/kalakaumudi/media/media_files/2025/08/03/adani-2025-08-03-16-35-29.jpg)
തിരുവനന്തപുരം: അദാനിയുടെ വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ 8 നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി അദാനി എന്റര്‍പ്രൈസസ് . തിരുവനന്തപുരം ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഇതിലുണ്ട്. അദാനി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ലിമിറ്റിന് 700 കോടിയാണ് നീക്കി വച്ചിട്ടുള്ളത്.
രാജ്യത്തെ അദാനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ സമീപപ്രദേശങ്ങള്‍ അടുത്ത തലത്തിലേക്ക് വികസിപ്പിക്കാനാണ് പദ്ധതി. മൊത്തം 655 ഏക്കറുകളില്‍ ആയാണ് ഈ വികസനം വരുന്നത്. മൂന്ന് ഘട്ടങ്ങളിലായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന നഗര പ്രാന്ത പ്രദേശങ്ങളെ കൊമേഴ്‌സ്യല്‍ ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യം.
അദാനി എന്റര്‍പ്രൈസസിന്റെ ഭാഗമായി എട്ട് എയര്‍പോര്‍ട്ടുകള്‍ ആണ് ഗ്രൂപ്പിനുള്ളത്. തിരുവനന്തപുരത്തിന് പുറമെ മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, ജയ്പുര്‍, ഗുവഹട്ടി,മംഗളൂരു എന്നിവിടങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആദ്യഘട്ടത്തില്‍ 114 ഏക്കറിലായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതില്‍ 50 ഏക്കര്‍ മുംബൈ, നവി മുംബൈ എയര്‍പോര്‍ട്ടുകളില്‍ ആയിരിക്കും. ബാക്കി 60 64 ഏക്കര്‍ വികസനം മറ്റ് 6 എയര്‍പോര്‍ട്ടുകളുടെ പ്രാന്തപ്രദേശങ്ങളിലായി നടക്കും.
എയര്‍പോര്‍ട്ടിന് അടുത്തുള്ള ഈ പ്രദേശങ്ങള്‍ വാണിജ്യവല്‍ക്കരിക്കുന്നതിനായിരിക്കും മുന്‍തൂക്കം. മുന്തിയ ഹോട്ടലുകള്‍, ഷോപ്പിങ് കോംപ്ലക്‌സ്, കണ്‍വന്‍ഷന്‍ സെന്ററുകള്‍, ഓഫിസുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും. എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ക്കും നഗരവാസികള്‍ക്കും ഉപയോഗിക്കാവുന്ന വിധത്തില്‍ ആയിരിക്കും ഇത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന എയ്‌റോസിറ്റി പോലെയായിരിക്കും ഇവ വിഭാവനം ചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള വരുമാനത്തിന് പുറമേ വാണിജ്യ മേഖലയില്‍ നിന്നു കൂടി വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് സമീപം പഞ്ചനക്ഷത്ര ഹോട്ടല്‍ അന്തിമ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണമാരംഭിക്കും. ഇതിനു പുറമേ വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണത്തിനുള്ള 'പ്രോജക്ട് അനന്ത' യ്ക്കായി ഗ്രൂപ്പ് 1,300 കോടി നീക്കി വച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണം കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ആര്‍ബിട്രേഷന്‍ കൗണ്‍സിലിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. ഇതില്‍ പുതിയ ടെര്‍മിനലിനു പുറമേ, ഹോട്ടല്‍, കൊമേഴ്‌സ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഇവയെല്ലാം ഉള്‍പ്പെടുന്ന എയര്‍പോര്‍ട്ട് കോംപ്ലക്‌സുമുണ്ടാകും. വികസന പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടം ആരംഭിച്ചതായി അദാനി എന്റര്‍പ്രൈസസ് ഗ്രൂപ്പ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ ജുകേഷിന്ദര്‍സിങ് നിക്ഷേപകരെ അറിയിച്ചു.