യങ്ങളൊക്കെ പാലിച്ച്, ശരിയായ ബോധവല്‍ക്കരണം ലഭിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിക്കുന്നതിനോടൊപ്പം സമൂഹത്തില്‍ ഇന്ന് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മിഥ്യാധാരണകള്‍ മാറുന്നതിനും വഴിയൊരുക്കും. ഇതുകൂടാതെ ജീവിതശൈലിയില്‍ കൊണ്ടുവരുന്ന ശരിയായ മാറ്റങ്ങള്‍ ആരോഗ്യകരമായ ഹൃദയമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.