/kalakaumudi/media/media_files/2026/01/26/boi-2026-01-26-09-26-40.jpg)
മുംബൈ: 2026 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) മികച്ച നേട്ടവുമായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. മുന്‍വര്‍ഷം ഇതേ കാലയളവിലെ 2,517 കോടി രൂപയില്‍ നിന്ന് ബാങ്കിന്റെ അറ്റാദായം 7.47 ശതമാനം വര്‍ദ്ധിച്ച് 2,705 കോടി രൂപയായി. പലിശ ഇതര വരുമാനത്തിലുണ്ടായ ഗണ്യമായ വളര്‍ച്ചയും ആസ്തികളുടെ ഗുണനിലവാരത്തിലുണ്ടായ പുരോഗതിയുമാണ് ലാഭത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.
ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 6.43 ശതമാനം വര്‍ദ്ധിച്ച് 6,461 കോടി രൂപയായി. പലിശ ഇതര വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഉയര്‍ന്ന് 2,279 കോടി രൂപയിലെത്തി. ബാങ്കിന്റെ ലാഭക്ഷമത സൂചിപ്പിക്കുന്ന നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ (NIM) മുന്‍ പാദത്തിലെ 2.41 ശതമാനത്തില്‍ നിന്ന് 2.57 ശതമാനമായി മെച്ചപ്പെട്ടു.
വായ്പകളുടെ ഗുണനിലവാരത്തിലും ബാങ്ക് പുരോഗതി രേഖപ്പെടുത്തി. മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 2.26 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.60 ശതമാനമാണ്. ബാങ്കിന്റെ ആഗോള ബിസിനസ് 16.27 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു. ആഭ്യന്തര വായ്പകളില്‍ 15.16 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍, റീട്ടെയില്‍ വായ്പകള്‍ 20.64 ശതമാനവും കാര്‍ഷിക വായ്പകള്‍ 16.69 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ആദ്യ ഒമ്പത് മാസത്തിനുള്ളില്‍ ബാങ്ക് 7,500 കോടി രൂപ ലാഭം നേടിയെന്നും, ഇത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ ബാങ്കിനെ സഹായിക്കുമെന്നും എം.ഡിയും സി.ഇ.ഒയുമായ രജനീഷ് കര്‍ണാടക് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
