/kalakaumudi/media/media_files/2025/01/29/R5hMl4Y2aY5I04trCVld.jpg)
BBW
വാഷിങ്ടണ്‍: ശരീരഭാരത്തിന്റെ പേരില്‍ ടാക്സി ഡ്രൈവര്‍ യാത്ര നിഷേധിച്ചതായും അവഹേളിച്ചതായും യുവതിയുടെ പരാതി. യു.എസിലെ റാപ്പറും പ്ലസ് സൈസ് ഇന്‍ഫ്ളൂവന്‍സറുമായ ഡാങ്ക് ഡെമോസ്സ് ആണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ 'ലിഫ്റ്റ്'ന് എതിരായി കോടതിയെ സമീപിച്ചത്. ലിഫ്റ്റ് ഡ്രൈവറില്‍നിന്ന് തനിക്ക് നേരിട്ട ദുരനുഭവം ഡാങ്ക് ഡെമോസ്സ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയുംചെയ്തു.
ഒരുമാസം മുന്‍പായിരുന്നു പ്ലസ് സൈസ് ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ യുവതിക്ക് ലിഫ്റ്റ് ഡ്രൈവറില്‍നിന്ന് അവഹേളനം നേരിട്ടത്. യാത്രയ്ക്കായി ടാക്സി ബുക്ക് ചെയ്തെങ്കിലും തന്നെ കാറില്‍ കൊള്ളില്ലെന്ന് പറഞ്ഞ് ഡ്രൈവര്‍ യാത്ര നിഷേധിച്ചെന്നാണ് ഇവരുടെ പരാതി. തനിക്ക് സെഡാന്‍ കാറില്‍ കയറാന്‍ കഴിയില്ലെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ കഴിയുമെന്ന് പറഞ്ഞിട്ടും അയാള്‍ യാത്ര അനുവദിക്കാന്‍ കൂട്ടാക്കിയില്ല. 'നിങ്ങള്‍ എന്നെ വിശ്വസിക്കൂ, നിങ്ങള്‍ക്ക് കഴിയില്ല' എന്നായിരുന്നു അയാളുടെ മറുപടി.
കാറിന്റെ ടയറുകള്‍ക്ക് തന്റെ ഭാരം താങ്ങാനാകില്ലെന്നും ഡ്രൈവര്‍ പറഞ്ഞതായും യുവതി ആരോപിച്ചു. തന്നോട് ക്ഷമാപണം നടത്തിയ ഡ്രൈവര്‍ അപ്പോഴും യാത്രയ്ക്ക് വിസമ്മതിച്ചു. ഇതിനുമുന്‍പും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ വലിയ കാര്‍ ബുക്ക് ചെയ്യാനുമായിരുന്നു അയാളുടെ നിര്‍ദേശമെന്നും യുവതി പറഞ്ഞു.
ഏകദേശം 221.8 കിലോയോളമാണ് ഡാങ്ക് ഡെമ്മോസ്സിന്റെ ശരീരഭാരം. ചെറിയ കാറുകളില്‍ താന്‍ മുന്‍പും യാത്രചെയ്യാറുണ്ടെന്ന് യുവതി പറയുന്നു. ശരീരഭാരത്തിന്റെ പേരില്‍ വിവേചനം കാണിച്ചതിന് പുറമേ ഡ്രൈവറുടെ പെരുമാറ്റം അവഹേളിക്കുന്നതും തന്നെ വേദനിപ്പിക്കുന്നതുമാണെന്നും ഡാങ്ക് ഡെമ്മോസ് വ്യക്തമാക്കി. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.