സിമന്റില്‍ വമ്പന്‍ ലയനം പ്രഖ്യാപിച്ച് അദാനി

ലയനത്തിന്റെ ഭാഗമായി ഓരോ 10 രൂപ മുഖവിലയുള്ള എസിസിയുടെ 100 ഓഹരികള്‍ക്ക് അംബുജയുടെ 2 രൂപവീതം മുഖവിലയുള്ള 328 ഓഹരികള്‍ യോഗ്യരായ ഓഹരി ഉടമകള്‍ക്ക് കൈമാറും.

author-image
Biju
New Update
adani

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിലെ സിമന്റ് കമ്പനികളെല്ലാം ഇനി ഒറ്റക്കുടക്കീഴിലേക്ക്. എസിസി ലിമിറ്റഡ്, ഓറിയന്റ് സിമന്റ് ലിമിറ്റഡ് എന്നിവയുമായി ലയിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതികള്‍ ലഭിച്ചതായി അംബുജ സിമന്റ്‌സ് ലിമിറ്റഡ് വ്യക്തമാക്കി. ഇരു കമ്പനികളും അംബുജയില്‍ ലയിക്കുകയാണ് ചെയ്യുക. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ സമിന്റ് ഉല്‍പാദനക്കമ്പനികളിലൊന്നായി അംബുജ മാറും. വിപണിയില്‍ മത്സരം 'തീപാറും'.

ലയനനീക്കം ഇങ്ങനെ

ലയനത്തിന്റെ ഭാഗമായി ഓരോ 10 രൂപ മുഖവിലയുള്ള എസിസിയുടെ 100 ഓഹരികള്‍ക്ക് അംബുജയുടെ 2 രൂപവീതം മുഖവിലയുള്ള 328 ഓഹരികള്‍ യോഗ്യരായ ഓഹരി ഉടമകള്‍ക്ക് കൈമാറും. ഇതുപോലെ, ഓറിയന്റിന്റെ ഓരോ രൂപ മുഖവിലയുള്ള 100 ഓഹരികള്‍ക്ക് അംബുജയുടെ 2 രൂപ മുഖവിലയുള്ള 33 ഓഹരികളാകും കൈമാറുക.

നിലവില്‍ അംബുജ സിമന്റ്‌സാണ് 1.33 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി ഇക്കൂട്ടത്തിലെ ഏറ്റവും വലിയ കമ്പനി. എസിസിക്ക് 33,347 കോടി രൂപ, ഓറിയന്റിന് 3,366 കോടി രൂപ എന്നിങ്ങനെയുമാണ് വിപണിമൂല്യം. 

ലയിക്കാന്‍ സംഘിയും പെന്നയും

ലയനം പ്രവര്‍ത്തനമികവ് മെച്ചപ്പെടുത്തുമെന്നും ഉല്‍പാദനവും ചരക്കുനീക്കവും സുഗമമാക്കുമെന്നും അംബുജ സിമന്റ്‌സ് പ്രതികരിച്ചു. തീരുമാനങ്ങളെടുക്കല്‍, ഉല്‍പാദനശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് ഒറ്റ പ്ലാറ്റ്‌ഫോം ഏറെ പ്രയോജനപ്പെടും. ബ്രാന്‍ഡിങ്ങും കൂടുതല്‍ വിപണികളിലേക്കുള്ള പ്രവേശനവും എളുപ്പമാക്കാനും ചെലവുകള്‍ ചുരുക്കാനും കഴിയുമെന്ന് കമ്പനി കരുതുന്നു. 

ലയിച്ച് ഒന്നാകുന്നതിലൂടെ ഓരോ മെട്രിക് ടണ്‍ സിമന്റിനും അധികമായി കുറഞ്ഞത് 100 രൂപയുടെ ലാഭവും കമ്പനി ഉന്നംവയ്ക്കുന്നു. അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് രണ്ട് സിമന്റ് കമ്പനികളായ പെന്ന സിമന്റ്, സംഘി ഇന്‍ഡസ്ട്രീസ് എന്നിവയും അംബുജയില്‍ ലയിക്കാനുള്ള നടപടികളിലാണ്. ഇവയെല്ലാം ഇനി ഒറ്റ കോര്‍പറേറ്റ് സ്ഥാപനമായി മാറും.

അംബുജ+എസിസി+ഓറിയന്റ്

അടുത്ത ഒരുവര്‍ഷത്തിനകമാണ് ലയനം പൂര്‍ണമാവുക. നിലവില്‍ അംബുജയുടെ ഉല്‍പാദനശേഷി വര്‍ഷം 107 മില്യന്‍ ടണ്ണാണ്. ഇത 2027-28ഓടെ 155 മില്യന്‍ ടണ്ണാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗവുമാണ് ലയനം. അംബുജയ്ക്ക് 24 പ്ലാന്റുകളും 22 ഗ്രൈന്‍ഡിങ് യൂണിറ്റുകളുമുണ്ട്.

അതേസമയം ലയനം നടന്നാലും 'അദാനി അംബുജ സിമന്റ്‌സ്', 'അദാനി എസിസി' എന്നിവ അതത് വിപണികളില്‍ ഇതേ ബ്രാന്‍ഡ് നാമത്തില്‍ തന്നെ എത്തുന്നത് തുടരും. വിപണിയിലെ ഏറ്റവും വലിയ കമ്പനിയായ അള്‍ട്രടെക് സിമന്റുമായുള്ള മത്സരം ശക്തമാക്കാനും ലയനത്തിലൂടെ അദാനി സിമന്റ്‌സിന് കഴിയും.

നിലവില്‍ അദാനിയുടെ കീഴിലെ സിമന്റ് കമ്പനികള്‍ക്ക് രാജ്യത്തിന്റെ വിവിധ മേഖലകളിലായാണ് സ്വാധീനം. ലയിച്ച് ഒന്നാകുന്നതിലൂടെ അഖിലേന്ത്യാതലത്തില്‍ 'ഒറ്റ ബ്രാന്‍ഡ്' എന്ന സ്വാധീനം ഉറപ്പാക്കാന്‍ കഴിയും. ഇത് വളര്‍ച്ചയ്ക്ക് കരുത്താകുമെന്ന് കമ്പനി കരുതുന്നു.

അദാനിയുടെ ഏറ്റെടുക്കല്‍

2022 മേയില്‍ ആയിരുന്നു സ്വിസ് കമ്പനിയായ ഹോള്‍സിമില്‍ നിന്ന് അംബുജ, എസിസി എന്നിവയുടെ നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ് സിമന്റ് വിപണിയിലേക്ക് പ്രവേശിച്ചത്. 10.5 ബില്യന്‍ ഡോളറിന്റേതായിരുന്നു ഡീല്‍. ഇന്നത്തെ വിനിമയനിരക്ക് പ്രകാരം  ഏകദേശം 94,000 കോടി രൂപ. തുടര്‍ന്ന് 2024ല്‍ ആണ് 8,100 കോടി രൂപയ്ക്ക് ഓറിയന്റ് സിമന്റിന്റെ ഏറ്റെടുത്തത്.