ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് തെളിയിക്കുന്നു: ഡോ. ആസാദ് മൂപ്പന്‍

ആരോഗ്യരംഗത്തെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 75,000 മെഡിക്കല്‍ സീറ്റുകള്‍ അധികം അനുവദിച്ച തീരുമാനം സ്വാഗതാര്‍ഹമാണ്. ആവശ്യത്തിന് ആശുപത്രി സൗകര്യങ്ങളില്ലാത്ത മേഖലകള്‍ക്ക് തീരുമാനം ഗുണംചെയ്യും.

author-image
Athira Kalarikkal
New Update
aster mims

Dr.Azad Moopen

 

രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതല്‍ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങള്‍ എത്തിക്കാന്‍ അനുവദിക്കുന്ന ബജറ്റാണ് ഇക്കൊല്ലം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും എളുപ്പത്തിലും താങ്ങാനാവുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് തെളിയിക്കുന്നു. ആരോഗ്യരംഗത്തെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 75,000 മെഡിക്കല്‍ സീറ്റുകള്‍ അധികം അനുവദിച്ച തീരുമാനം സ്വാഗതാര്‍ഹമാണ്. ആവശ്യത്തിന് ആശുപത്രി സൗകര്യങ്ങളില്ലാത്ത മേഖലകള്‍ക്ക് തീരുമാനം ഗുണംചെയ്യും.

ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി 200 ഡേകെയര്‍ കേന്ദ്രങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെ വേണം കാണാന്‍. കാന്‍സര്‍ ചികിത്സാരംഗത്തെ വികേന്ദ്രീകരിക്കുന്നതില്‍ ഈ ചുവടുവെയ്പ്പ് നിര്‍ണായകമാണ്. എല്ലാവര്‍ക്കും ആശ്രയിക്കാനാകുന്ന ഇടങ്ങളായി ഇവ മാറുമെന്ന് കരുതുന്നു. അര്‍ബുദത്താല്‍ കടുത്ത യാതനകള്‍ അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സ കൃത്യസമയത്ത് ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കും. കാന്‍സര്‍ മരുന്നുകള്‍ക്കും 36 ജീവന്‍രക്ഷാ മരുന്നുകള്‍ക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയത് പാവപ്പെട്ട രോഗികള്‍ക്ക് വലിയ സഹായമാകും. മറ്റ്  6 പ്രധാനമരുന്നുകള്‍ക്കും നികുതിയിളവ് നല്‍കിയിട്ടുണ്ട്. 

നല്ല ചികിത്സ തേടുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു കാരണമാകാന്‍ പാടില്ലെന്ന ഉദ്ദേശ്യലക്ഷ്യം ഇവിടെ പ്രകടമാണ്. അപൂര്‍വ്വരോഗങ്ങളാലും ഗുരുതരരോഗങ്ങളാലും ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് ഈ പ്രഖ്യാപനം. ഏറ്റവും ദുര്‍ബലജനവിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ തന്നെ കിട്ടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ദൃഢനിശ്ചയം ഒരിക്കല്‍ക്കൂടി ഇവിടെ വെളിവാകുന്നു. കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയുന്നവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച ഇ-ശ്രം ഹെല്‍ത്ത്‌കെയര്‍ ഇന്‍ഷുറന്‍സും വൈദ്യശാസ്ത്ര ഗവേഷണത്തിനും ജനിതക പഠനങ്ങള്‍ക്കും വേണ്ടി കൂടുതല്‍ തുക നീക്കിവെച്ചതും പൊതുജനാരോഗ്യ രംഗത്ത് കേന്ദ്ര സര്‍ക്കാരിനുള്ള ദീര്‍ഘദര്‍ശനമാണ് കാണിക്കുന്നത്. ''ഹീല്‍ ഇന്‍ ഇന്ത്യ'' പദ്ധതിയുടെ ഭാഗമായി ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നവര്‍ക്ക് വിസ ചട്ടങ്ങളില്‍ ഇളവുവരുത്തുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ ഇന്ത്യയെ ഒരു പ്രധാന മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍ ഈ തീരുമാനം സഹായിക്കും. രോഗികള്‍ക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഇത് ഗുണംചെയ്യും.

നമ്മുടെ ആരോഗ്യ രംഗത്തെ ഭാവിയിലെ വെല്ലുവിളികളെക്കൂടി നേരിടാന്‍ പ്രാപ്തിയുള്ളതാക്കി മാറ്റാന്‍ ഈ തീരുമാനങ്ങള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. വൈദ്യശാസ്ത്ര മേഖലയില്‍ നിലവില്‍ അടിയന്തിരമായി പരിഗണിക്കേണ്ട വിഷയങ്ങളിലേക്കും ഭാവിയിലേക്കുള്ള വികസനക്കുതിപ്പിലേക്കും ഒരുപോലെ വെളിച്ചം വീശുന്നതാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ്. 

കേരളത്തെക്കുറിച്ച്:


മെഡിക്കല്‍ ടൂറിസത്തിനായി ഇന്ത്യയിലെത്തുന്ന വിദേശികളുടെ വിസ ചട്ടത്തില്‍ ഇളവുകള്‍ വരുത്താനുള്ള തീരുമാനം കേരളത്തിന് ഏറെ ഗുണംചെയ്യും. വിദേശരാജ്യങ്ങളിലുള്ളവര്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി എക്കാലവും ആശ്രയിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ലോകോത്തര നിലവാരമുള്ള ആശുപത്രികളും സമഗ്രമായ ആരോഗ്യ-സംരക്ഷണ സൗഖ്യ കേന്ദ്രങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരും മെഡിക്കല്‍ ജീവനക്കാരും കേരളത്തിന്റെ കരുത്താണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആഗോളതലത്തില്‍ കേരളത്തിലെ ചികിത്സാസംവിധാനങ്ങള്‍ക്ക് മികച്ച പ്രതിച്ഛായയാണുള്ളത്. കേരളത്തെ ഒരു പ്രധാന മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനൊപ്പം നിരവധി പ്രാദേശിക ചെറുകിട ബിസിനസുകളുടെ വളര്‍ച്ചയ്ക്കും ഈ തീരുമാനം പ്രേരകമാകും. ഹോസ്പിറ്റാലിറ്റി രംഗത്തും മറ്റ് അനുബന്ധ മേഖലകളിലും അതിന്റെ നേട്ടങ്ങള്‍ പ്രതിഫലിക്കും. നിലവില്‍ നിരവധി വിദേശികള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ശൃംഖലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. മധ്യേഷ്യക്ക് പുറത്തേയ്ക്ക് വളരാനും പുതിയ വിപണികള്‍ കണ്ടെത്താനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിനെ സഹായിക്കുന്ന ഒരു തീരുമാനം കൂടിയാണ് ഇപ്പോഴത്തെ നിര്‍ണായക പ്രഖ്യാപനം. 

 

aster mims azad moopen