പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനുള്ള നിക്ഷേപം 10,000 കോടി രൂപയായി (120 കോടി ഡോളര്‍) വര്‍ധിപ്പിക്കുമെന്ന് അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്. പുതിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ നിര്‍മാണത്തിനാണ് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുക. 2028 ഓടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് അദാനി ഗ്രൂപ്പ് അധികനിക്ഷേപം നടത്തുകയെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
എംഎസ്സി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി, എപി മോളര്‍മെഴ്‌സ്‌ക് എ/എസ്, ഹാപ്പഗ്‌ലോയ്ഡ് എന്നിവയടക്കമുള്ള ലോകോത്തര ഷിപ്പിങ് കണ്ടെയ്‌നര്‍ കമ്പനികളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുന്ന രീതിയിലാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും തുറമുഖത്തിന്റെ ആഴം കൂട്ടാനും തിരമാലകളില്‍നിന്ന് തുറമുഖത്തെ സംരക്ഷിക്കുന്ന പുലിമുട്ടിന്റെ (ബ്രേക്ക്വാട്ടര്‍) നീളം കൂട്ടാനുമാണ് തുക ഉപയോഗിക്കുക.
പ്രതിവര്‍ഷം 6,000 കോടിയുടെ നിക്ഷേപം വിഴിഞ്ഞത്തു നടത്താനുദ്ദേശിക്കുന്നതായി ഒക്ടോബറില്‍ അദാനി പോര്‍ട്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കരണ്‍ അദാനി വ്യക്തമാക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
