ജെഫ് ബെസോസ്
ന്യൂഡല്‍ഹി: പ്രമുഖ രാജ്യാന്തര ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന് ഒരുദിവസം കൊണ്ട് നഷ്ടമായത് 1,520 കോടി ഡോളര്‍(ഏകദേശം 1.27 ലക്ഷം കോടി രൂപ). അമേരിക്കന്‍ ഓഹരി വിപണിയില്‍ ടെക് കമ്പനികള്‍ക്ക് പ്രാമുഖ്യമുള്ള നാസ്ഡാക് 100 സൂചിക വെള്ളിയാഴ്ച 2.4 ശതമാനം കൂപ്പുകുത്തിയതാണ് ലോകത്തെ ഏറ്റവും സമ്പന്നരുടെ ആസ്തിയില്‍ നഷ്ടം വരുത്തിയത്. ആമസോണിന്റെ ഓഹരി വില 8.8 ശതമാനം ഇടിഞ്ഞത് ബെസോസിന് തിരിച്ചടിയായി.
ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര സൂചിക പ്രകാരം ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായ അദ്ദേഹത്തിന്റെ ആസ്തി 19,100 കോടി ഡോളറായാണ് (15.99 ലക്ഷം കോടി രൂപ) കുറഞ്ഞത്. ആമസോണിന്റെ വിപണിമൂല്യത്തില്‍ നിന്ന് 13,400 കോടി ഡോളറും വെള്ളിയാഴ്ച ഒറ്റയടിക്ക് നഷ്ടമായി.
ജെഫ് ബെസോസിന്റെ ആസ്തിയില്‍ നിന്ന് ഒറ്റദിവസം ഇത്ര തുക നഷ്ടമാകുന്നത് ഇത് മൂന്നാം തവണയാണ്. 2019 ഏപ്രിലില്‍ 3,600 കോടി ഡോളര്‍ നഷ്ടമായിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു അത്. 2022 ഏപ്രിലില്‍ ആമസോണ്‍ ഓഹരി വില 14 ശതമാനം ഇടിഞ്ഞപ്പോഴും സമാന നഷ്ടമുണ്ടായി.