/kalakaumudi/media/media_files/2025/12/30/aramco-2025-12-30-14-12-20.jpg)
അമരാവതി: സൗദി അറേബ്യന്‍ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങളിലൊന്നുമായ സൗദി അറാംകോ ദക്ഷിണേന്ത്യയിലേക്ക് വമ്പന്‍ നിക്ഷേപവുമായി ചുവടുവയ്ക്കുന്നതായി റിപ്പോര്‍ട്ട്. പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ബിപിസിഎല്‍ സ്ഥാപിക്കുന്ന പുത്തന്‍ റിഫൈനറിയില്‍ 20% ഓഹരി പങ്കാളിത്തമാകും സൗദി അറാംകോ സ്വന്തമാക്കുക. ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപം അറാംകോ നടത്തിയേക്കും. പദ്ധതിയില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡും ചില ബാങ്കുകളും താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.
ഏകദേശം 96,000 കോടി രൂപയുടെ നിക്ഷേപത്തോടെ ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ രാമയ്യപട്ടണം തുറമുഖത്തിന് സമീപമാണ് റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലക്‌സ് ബിപിസിഎല്‍ സ്ഥാപിക്കുന്നത്. നിര്‍മാണച്ചെലവ് ലക്ഷം കോടി കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് സൗദി അറാംകോയോ ബിപിസിഎല്ലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പദ്ധതിക്കായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇതിനകം 6,000 ഏക്കര്‍ ഭൂമി കൈമാറിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ഇന്ധന ഡിമാന്‍ഡിനൊത്ത വിതരണം ഉറപ്പാക്കാനും പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയും ഉന്നമിട്ടാണ് ബിപിസിഎല്‍ പുത്തന്‍ പദ്ധതി സ്ഥാപിക്കുന്നത്. 9 മുതല്‍ 12 ദശലക്ഷം ടണ്‍ പ്രതിവര്‍ഷ സംസ്‌കരണശേഷിയുള്ളതാകും ആന്ധ്രയിലെ പ്ലാന്റ്. ഓയില്‍ ഇന്ത്യ 10% ഓഹരികളാകും സ്വന്തമാക്കിയേക്കുക. ബാങ്കുകള്‍ 4-5 ശതമാനവും. മൊത്തം 30-40% ഓഹരികള്‍ വില്‍ക്കാനാണ് ബിപിസിഎല്‍ ഉന്നമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗുജറാത്തില്‍ ഒഎന്‍ജിസി പുതുതായി സ്ഥാപിക്കുന്ന എണ്ണശുദ്ധീകരണ ശാലയിലും നിക്ഷേപം നടത്താന്‍ സൗദി അറാംകോയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ വിവിധ ഘട്ടങ്ങളിലായി 100 ബില്യന്‍ ഡോളര്‍ (ഏകദേശം 8.9 ലക്ഷം രൂപ) നിക്ഷേപിക്കാന്‍ 2019ല്‍ അറാംകോ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ആന്ധ്രയിലെ നിക്ഷേപവും.
കഴിഞ്ഞ ഏപ്രിലില്‍ സൗദി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയിലേക്ക് പതിറ്റാണ്ടുകളായി എണ്ണയിറക്കുമതി ചെയ്യുന്നുണ്ട് അറാംകോ. എണ്ണശുദ്ധീകരണ മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ അറാംകോയ്ക്കുണ്ടെന്നത് ഇന്ത്യന്‍ കമ്പനികള്‍ക്കും നേട്ടമാകും.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കമ്പനിയാണ് ബിപിസിഎല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുപ്രകാരം 27.44 ശതമാനമാണ് വിപണി വിഹിതം. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 6,443 കോടി രൂപയുടെ ലാഭം ബിപിസിഎല്‍ നേടിയിരുന്നു. കൊച്ചി (കൊച്ചി റിഫൈനറി), മുംബൈ, ബിന (മധ്യപ്രദേശ്) എന്നിവിടങ്ങളിലായി മൂന്ന് എണ്ണശുദ്ധീകരണ ശാലകളാണ് ബിപിസിഎല്ലിനുള്ളത്.
നേരത്തെ ബിപിസിഎലിന്റെ 46,200 കോടി രൂപ മതിക്കുന്ന 52.98 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും മുന്നോട്ടുപോയില്ല. ഇന്ന് ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോള്‍ 0.65% നഷ്ടവുമായി 370.95 രൂപയിലാണ് ബിപിസിഎല്‍ ഓഹരിയുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
