ജെന്‍ റോബോട്ടിക്‌സ് ഈ വര്‍ഷം 100 കോടി കടക്കുമെന്ന് ഗൗതം അദാനി

21 സംസ്ഥാനങ്ങളിലായി 300-ലധികം ബാന്‍ഡികൂട്ട് റോബോട്ടുകളെ ജെന്‍ റോബോട്ടിക്‌സ് ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഇത് നൂറുകണക്കിന് ശുചിത്വ തൊഴിലാളികളെ അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

author-image
Biju
New Update
ADANI

അഹമ്മദാബാദില്‍ ഗ്രീന്‍ ടോക്‌സ് രണ്ടാം പതിപ്പില്‍ അദാനി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഗൗതം അദാനിക്കൊപ്പം ജെന്‍ റോബോട്ടിക്‌സ് പ്രതിനിധികളായ നിഖില്‍ എന്‍.പി., റാഷിദ് കെ., വിമല്‍ ഗോവിന്ദ്, അരുണ്‍ ജോര്‍ജ് എന്നിവര്‍.

തിരുവനന്തപുരം: മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനായി ബാന്‍ഡികൂട്ട് റോബോട്ട് വികസിപ്പിച്ചെടുത്ത കേരള സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സിനെ ഇന്ത്യയിലെ ശുചിത്വ മേഖലയിലെ ഗെയിം ചേഞ്ചറെന്ന് വിശേഷിപ്പിച്ച് അദാനി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഗൗതം അദാനി. 250 ശതമാനം വളര്‍ച്ചയോടെ ജെന്‍ റോബോട്ടിക്‌സ് ഈ വര്‍ഷം വരുമാനം വീണ്ടും ഇരട്ടിയാക്കി 100 കോടി രൂപ കടക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ വ്യാഴാഴ്ച (സെപ്റ്റംബര്‍ 25) ഗ്രീന്‍ ടോക്‌സ് പരിപാടിയുടെ രണ്ടാം പതിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നൂതനാശയങ്ങളും ലക്ഷ്യബോധമുള്ള സംരംഭകത്വവും സമൂഹത്തെ പരിവര്‍ത്തനം ചെയ്യുമെന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് ജെന്‍ റോബോട്ടിക്‌സ് എന്ന് ഗൗതം അദാനി അഭിപ്രായപ്പെട്ടു. ഗ്രീന്‍ ടോക്‌സിന്റെ ആദ്യപതിപ്പില്‍ പങ്കെടുത്തതിനു ശേഷമുള്ള ജെന്‍ റോബോട്ടിക്‌സിന്റെ പ്രവര്‍ത്തനയാത്രയെയും വളര്‍ച്ചയെയും ഗൗതം അദാനി ഓര്‍മ്മിച്ചു. മനുഷ്യര്‍ ചെയ്യുന്നതില്‍ ഏറ്റവും പ്രയാസകരമായ തൊഴിലുകളിലൊന്നായ മാന്‍ഹോള്‍ വൃത്തിയാക്കലിലെ അപകടത്തെക്കുറിച്ച് മനസ്സിലാക്കുകയും ഈ പ്രശ്‌നത്തില്‍ എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കുകയും ചെയ്തതില്‍ നിന്നാണ് ജെന്‍ റോബോട്ടിക്‌സിന്റെ ബാന്‍ഡികൂട്ട് എന്ന മാനുവല്‍ സ്‌കാവഞ്ചിംഗ് റോബോട്ടിന്റെ ജനനം. ഈ കണ്ടെത്തല്‍ ഏറെ ധീരവും സാമൂഹികപ്രസക്തി ഉള്ളതുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അദാനി ഗ്രീന്‍ ടോക്‌സിന്റെ 2021 ലെ ആദ്യ പതിപ്പ് മുതല്‍ ജെന്‍ റോബോട്ടിക്‌സ് 250% ലാഭകരമായി വളര്‍ച്ച നേടിയതിനെ ചൂണ്ടിക്കാട്ടി കമ്പനിയുടെ സ്വാധീനത്തിന്റെയും വളര്‍ച്ചയുടെയും യാത്രയെ അദാനി പ്രശംസിച്ചു.

21 സംസ്ഥാനങ്ങളിലായി 300-ലധികം ബാന്‍ഡികൂട്ട് റോബോട്ടുകളെ ജെന്‍ റോബോട്ടിക്‌സ് ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഇത് നൂറുകണക്കിന് ശുചിത്വ തൊഴിലാളികളെ അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ അവാര്‍ഡ് നേടിയ ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്‌സ് മാനുവല്‍ സ്‌കാവെഞ്ചിംഗ് പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ദൗത്യവുമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ നമസ്‌തേ മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള ശുചിത്വ തൊഴിലാളികള്‍ക്ക് സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതില്‍ നിര്‍ണായക ഘടകമാകാന്‍ കമ്പനിയുടെ ബാന്‍ഡിക്കൂട്ട് റോബോട്ടിനാകും.

സാങ്കേതികവിദ്യയുടെ സഹായത്തോടെ അപകടകരമായ മാനുവല്‍ സ്‌കാവഞ്ചിംഗ് അവസാനിപ്പിക്കുക എന്ന ഇന്ത്യയുടെ ദൗത്യത്തില്‍ ജെന്‍ റോബോട്ടിക്‌സ് വന്‍ വളര്‍ച്ച കൈവരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഗൗതം അദാനിയുടെ വാക്കുകള്‍ സ്ഥിരീകരിക്കുന്നത്.