ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് മുന്നേറ്റം. അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളുടെയും ഓഹരികളാണ് നേട്ടത്തോടെ വ്യാപാരം ചെയ്യുന്നത്. അദാനി പവര്‍ 18% നേട്ടത്തിലാണുള്ളത്. അദാനി ഗ്രീന്‍ എനര്‍ജി 13.21%, അദാനി എനര്‍ജി സൊല്യൂഷന്‍സ് 12.62%, അദാനി ടോട്ടല്‍ ഗ്യാസ് 11.33% എന്നിങ്ങനെയും ഉയര്‍ന്നു.
അദാനി എന്റര്‍പ്രൈസസ് 7.60%, അദാനി പോര്‍ട്‌സ് 5.42%, എസിസി 2.95%, അംബുജ സിമന്റ് 2.99%, എന്‍ഡിടിവി 6.88%, സാംഘി ഇന്‍ഡസ്ട്രീസ് 2.84% എന്നിങ്ങനെയും മുന്നേറി വ്യാപാരം ചെയ്യുന്നു. അദാനി ഗ്രൂപ്പ് ഓഹരി പങ്കാളിത്തം വിറ്റൊഴിയുന്ന അദാനി വില്‍മര്‍ 0.78 ശതമാനവും നേട്ടത്തിലാണ്.
അദാനി ഗ്രൂപ്പ് ഓഹരികളുടെ അപ്രതീക്ഷിത മുന്നേറ്റത്തിന് പലകാരണങ്ങളുണ്ട്. നടപ്പുവര്‍ഷത്തെ (2024-25) മൂന്നാംപാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 28,455 കോടി രൂപ മതിക്കുന്ന വൈദ്യുതി വിതരണ ഓര്‍ഡറുകള്‍ നേടിയതാണ് അദാനി എനര്‍ജി സൊല്യൂഷന്‍സിന് നേട്ടമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഓര്‍ഡറുകള്‍ ലഭിച്ചത്. മറ്റൊന്ന്, യുഎസ് പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപ് തിരിച്ചെത്തുന്നതോടെ, അദാനി ഗ്രൂപ്പിന് രാജ്യാന്തരതല മൂലധന സമാഹരണം എളുപ്പമാകുമെന്ന വിലയിരുത്തലുകളാണ്. ഓഹരി വിപണിയുടെ പെട്ടെന്നുള്ള തിരിച്ചുകയറ്റം പൊതുവായി മറ്റ് ഓഹരികള്‍ക്കെന്ന പോലെ അദാനി ഗ്രൂപ്പിനും ഗുണം ചെയ്തുവെന്ന് ചിലര്‍ നിരീക്ഷിക്കുന്നു.