കൊച്ചി: എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ സഹായത്തിനെത്തും. പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ ശരിയെന്ന് ജീവിതത്തിലൂടെ തിരിച്ചറിയുകയാണ് മുണ്ടക്കയം ചിറ്റടി സ്വദേശിയായ ഷൈന്‍. മകന്‍ അലന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കാന്‍ ഷൈനിനെ സഹായിച്ചത് നിരവധി ആളുകളുടെ സമയോചിത ഇടപെടലായിരുന്നു. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലാണ് മകനേയും കൊണ്ട് ഷൈന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തുന്നത്. ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ബിജു ചന്ദ്രന്‍, കരള്‍ രോഗ വിദഗ്ധരായ ഡോ. ജോണ്‍ മേനാച്ചേരി, ഡോ.സിറിയക് എബി ഫിലിപ്‌സ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ ആണെന്ന് കണ്ടെത്തി. കരള്‍ മാറ്റി വെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന സമയത്താണ് അമ്മ റീനയുടെ കരള്‍ അലന് അനുയോജ്യമെന്ന ആശ്വാസ വാര്‍ത്തയെത്തിയത്. പിറ്റേന്ന് ഞായറാഴ്ച ആയിരുന്നിട്ടും അടിയന്തരമായി കരള്‍ മാറ്റി വെക്കുന്നതിന് വേണ്ട തുടര്‍ ക്രമീകരണങ്ങള്‍ക്ക് ഡോ. ബിജു ചന്ദ്രന്‍ നേതൃത്വം നല്‍കി. അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു പ്രധാന വെല്ലുവിളി. ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റിംഗ് വിഭാഗം അത് ഏകോപിപ്പിച്ചു. രാജഗിരി അവയവമാറ്റ കമ്മിറ്റി ചേര്‍ന്ന് ദാതാവിനും, സ്വീകര്‍ത്താവിനും ശസ്ത്രക്രിയ അനുമതി നല്‍കി. പിന്നാലെ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി 24 മണിക്കൂറിനുളളില്‍ ശസ്ത്രക്രിയ ആരംഭിച്ചു. ഡോ. ബിജു ചന്ദ്രന്റെ നേതൃത്വത്തില്‍ ഡോ.ജോസഫ് ജോര്‍ജ്, ഡോ.ഗസ്‌നഫര്‍ ഹുസൈന്‍, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മീനാക്ഷി വിജയകുമാര്‍, അനസ്‌ത്രേഷ്യ വിഭാഗത്തിലെ ഡോ.വിനീത് സി വി, ഡോ. അമല്‍ദേവ് വി, ഡോ.റോബിന്‍ എന്നിവര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പൂജ അവധി ദിനം മാറ്റി വെച്ച് ഓപ്പറേഷന്‍ തീയറ്ററിലെ നഴ്‌സുമാരും, ടെക്‌നീഷ്യന്മാരും ഡ്യൂട്ടിക്കെത്തി. മുണ്ടക്കയം ചിറ്റടി ഗ്രാമവും, വെളിച്ചിയാനി ഇടവകയും, അലന്‍ പഠിക്കുന്ന എടക്കുന്നം ഗവണ്‍മെന്റ് സ്‌കൂളും, റീന ജോലി ചെയ്തിരുന്ന മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുമാണ് സാമ്പത്തീക പിന്തുണയുമായി കൂടെ നിന്നത്. സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിച്ച ഒരുപിടി നല്ല മനുഷ്യരുടെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ഡോ. ബിജു ചന്ദ്രന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ അലനും, അമ്മ റീനയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ചികിത്സയുടെ ഭാഗമായി നഷ്ടമായ പാഠഭാഗങ്ങള്‍ തിരികെ പിടിക്കാനുളള ശ്രമത്തിലാണ് അലന്.
ഒരുമയുടെ ഒരു കരള്‍ സ്റ്റോറി : അലന് ഇത് രണ്ടാം ജന്മം
മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് അബോധാവസ്ഥയില്‍ അലനേയും കൊണ്ട് അച്ഛന്‍ ഷൈന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തുകയായിരുന്നു. അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ ആണെന്ന് കണ്ടെത്തി.
New Update