അദാനി കുടുംബം 6000 കോടി രൂപയിലധികം ധനസഹായം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്

രണ്ട് വര്‍ഷം മുമ്പ്, എന്റെ 60-ാം ജന്മദിനത്തില്‍ എനിക്ക് സമ്മാനമായി, ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി എന്റെ കുടുംബം 60,000 കോടി രൂപ നല്‍കുമെന്ന് പറഞ്ഞിരുന്നു; ഗൗതം അദാനി പറഞ്ഞു.

author-image
Biju
New Update
gsf

Rep. Img.

അഹമ്മദാബാദ്: ഇന്ത്യയില്‍ ചികിത്സാരംഗത്തേക്ക് കൂടി ചുവടുവയ്ക്കാന്‍ അദാനി ഗ്രൂപ്പും. യുഎസിലെ മയോ ക്ലിനിക്കുമായി ചേര്‍ന്നാണ് ഗൗതം അദാനി ഇന്ത്യയില്‍ മെഡിക്കല്‍ കോളെജുകളോടൊപ്പം ആശുപത്രികള്‍ ആരംഭിക്കുക. മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തെ ഗവേഷണത്തിലും പേര് കേട്ട അമേരിക്കന്‍ സ്ഥാപനമാണ് മയോ ക്ലിനിക്.

അദാനി ഗ്രൂപ്പിന്റെ നോണ്‍ പ്രോഫിറ്റ് ആരോഗ്യ സംരക്ഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് അദാനി ഹെല്‍ത്ത് സിറ്റി (എഎച്ച്സി) ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ക്യാമ്പസുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്കും താങ്ങാനാവുന്നതും ലോകോത്തരവുമായ മെഡിക്കല്‍ പരിചരണവും മെഡിക്കല്‍ വിദ്യാഭ്യാസവും ഉറപ്പാക്കാനുള്ള ചെലവുകള്‍ അദാനി കുടുംബം വഹിക്കും.

ഗൗതം അദാനിയുടെ 'സേവാ സാധനാ ഹൈ, സേവാ പ്രാര്‍ത്ഥനാ ഹൈ ഔര്‍ സേവാ പരമാത്മാ ഹൈ' എന്ന തത്വചിന്തയില്‍ ഊന്നിയാണ് ഈ ഉദ്യമത്തിന് കുടുംബം ഒരുങ്ങുന്നത്. അഹമ്മദാബാദിലും മുംബൈയിലുമായി ഒരുങ്ങുന്ന സംയോജിത ആരോഗ്യ കാമ്പസുകളില്‍ ആദ്യത്തെ രണ്ടെണ്ണം നിര്‍മ്മിക്കാന്‍ അദാനി കുടുംബം 6000 കോടി രൂപയിലധികം ധനസഹായം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഇത്തരം സംയോജിത അദാനി ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് ഇതിലൂടെ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഈ എഎച്ച്സി ക്യാമ്പസുകളില്‍ ഓരോന്നിനും 1,000 കിടക്കകളുള്ള മള്‍ട്ടി-സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, 150 മെഡിക്കല്‍ ബിരുദധാരികളും 80-ല്‍ അധികം റെസിഡന്റുമാര്‍ 40ലധികം ഫെല്ലോകള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന കോളേജുകള്‍,
ട്രാന്‍സിഷണല്‍ കെയര്‍ സൗകര്യങ്ങളും അത്യാധുനിക ഗവേഷണ സൗകര്യങ്ങളും അടങ്ങുന്നതാണ്.

എഎച്ച്സി മെഡിക്കല്‍ ഇക്കോസിസ്റ്റം എല്ലാ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ആളുകളെ സേവിക്കാനും അടുത്ത തലമുറയിലെ ഡോക്ടര്‍മാരെ പരിശീലിപ്പിക്കാനും ക്ലിനിക്കല്‍ ഗവേഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോമെഡിക്കല്‍ ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യമിടുന്നുവെന്ന് അദാനി ഗ്രൂപ്പ് പങ്കുവച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടുത്തെ പരിശീലനം, മറ്റ് കര്‍ത്തവ്യങ്ങള്‍ എന്നിവയില്‍ ആവശ്യമായ ഉപദേശം നല്‍കുന്നതിന് അദാനി ഗ്രൂപ്പ് യുഎസ് ആസ്ഥാനമായുള്ള മയോ ക്ലിനിക്ക് ഗ്ലോബല്‍ കണ്‍സള്‍ട്ടിങ്ങുമായി (മയോ ക്ലിനിക്ക്) സഹകരിക്കും. ഡിജിറ്റല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍ ഗുണമേന്മ മെച്ചപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, സാങ്കേതികവിദ്യയുടെ സംയോജനത്തെക്കുറിച്ച് മയോ ക്ലിനിക്ക് വിദഗ്ധ മാര്‍ഗനിര്‍ദ്ദേശവും നല്‍കും.

രണ്ട് വര്‍ഷം മുമ്പ്, എന്റെ 60-ാം ജന്മദിനത്തില്‍ എനിക്ക് സമ്മാനമായി, ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി എന്റെ കുടുംബം 60,000 കോടി രൂപ നല്‍കുമെന്ന് പറഞ്ഞിരുന്നു; ഗൗതം അദാനി പറഞ്ഞു.

ഈ സംഭാവനയില്‍ നിന്നുള്ള നിരവധി പ്രധാന പദ്ധതികളില്‍ ആദ്യത്തേതാണ് അദാനി ഹെല്‍ത്ത് സിറ്റിയുടെ വികസനം, ഇത് ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് താങ്ങാനാവുന്നതും ലോകോത്തര നിലവാരത്തിലുള്ളതുമായ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് വളരെയധികം സഹായിക്കും. 

ലോകത്തിലെ ഏറ്റവും വലിയ സംയോജിത ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഗ്രൂപ്പ് ആയ മയോ ക്ലിനിക്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം, സങ്കീര്‍ണ്ണമായ രോഗ പരിചരണത്തിനും മെഡിക്കല്‍ നവീകരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദാനി കൂട്ടിച്ചേര്‍ത്തു.

gautam adani adani gautam adanis