/kalakaumudi/media/media_files/2026/01/21/eiehqz388149-2026-01-21-15-08-46.jpg)
​കൊല്ലം: കപ്പിൽ ബീച്ചിൽ സർഫിംഗിനിടെ തിരമാലയിൽപ്പെട്ട് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ സ്പെയിൻ സ്വദേശിക്ക് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവിതം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. സർഫിങ് പരിശീലനത്തിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് നട്ടെല്ല് ഇടിച്ചു കരയിലേക്ക് വീഴുകയായിരുന്നു.
​വീഴ്ചയുടെ ആഘാതത്തിൽ കാലുകൾ ചലിപ്പിക്കാനോ നിൽക്കാനോ കഴിയാത്ത അവസ്ഥയിലായ വിദേശിയെ ഉടൻ തന്നെ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ നട്ടെല്ലിന്റെ അസ്ഥികൾ പൊട്ടിപ്പൊടിഞ്ഞതായും അടിയന്തര ശസ്ത്രക്രിയ വേണമെന്നും കണ്ടെത്തി. രോഗിയുടെ ബന്ധുക്കൾ സ്പെയിനിലെ വിദഗ്ധ ഡോക്ടർമാരുമായി ചർച്ച നടത്തിയ ശേഷമാണ് ഇവിടെത്തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.
​അത്യാധുനിക ശസ്ത്രക്രിയ
​ബ്രെയിൻ & സ്പൈൻ സർജൻ ഡോ. അഖിൽ സുനിലിന്റെ നേതൃത്വത്തിൽ മിനിമലി ഇൻവേസീവ് (കീഹോൾ) രീതിയിലായിരുന്നു ശസ്ത്രക്രിയ. വെറും ഒന്നര സെന്റിമീറ്റർ മാത്രമുള്ള മുറിവിലൂടെ ആറ് സ്ക്രൂകൾ ഘടിപ്പിച്ച് പൊട്ടിപ്പൊടിഞ്ഞ നട്ടെല്ലിനെ പൂർവ്വസ്ഥിതിയിലാക്കി.ആറ് മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാം ദിവസം തന്നെ രോഗി നടന്നു തുടങ്ങി.അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ദേവിക, റേഡിയോളജി വിഭാഗത്തിലെ ഡോ. ബബിത എന്നിവരും ഒ.ടി സ്റ്റാഫുകൾ, ന്യൂറോ സർജറി ഐ.സി.യു നഴ്സുമാർ എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി.
​വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന അതേ നിലവാരത്തിലുള്ള ചികിത്സാ സൗകര്യം കൊല്ലത്ത് ലഭ്യമായത് രോഗിക്ക് തുണയായി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ വിദേശ പൗരൻ മെഡിക്കൽ സംഘത്തിന് നന്ദി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
