അവധിക്കാല ഗള്‍ഫ് യാത്രികര്‍ക്ക് ആശ്വാസം; നിരക്ക് കൊള്ള ഉണ്ടാകില്ല

കരിപ്പൂരില്‍നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഈ ദിവസങ്ങളില്‍ 11,000 മുതല്‍ 15,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഫ്‌ലൈ ദുബായും എയര്‍ അറേബ്യയും 15,000 രൂപ മുതലാണ് ടിക്കറ്റ് നല്‍കുന്നത്

author-image
Biju
New Update
sDF

കോഴിക്കോട് : അവധിക്കാല പ്രവാസിയാത്രക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം. സാധാരണ അവധിക്കാലങ്ങളില്‍ ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ വര്‍ധിപ്പിക്കുന്ന കമ്പനികള്‍ ഇത്തവണ കാര്യമായ വര്‍ധന വരുത്തിയില്ല. ടിക്കറ്റ് നിരക്ക് തോന്നും പോലും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇത്തവണ വലിയ വര്‍ധനവുണ്ടാകാതിരുന്നത്.

കരിപ്പൂരില്‍നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഈ ദിവസങ്ങളില്‍ 11,000 മുതല്‍ 15,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഫ്‌ലൈ ദുബായും എയര്‍ അറേബ്യയും 15,000 രൂപ മുതലാണ് ടിക്കറ്റ് നല്‍കുന്നത്. ഒമാന്‍ എയര്‍ 16,000 രൂപ മുതലും ടിക്കറ്റ് നല്‍കുന്നു. ഈ ടിക്കറ്റ് നിരക്ക് സാധാരണ സമയങ്ങളിലേതിനു തുല്യമാണെന്നാണ് പ്രവാസി മലയാളികള്‍ പറയുന്നത്.

മൂന്നര മണിക്കൂര്‍ കൊണ്ട് കോഴിക്കോട്ടുനിന്നു ദുബായിലെത്താം. അതിനാല്‍ പല പ്രവാസി മലയാളികളും രണ്ടോ മൂന്നോ ദിവസത്തേക്കു വേണ്ടി നാട്ടിലേക്കു വരുന്നത് വര്‍ധിച്ചുവരികയാണ്. മുന്‍കാലത്തെപ്പോലെ വര്‍ഷങ്ങള്‍ നീളുന്ന കാത്തിരിപ്പൊന്നുമില്ല. നാട്ടില്‍ നടക്കുന്ന വിവാഹങ്ങളും ആഘോഷങ്ങളും ഒന്നും പ്രവാസി മലയാളികള്‍ മുടക്കാറുമില്ല. എന്നാല്‍ പലപ്പോഴും വില്ലനായി മാറുന്നത് വിമാന ടിക്കറ്റ് നിരക്കാണ്. അവധിക്കാലത്ത് വിമാനടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ പോകുന്നത് വലിയ പ്രതിസന്ധിയാണ് പല മലയാളി പ്രവാസി കുടുംബങ്ങള്‍ക്കും സൃഷ്ടിക്കുന്നത്.