എയര്‍ കേരളയുടെ പറക്കല്‍ വൈകിയേക്കും

വിമാനങ്ങള്‍ നല്കണമെങ്കില്‍ ഒരു വര്‍ഷത്തെ വാടക മുന്‍കൂറായി നല്കുകയോ അല്ലെങ്കില്‍ 200 കോടി രൂപയുടെ ബാങ്ക് ബാലന്‍സ് കാണിക്കുകയോ വേണമെന്നാണ് പാട്ടക്കമ്പനികളുടെ ആവശ്യം

author-image
Biju
New Update
air

ന്യൂഡല്‍ഹി:  ജൂണ്‍ അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന എയര്‍ കേരളയ്ക്ക് തിരിച്ചടിയായി വിമാനങ്ങള്‍ പാട്ടത്തിന് നല്കുന്ന കമ്പനികളുടെ നിലപാട്. ജീവനക്കാര്‍ക്കുള്ള പരിശീലനം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയെങ്കിലും വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനുള്ള നീക്കങ്ങള്‍ സ്തംഭിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

വിമാനങ്ങള്‍ നല്കണമെങ്കില്‍ ഒരു വര്‍ഷത്തെ വാടക മുന്‍കൂറായി നല്കുകയോ അല്ലെങ്കില്‍ 200 കോടി രൂപയുടെ ബാങ്ക് ബാലന്‍സ് കാണിക്കുകയോ വേണമെന്നാണ് പാട്ടക്കമ്പനികളുടെ ആവശ്യം. ഇത്രയും വലിയ തുക കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് എയര്‍ കേരളയ്ക്കും മറ്റൊരു മലയാളി ബന്ധമുള്ള കമ്പനിയായ അല്‍ഹിന്ദ് എയറിനും തിരിച്ചടിയായത്.

മേയിലാണ് എയര്‍കേരളക്ക് അയാട്ട കോഡ് ലഭിച്ചത്. കെ.ഡി എന്ന കോഡിലാണ് കമ്പനി അറിയപ്പെടുക. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ ചെറു നഗരങ്ങള്‍ക്കിടയില്‍ ഡൊമസ്റ്റിക് സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകും. മൈസൂരു വിമാനത്താവളവുമായി കഴിഞ്ഞ വര്‍ഷം കരാര്‍ ഉണ്ടാക്കിയിരുന്നു.

സര്‍വീസ് തുടങ്ങാവുന്ന ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ എയര്‍ കേരളയ്ക്കും അല്‍ ഹിന്ദ് എയറിനും സ്വന്തമായി വിമാനം ഉണ്ടെന്ന് കാണിക്കണം. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) ലഭിക്കാന്‍ ഇത് അനിവാര്യമാണ്. ഇല്ലെങ്കില്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് അനുമതി ലഭിക്കില്ല.

ഇന്ത്യയില്‍ ചില വിമാന കമ്പനികള്‍ പ്രതിസന്ധിയിലായതും പാപ്പരത്ത നടപടികളിലേക്ക് പോയതുമൊക്കെയാണ് വിദേശ വിമാന കമ്പനികളുടെ കടുംപിടുത്തത്തിന് കാരണം. വിമാനങ്ങള്‍ പാട്ടത്തിന് കൊടുക്കുന്ന കമ്പനികള്‍ക്ക് കോടികള്‍ നല്കാനുള്ള ഇന്ത്യന്‍ കമ്പനികളുണ്ട്. പാപ്പരത്ത നടപടികളിലേക്ക് നീങ്ങിയതോടെ ഇവരുടെ പാട്ടത്തുകയും നഷ്ടപ്പെട്ടിരുന്നു.

air kerala