/kalakaumudi/media/media_files/2026/02/19/adani-port-2026-02-19-13-50-01.jpg)
മുംബൈ: ഇന്ത്യ-യൂറോപ്പ് വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി, അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, ഫ്രാന്‍സിലെ പ്രമുഖ തുറമുഖമായ മാഴ്‌സെ ഫോസുമായി ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ ശക്തിപ്പെടുത്തുന്നതിലൂടെ വ്യാപാര സൗകര്യം, തുറമുഖ നവീകരണം, ഊര്‍ജ്ജ പരിവര്‍ത്തനം എന്നിവയില്‍ സഹകരണം ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
2023-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സമുദ്രപാതകള്‍, റെയില്‍ ശൃംഖലകള്‍, ഡിജിറ്റല്‍ സംവിധാനങ്ങള്‍, ശുദ്ധമായ ഊര്‍ജ്ജ പാതകള്‍ എന്നിവ വഴി ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന 6,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബഹുതല കണക്റ്റിവിറ്റി പദ്ധതിയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ചൊവ്വാഴ്ച വൈകുന്നേരം മുംബൈയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് അനുബന്ധമായാണ് ഈ ധാരണാപത്രം ഒപ്പിട്ടത്.
ഒന്നാം ലോകമഹായുദ്ധസമയത്ത് ഇന്ത്യന്‍ സൈനികര്‍ യൂറോപ്പില്‍ ആദ്യമായി കാലുകുത്തിയത് മാഴ്‌സെയിലാണെന്ന് ചര്‍ച്ചകള്‍ക്കിടെ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.
അദാനി പോര്‍ട്സിന്റെ മുന്ദ്ര, ഹസീറ തുറമുഖങ്ങള്‍ ഈ പാതയുടെ കിഴക്കന്‍ കവാടമായി പ്രവര്‍ത്തിക്കുമ്പോള്‍, മാഴ്‌സെ ഫോസ് പടിഞ്ഞാറന്‍ കവാടമായി മാറുന്നു. ഇത് ഏകദേശം 70 ദശലക്ഷം ടണ്‍ ശേഷി ഈ പാതയ്ക്ക് അധികമായി നല്‍കും.
'ഹസീറയിലെയും മുന്ദ്രയിലെയും ഞങ്ങളുടെ തുറമുഖങ്ങള്‍ ഇതിനകം തന്നെ ഈ ഇടനാഴിയുടെ ആദ്യ രണ്ട് ഘട്ടങ്ങളെ ബന്ധിപ്പിച്ചു കഴിഞ്ഞു. മാഴ്‌സെ ഫോസുമായുള്ള ഈ കരാറിലൂടെ യൂറോപ്പിലേക്കുള്ള അവസാന ഘട്ടവും ഞങ്ങള്‍ വിജയകരമായി ബന്ധിപ്പിച്ചിരിക്കുന്നു,' അശ്വനി ഗുപ്ത പറഞ്ഞു.
'ഭാവിയുടെ വ്യാപാര നട്ടെല്ലായ ഈ ഇടനാഴിയുടെ രണ്ട് അറ്റങ്ങളിലാണ് ഇന്ത്യയും മാഴ്‌സെയും നിലകൊള്ളുന്നത്. ഈ പുതിയ പാതയെ ഊര്‍ജ്ജസ്വലമാക്കുന്നതില്‍ ഇരു തുറമുഖങ്ങള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്,' ഹെര്‍വ് മാര്‍ട്ടല്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
