/kalakaumudi/media/media_files/2025/08/20/onam-2025-08-20-15-08-12.jpg)
തിരുവനന്തപുരം: ബാലരാമപുരം വസ്ത്രനിര്‍മ്മാണത്തിന്റെ പെരുമ അങ്ങ് കടല്‍ കടന്നും വ്യാപിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ബാലരാമപുരം കൈത്തറിക്ക് പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആവശ്യക്കാരണ് ഉള്ളത്. ഇക്കുറി ബാലരാമപുരം കൈത്തറിയുടെ വിഐപികളെക്കുറിച്ച് കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടും.
ഓണക്കോടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന് ബാലരാമപുരം കൈത്തറിയില്‍ റോയല്‍സാരിയും പ്രധാനമന്ത്രി നരേദ്ര മോദിക്ക് പൊന്നാടയുമാണ് ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാന്റ്റക്‌സിന് നല്‍കിയ ഓര്‍ഡര്‍ പ്രകാരമാണ് കല്ലിയൂര്‍ പെരിങ്ങമ്മല കേന്ദ്രമായ ജയ്കിഷ് ഹാന്റലൂം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഓര്‍ഡര്‍ ലഭിച്ചത്. നാലാം വര്‍ഷമാണ് പ്രധാനമന്ത്രി ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിമാര്‍ക്ക് കൈത്തറി വസ്ത്രങ്ങള്‍ നെയ്തു നല്‍കുന്നതെന്ന് സൊസൈറ്റി സെക്രട്ടറി വി. സന്തോഷ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സ്വര്‍ണ്ണ കസവില്‍ ടിഷ്യു മെറ്റീരിയലിലാണ് സാരി തയ്യാറായത്.
പ്രധാനമന്ത്രിക്ക് ടിഷ്യു മെറ്റീരിയലില്‍ സ്വര്‍ണ്ണ കസവ് കള്ളികളായും അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും കസവുകള്‍ ഇടകലര്‍ത്തി കള്ളികളായും നെയ്ത പൊന്നാടയാണ് തയ്യാറായത്.
15 റോയല്‍സാരികള്‍ 110 പൊന്നാട,15 റോയല്‍ പൊന്നാട എന്നിവയാണ് കൈത്തറി കലാകാരന്മാര്‍ നെയ്‌തെടുത്തത്. 15 ഓളം കൈത്തറി നെയ്ത്തുകാര്‍ 20 ദിവസം കൊണ്ടാണ് ഇവ തയ്യാറാക്കിയത്. നെയ്‌തെടുത്ത വസ്ത്രങ്ങള്‍ വ്യാഴാഴ്ച ഹാന്റക്‌സിന് കൈമാറും. ഇവിടെ നിന്നും സംസ്ഥാനത്തെ വിവിധ കലാശില്പങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ അടങ്ങിയ ഗിഫ്റ്റ് ബോക്‌സായാണ് നല്‍കുന്നത്. ഓണക്കോടിയായി കസവ് വസ്ത്രം തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷം തോന്നുന്നുവെന്ന് സന്തോഷ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
