/kalakaumudi/media/media_files/2025/10/04/img-20251004-wa0005-2025-10-04-11-48-58.jpg)
കാസർഗോഡ്: രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസർഗോഡ് പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഈ സ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.
​ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായിരുന്നു.
​190 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച, 264 കിടക്കകളുള്ള ഈ ആശുപത്രി, വടക്കൻ കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2.1 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ, 31 മെഡിക്കൽ സ്പെഷ്യാലിറ്റികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കാസർഗോഡും സമീപ പ്രദേശങ്ങളിലുമുള്ള ആളുകൾക്ക് ഏറ്റവും മികച്ചതും പ്രാപ്യവുമായ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ 600-ൽ അധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
​ആസ്റ്റർ മിംസ്: ഒരു വിശ്വസ്തബന്ധം
​ആശുപത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ആസ്റ്റർ, കേരളത്തിൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് നടത്തുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. "ദുബായിൽ ഒരു ക്ലിനിക്കായി തുടങ്ങിയ ആസ്റ്റർ, ഇന്ന് ഇന്ത്യയിലും ജിസിസിയിലും ജനങ്ങൾക്ക് ഏറെ വിശ്വാസമുള്ള സ്ഥാപനമായി വളർന്നു. കേരളത്തിലെ ജനങ്ങളുമായി വിശ്വാസത്തിൽ പടുത്തുയർത്തിയ ആത്മബന്ധമാണ് ആസ്റ്ററിനുള്ളത്. ആസ്റ്റർ മിംസ് കാസർഗോഡിലൂടെ ആ ബന്ധം കൂടുതൽ ദൃഢമാവുകയാണ്," മുഖ്യമന്ത്രി പറഞ്ഞു.
​ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനം പ്രദേശവാസികൾക്ക് കൂടുതൽ അടുത്തെത്തിയിരിക്കുകയാണെന്ന് കർണാടക ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു അഭിപ്രായപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ആസ്റ്റർ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ
​ഉന്നത നിലവാരത്തിലുള്ള ചികിത്സ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുക എന്നതാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ദർശനമെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. 1.5 ടി എംആർഐ, 160 സ്ലൈസ് സിടി സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ കേന്ദ്രമാണിത്.
​കൂടാതെ, ഹൃദയ, രക്തക്കുഴൽ ശസ്ത്രക്രിയകൾക്കും, ഗുരുതരമായ ഹൃദയ-ശ്വാസകോശ സംബന്ധമായ തകരാറുകൾക്കുള്ള എക്മോ (ECMO), ഇസിഎൽഎസ് (ECLS) ചികിത്സയ്ക്കും ഇവിടെ വിപുലമായ സൗകര്യങ്ങളുണ്ട്. പാമ്പുകടിക്ക് പ്രത്യേക പരിചരണം നൽകുന്നത് ഉൾപ്പടെയുള്ള അത്യാഹിത ചികിത്സകളും ലഭ്യമാണ്.
​20 കിടക്കകളുള്ള അത്യാഹിത വിഭാഗവും, 44 തീവ്രപരിചരണ വിഭാഗം (ICU) കിടക്കകളും, നവജാതശിശുക്കൾക്കായുള്ള 16 എൻഐസിയു കിടക്കകളും ഏഴ് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കീമോതെറാപ്പി ആവശ്യമുള്ളവർക്കായി 7 കിടക്കകളും ഡയാലിസിസ് ആവശ്യമുള്ളവർക്കായി 15 കിടക്കകളും ഇവിടെയുണ്ടാകും.
​കാസർഗോഡ് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടർ അനൂപ് മൂപ്പൻ ഉൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.