എയര്‍ ഇന്ത്യയെ കരകയറ്റാന്‍ കൈകൊടുത്ത് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

ടാറ്റ സണ്‍സില്‍ നിന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ നിന്നും എയര്‍ ഇന്ത്യ 10,000 കോടിയിലധികം രൂപ ആവശ്യപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അറിയിപ്പ്

author-image
Biju
New Update
airindia

ന്യൂഡല്‍ഹി: അഹമ്മദാബാദ് അപകടത്തിലും ഇന്ത്യ- പാകിസ്ഥാന്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് വ്യോമാതിര്‍ത്തി അടച്ചതും മൂലവുമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി എയര്‍ ഇന്ത്യ. എന്നാല്‍ സാമ്പത്തിക വെല്ലുവിളി നേരിടാന്‍ എയര്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. എയര്‍ ഇന്ത്യയ്ക്ക് ആവശ്യമായ പിന്തുണയും നല്‍കുമെന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ അറിയിപ്പ്. ടാറ്റ സണ്‍സില്‍ നിന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ നിന്നും എയര്‍ ഇന്ത്യ 10,000 കോടിയിലധികം രൂപ ആവശ്യപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അറിയിപ്പ്.

സമീപകാലത്ത് എയര്‍ ഇന്ത്യ വന്‍ നഷ്ടത്തിലാവുകയും നിരവധി പ്രതിസന്ധികള്‍ നേരിടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടാറ്റ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപമനുണ്ടായത്.

ഫണ്ടിങ് പദ്ധതികളെക്കുറിച്ച് എയര്‍ ഇന്ത്യയും ടാറ്റ സണ്‍സും ഇതുവരെ പ്രതികരിച്ചിട്ടില്ല. ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും 2024-25 ല്‍ എയര്‍ ഇന്ത്യയില്‍ 9,558 കോടി രൂപ നിക്ഷേപിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം പ്രൊമോട്ടര്‍മാര്‍ 4,306 കോടി രൂപ നിക്ഷേപിച്ചു.

എയര്‍ ഇന്ത്യയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണ്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എയര്‍ ഇന്ത്യ അതിന്റെ പ്രതിസന്ധിഘട്ടത്തിലാണെന്നും യാത്രയെ ബാധിക്കുന്ന നിരവധി അനിശ്ചിതത്വങ്ങള്‍ നിലവിലുണ്ടെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങള്‍ നമ്മെ തോല്‍പ്പിക്കില്ലെന്നും എയര്‍ ഇന്ത്യ സിഇഒ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയത് വിവിധ തടസങ്ങളില്‍ ഒന്നാണ്. ഇത് യൂറോപ്യന്‍ യാത്രകള്‍ക്കായി ദീര്‍ഘദൂര റൂട്ടുകള്‍ തെരഞ്ഞെടുക്കാന്‍ എയര്‍ലൈനിനെ നിര്‍ബന്ധിതമാക്കുന്നു. ഇത് പ്രവര്‍ത്തന ചെലവിനെ കാര്യമായി ബാധിച്ചു. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ മൂലം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനിന് 4,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നുവെന്ന് വില്‍സണ്‍ പറഞ്ഞു.

ആഗോള വ്യാപാര നയം, ആഗോള സ്ഥിരത, സമാധാനം, രാഷ്ട്രീയം എന്നിവയിലെ അനിശ്ചിതത്വം എയര്‍ലൈന്‍സിനെ കാര്യമായി ബാധിച്ചു. ഇത് ഡിമാന്‍ഡിനെയും ബാധിച്ചു. ജൂണ്‍ 12 ന് നടന്ന വിമാനാപകടത്തെത്തുടര്‍ന്ന് ബോയിങ് 787, 777 വിമാനങ്ങള്‍ നടത്തുന്ന സര്‍വീസുകള്‍ താല്‍ക്കാലികമായി കുറച്ചിരിക്കുകയാണെന്നും വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.