ലുലുവിന്റെ വമ്പന്‍ പദ്ധതികള്‍ക്ക് സ്ഥലം അനുവദിച്ച് ആന്ധ്ര

വിശാഖപട്ടണത്ത് ബീച്ച് റോഡിന് സമീപം ഹാര്‍ബര്‍ പാര്‍ക്കില്‍ 13.83 ഏക്കര്‍ സ്ഥലമാണ് ലുലുവിന് അനുവദിച്ചതെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇവിടെ 13.50 ലക്ഷം ചതുരശ്ര അടിയില്‍ ലുലു മെഗാ ഷോപ്പിങ് മാള്‍ നിര്‍മിക്കും

author-image
Biju
New Update
lulu

അമരാവതി:  യൂസഫലിയുടെ ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രയിലേക്ക്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ വിജയവാഡയിലും വിശാഖപട്ടണത്തും ഷോപ്പിങ് മാളുകള്‍ നിര്‍മിക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് സ്ഥലം അനുവദിച്ചു. നേരത്തേ, ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പരിഭവത്തോടെ 2,300 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ച്, ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് മടങ്ങിയിരുന്നു. പിന്നീട്, മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു ആണ് ലുലു ഗ്രൂപ്പിനെ തിരികെവിളിച്ചതും സ്ഥലം അനുവദിച്ചതും.

വിശാഖപട്ടണത്ത് ബീച്ച് റോഡിന് സമീപം ഹാര്‍ബര്‍ പാര്‍ക്കില്‍ 13.83 ഏക്കര്‍ സ്ഥലമാണ് ലുലുവിന് അനുവദിച്ചതെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇവിടെ 13.50 ലക്ഷം ചതുരശ്ര അടിയില്‍ ലുലു മെഗാ ഷോപ്പിങ് മാള്‍ നിര്‍മിക്കും. 4 നിലകളോട് കൂടിയ വിശാലമായ മാള്‍ ആണ് 1,066 കോടി രൂപ നിക്ഷേപത്തോടെ ലുലു ഒരുക്കുക. 2,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലെ പാര്‍ക്കിങ് ഏരിയ പ്രത്യേകതയായിരിക്കും. 
വിജയവാഡയില്‍ 156 കോടി രൂപ ചെലവിട്ടുള്ള മിനി ഷോപ്പിങ് മാള്‍ ആണ് ലുലു ഒരുക്കുക. ഇതിനായി 65 വര്‍ഷത്തേക്ക് സ്ഥലം പാട്ടത്തിനു അനുവദിച്ചു. പിന്നീട് 33 വര്‍ഷത്തേക്ക് കൂടി പാട്ടക്കാലാവധി ഉയര്‍ത്തും. 2.32 ലക്ഷം ചതുരശ്ര അടിയിലായിരിക്കും മാള്‍ ഉയരുക. 4 നിലകളുണ്ടാകും. പാര്‍ക്കിങ് ഏരിയയില്‍ 200 വാഹനങ്ങള്‍ ഉള്‍ക്കൊള്ളും. 120 റീട്ടെയ്ല്‍ ഷോപ്പുകളാകും ഈ മാളിലുണ്ടാവുക. 

ഇവിടെയും നിര്‍മാണം പൂര്‍ത്തിയാക്കാനെടുക്കുന്ന ആദ്യ 3 വര്‍ഷം അല്ലെങ്കില്‍ മാള്‍ തുറക്കുന്നതുവരെ വാടകരഹിതമായിരിക്കുമെന്ന് ആന്ധ്രപ്രദേശ് വ്യവസായ വകുപ്പ് വ്യക്തമാക്കി. വിശാഖപട്ടണത്തെ ഷോപ്പിങ് മാള്‍ സജ്ജമാകുമ്പോള്‍ 8,000ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കഴിഞ്ഞദിവസം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി വ്യക്തമാക്കിയിരുന്നു. വിജയവാഡയില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രവും ഒരുക്കാന്‍ ലുലുവിന് പദ്ധതിയുണ്ട്. ആന്ധ്രയില്‍ അമരാവതിയിലും ലുലുവിന്റെ നിക്ഷേപ പദ്ധതികള്‍ വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞദിവസം യൂസഫലിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

നേരത്തേ വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയ വമ്പന്‍ പദ്ധതികളായിരുന്നു ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്തിരുന്നത്. 2,300 കോടി രൂപയുടേതായിരുന്നു പദ്ധതി. 2014-19 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ഇതിനായി ലുലുവിന് സ്ഥലവും അനുവദിച്ചിരുന്നു.

എന്നാല്‍, 2019ല്‍ മുഖ്യമന്ത്രിയായ ജഗന്‍മോഹന്‍ റെഡ്ഡി ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചുപിടിച്ചു. ഇതോടെയാണ് ലുലു ആന്ധ്രയില്‍ നിന്ന് പിന്‍വാങ്ങിയതും. എന്നാല്‍, വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നായിഡു, ലുലു ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തി പദ്ധതി വീണ്ടെടുക്കുകയായിരുന്നു.

lulu