/kalakaumudi/media/media_files/2025/02/12/R2ag4qlek4vMDQ0hKm3P.jpg)
Rep.Img
പാരീസ്: രാപകല്‍ ഭേദമെന്യേ ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ പരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന യൂറോപ്യന്‍ വിമാനക്കമ്പനിയാണ് എയര്‍ ബസ്. അവരുടെ തീരുമാനങ്ങളോരോന്നും ചര്‍ച്ചയില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ എയര്‍ ബസിന്റെ പുത്തന്‍ ആശയമാണ് ചര്‍ച്ചയാകുന്നത്.
വിമാനത്തില്‍ സാധാരണ കാണാറുള്ളതുപോലുള്ള നിരനിരയായുള്ള സീറ്റിന് പകരം ഇരട്ട നില സീറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് എയര്‍ ബസ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ നമ്മുടെ ജന്റം ലോഫ്‌ളോര്‍ ബസുകളിലെ സീറ്റിന്റെ മാതൃകയില്‍. ചൈനീസ് ഏവിയേഷന്‍ സ്റ്റാര്‍ട്ടപ് കമ്പനിയുമായി ഇതിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. എയര്‍ക്രാഫ്റ്റ് ഡിസൈനറും ചെയ്‌സ് ലോഞ്ച് സിഇഒയുമായ അലജാന്‍ഡ്രോ നൂനെസ് വിസെന്റെ സിഎന്‍എന്‍ ട്രാവലിന് നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വിമാനങ്ങളിലാകും ഇരട്ടനില സീറ്റ് പരീക്ഷിക്കുക. വിമാനത്തിനകത്ത് ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇത് സാദ്ധ്യമാക്കുക. എന്നാല്‍ അത് വ്യോമയാന നിയമത്തില്‍ അധിഷ്ഠിതമായി സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ സാദ്ധ്യമാകൂ. ഏത് നിരയിലാകും സീറ്റ് ആവശ്യമെന്ന് മുന്‍കൂട്ടിക്കണ്ട് സീറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം കമ്പനി സജ്ജീകരിക്കും.
യാത്രക്കാരുടെ സുഖകരമായ ഇരിപ്പിന് അനുസൃതായി ആവശ്യമായ വിസ്താരം നല്‍കിക്കൊണ്ട് സീറ്റ് രൂപകല്‍പ്പന ചെയ്യുമ്പോള്‍ സീറ്റിന്റെ എണ്ണത്തിലും മാറ്റമുണ്ടാകും. ഇത് ടിക്കറ്റ് നിരക്കിനെ ബാധിക്കാതിരിക്കാന്‍ വിമാനക്കമ്പനിയുമായി കൂടിയാലോചിച്ചുള്ള പ്രവര്‍ത്തനങ്ങളായിരിക്കും സ്വീകരിക്കുക. പ്രാരംഭഘട്ടത്തില്‍ കൂടുതവിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് കമ്പനി നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
എന്തായാലും എയര്‍ ബസിന്റെ പുതിയ തീരുമാനത്തോട് സമ്മിശ്രപ്രതികരണമാണ് സോഷ്യല്‍ മീഡിയയിലടക്കം ലഭിക്കുന്നത്. പുതിയതീരുമാനത്തിലൂടെ വിമാത്തിനകത്ത് വായുസഞ്ചാരം വര്‍ദ്ധിക്കുമെന്നല്ലാതെ വലിയമാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ചിലര്‍ കുറിപ്പ് പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ മറ്റുചിലര്‍ പറയുന്നത് സീറ്റുകളുടെ എണ്ണം കൂട്ടി കമ്പനിക്ക് ലാഭം കൊയ്യാനുള്ള തന്ത്രമാണ് എന്നൊക്കെയാണ്.