മരണാന്തര അവയവദാനം; കേരളത്തില്‍ അഭിമാനകരമായ മുന്നേറ്റം

കഴിഞ്ഞ ദിവസം മസ്തിഷ്‌കമരണം സ്ഥിരീകരിച്ച ഒന്‍പത് മാസം പ്രായമുള്ള ഐറിന്‍ ഷെറിന്റെ അവയവദാനം കൂടുതല്‍ പേരിലേക്ക് അവയവദാനത്തിന്റെ മഹത്യമെത്തിക്കുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

author-image
Biju
New Update
mims

കെ-സോട്ടോയുടെ നേതൃത്വത്തില്‍ നടന്ന ഡോക്ടര്‍മാരുടെയും ട്രാന്‍സ്പ്ലാന്റ് കോര്‍ഡനേറ്റര്‍മാരുടെയും ഏകദിന പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ആസ്റ്റര്‍ മിംസ് സിഒഒ ലുഖ്മാന്‍ പൊന്മാടത്ത് നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തില്‍ മസ്തിഷ്‌ക മരണം  സ്ഥിരീകരിക്കുന്നതിലെ സങ്കീര്‍ണ്ണതകളും പ്രായോഗിക വശങ്ങളും ഉപ്പെടുത്തിക്കൊണ്ട്  ഡോക്ടര്‍മാരുടെയും ട്രാന്‍സ്പ്ലാന്റ് കോര്‍ഡനേറ്റര്‍മാരുടെയും ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.  

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്ന മലബാര്‍ മേഖലയിലെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ പരിശീലനം സിഒഒ ലുഖ്മാന്‍ പൊന്മാടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെ ആറ് പേര്‍ മരണാന്തര അവയധാനത്തിലൂടെ മറ്റുള്ളവരുടെ ജീവതത്തിന് വെളിച്ചം നല്‍കിയിട്ടുണ്ടെന്നും അതില്‍ തന്നെ മൂന്ന് കുടുംബങ്ങള്‍ക്ക് അവയവം മാറ്റിവെച്ചുകൊണ്ട് ആശ്വാസം പകരാന്‍ ആസ്റ്റര്‍ മിംസിന് കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. 

കഴിഞ്ഞ ദിവസം മസ്തിഷ്‌കമരണം സ്ഥിരീകരിച്ച ഒന്‍പത് മാസം പ്രായമുള്ള ഐറിന്‍ ഷെറിന്റെ അവയവദാനം കൂടുതല്‍ പേരിലേക്ക് അവയവദാനത്തിന്റെ മഹത്യമെത്തിക്കുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണാന്തര അവയവദാനത്തില്‍ കേരളത്തില്‍ അഭിമാനകരമായ മുന്നേറ്റം വരുന്നതായിയും, 2023 മുതല്‍ 2025 വരെ കേരളത്തില്‍ 10,436 പേരും ഈവര്‍ഷം ഇതുവരെ ആയിരത്തോളം പേരും മരണാനന്തര അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കെ - സോട്ടോ ജോയിന്റ് ഡയറക്ടര്‍ ഡോ. ബേസില്‍ സാജു പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 42 പേര്‍ വൃക്കയും 45 പേര്‍ കോര്‍ണിയ നല്‍കി. കൂടാതെ 21 പേര്‍ കരളും,ഏഴുപേര്‍ ഹൃദയം നല്‍കിയപ്പോള്‍ രണ്ടുപേര്‍ കൈ ദാനം ചെയ്തതായി അദ്ദേഹം കൂട്ടി ചേര്‍ത്തു. മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും അവയവദാന പ്രക്രിയയില്‍ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ഇത്തരം പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ മിംസ് സിഎംഎസ് ഡോ. എബ്രാഹം മാമന്‍ പറഞ്ഞു. 

ഡോ.നൗഫല്‍ ബഷീര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്, ന്യൂറോ സര്‍ജറി, കോഴിക്കോട്ആസ്റ്റര്‍ മിംസ്),ഡോ. ശ്രുതി എസ്. ജയരാജ്  (കണ്‍സള്‍ട്ടന്റ് ക്രിട്ടിക്കല്‍ കെയര്‍, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റല്‍),ഡോ. അജിത് കെ. ഗോപാല്‍ (ചീഫ് & സീനിയര്‍ കണ്‍സള്‍ട്ടന്റ് ക്രിട്ടിക്കല്‍ കെയര്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍),ഡോ. എ.എസ് അനൂപ് കുമാര്‍ (ഡയറക്ടര്‍, ആസ്റ്റര്‍ നോര്‍ത്ത് കേരള ക്ലസ്റ്റര്‍ - ക്രിട്ടിക്കല്‍ കെയര്‍),കെ-സോട്ടോ ലീഗല്‍ അഡൈ്വസര്‍ അഡ്വ. അജിത് ജോയ്,ഡോ. കെ. പ്രസന്നന്‍ (പ്രൊഫസര്‍ & ഹെഡ്, ഫോറന്‍സിക് മെഡിസിന്‍, എം.ഇ.എസ് മെഡിക്കല്‍ കോളേജ്) തുടങ്ങിയവര്‍ മസ്തിഷ്‌കമരണവുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിലെ ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എസ്.എസ് നോബിള്‍ ഗ്രേഷ്യസ്, നോര്‍ത്ത് സോണ്‍ നോഡല്‍ ഓഫീസര്‍ ഡോ.വി.പി അനീബ് രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ട്രാന്‍സ്പ്ലാന്റ് മാനേജര്‍ ധന്യ ഡറ്റസ് പരിപാടിക്ക് നേതൃത്വം നല്‍കി.