പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: എയര്‍ കേരളയ്ക്ക് പിന്നാലെ കേരളം ആസ്ഥാനമായി പുതിയൊരു വിമാനക്കമ്പനി കൂടി ആരംഭിക്കുന്നു. കേരളം ആസ്ഥാനമായ അല്‍ ഹിന്ദ് ഗ്രൂപ്പാണ് വിമാനക്കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. പ്രധാനമായും ഗള്‍ഫ് യാത്രക്കാരെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവില്‍ വിമാനടിക്കറ്റ്, ടൂര്‍ ഓപ്പറേറ്റിങ്ങ്, ചാര്‍ട്ടേഡ് വിമാനങ്ങള്‍, ഹോട്ടല്‍ റൂം ബുക്കിങ്, വീസ സേവനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന ഗ്രൂപ്പാണ് അല്‍ ഹിന്ദ്.
20,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് അല്‍ ഹിന്ദ്. വരുമാനത്തില്‍ ഏതാണ്ട് 600 കോടി രൂപ പ്രതിമാസം വിമാന ടിക്കറ്റ് ബുക്കിങ് സേവനം വഴിയാണ് ലഭിക്കുന്നത്. വിമാനക്കമ്പനിക്ക് സുരക്ഷാ അനുമതി ഉള്‍പ്പെടെ 95 ശതമാനം അനുമതിയും ലഭിച്ചുകഴിഞ്ഞു. അന്തിമാനുമതികള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്ര വ്യേമയാന മന്ത്രാലയത്തില്‍ നിന്ന് പ്രവര്‍ത്തനാനുമതി ലഭിക്കണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിച്ചാല്‍ പ്രവര്‍ത്തനം തുടങ്ങാം. ഗള്‍ഫിന് പുറമേ തായ്‌ലന്‍ഡ്, സിംഗപ്പുര്‍, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും അല്‍ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.