പ്രതീകാത്മക ചിത്രം
മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (ബിഎസ്ഇ) ഇടംപിടിച്ച് ആഡ്‌ടെക് സിസ്റ്റംസ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡ്ടെക് സിസ്റ്റംസ് കഴിഞ്ഞ ജൂണ്‍ 19നാണ് ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തത്. വ്യാപാരം തുടങ്ങി വെറും ഒമ്പത് ദിവസത്തിനുള്ളില്‍ കമ്പനിയുടെ ഓഹരികള്‍ 55 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്. ലിസ്റ്റ് ചെയ്തതു മുതലുള്ള എല്ലാ വ്യാപാര ദിനങ്ങളിലും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ് ഓഹരി. ലിസ്റ്റിംഗ് ദിനത്തില്‍ ഓഹരിയുടെ വില 62.34 രൂപയായിരുന്നു. ഒമ്പതു വ്യാപാര ദിവസത്തിനുള്ളില്‍ വില 96.65 രൂപയിലെത്തി.
മുമ്പ് പ്രാദേശിക ഓഹരി വിപണികളിലും പിന്നീട് മെട്രോപൊളിറ്റന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും ലിസ്റ്റ് ചെയ്തിരുന്ന കമ്പനിയായതിനാല്‍ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) വഴിയല്ലാതെ നേരിട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു.
ആഡ്ടെക് സിസ്റ്റംസിന്റെ 67.88 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 56 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. ഇക്കാലയളവില്‍ ലാഭം 4.15 കോടി രൂപയുമാണ്.